
ബംഗാൾ ക്രിക്കറ്റ് അണ്ടർ 23 ടീമിന്റെ പരിശീലകനാകാൻ ഇന്ത്യൻ മുൻ താരം വൃദ്ധിമാൻ സാഹ. നിലവിലെ പരിശീലകൻ പ്രണബ് റോയിക്ക് പകരമാണ് സാഹ സ്ഥാനമേറ്റെടുക്കുക. ഔദ്യോഗികമായി സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ബംഗാൾ ക്രിക്കറ്റ് അധികൃതർ സാഹയുമായി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ പുതിയ ചുമതല ഏറ്റെടുക്കാൻ താൽപര്യം അറിയിച്ചെന്നും സൂചനയുണ്ട്.
ഈ വർഷം ഫെബ്രുവരിയിലാണ് സാഹ ക്രിക്കറ്റിന്റെ എല്ലാ രൂപത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ബംഗാൾ താരമായാണ് സാഹ അവസാനമായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം നവംബറിലും സാഹ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 53 ഇന്നിംഗ്സുകളിൽ നിന്നായി 1,353 റൺസാണ് സാഹയുടെ സമ്പാദ്യം. ബാറ്ററായി അധികം തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ സാഹയുടെ മികവ് ഏറെ ശ്രദ്ധേയമായിരുന്നു. 2017ൽ ഓസ്ട്രേലിയൻ താരം സ്റ്റീഫൻ ഒകീഫിയെ പിടികൂടാനായി സാഹ നടത്തിയ സാഹസിക ഡൈവ് ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 170 മത്സരങ്ങളിൽ സാഹ കളത്തിലെത്തി. അഞ്ച് വ്യത്യസ്ത ടീമുകൾക്കായി കളിച്ചു. 2008ലെ ആദ്യ പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായി സാഹ കളി തുടങ്ങി. പിന്നെ ചെന്നൈ സൂപ്പർ കിങ്സിലും പഞ്ചാബ് കിങ്സിലും സൺറൈസേഴ്സ് ഹൈദരാബാദിലും കളിച്ചു. കഴിഞ്ഞ സീസൺ വരെയും ഗുജറാത്ത് ടൈറ്റൻസിന്റെ താരമായി കളി തുടർന്നു. 2011ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും 2022ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ ചാംപ്യനായി.
Content Highlights: Wriddhiman Saha set to begin coaching journey