IPL 2025; പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് ആകാശ് ചോപ്ര

സീസണിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾക്കായുള്ള മത്സരം ചൂടുപിടിച്ചിരിക്കുകയാണ്

dot image

ഐപിഎൽ 2025 സീസൺ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സീസണിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾക്കായുള്ള മത്സരം ചൂടുപിടിച്ചിരിക്കുകയാണ്, യോഗ്യത നേടിയ നാല് ടീമുകളും ഇതിന് വേണ്ടിയുള്ള മത്സരത്തിലുണ്ട്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള 69-ാം മത്സരത്തിന് മുന്നോടിയായായിരുന്നു ചോപ്രയുടെ പ്രവചനം. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്നും ടൂർണമെന്റിന്റെ ഫൈനലിൽ ഇരുവരും തന്നെ ഏറ്റുമുട്ടുമെന്നും മുൻ ഓപ്പണർ പറഞ്ഞു.

ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിച്ച മുംബൈ ഇന്ത്യൻസ് സീസണിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയാണ് വന്നത്. മുംബൈ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒരിടവും ഫൈനൽ ബെർത്തും അർഹിക്കുന്നു. ചരിത്രത്തിൽ ഇതുവരെ കിരീടമില്ലാത്ത ആർസിബിയും ആദ്യ രണ്ട് സ്ഥാനങ്ങളിലും ഫൈനലിലും വരും, ചോപ്ര കൂട്ടിച്ചേർത്തു.

ഇന്ന് ജയ്പൂരിൽ നടക്കുന്ന അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയാൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുള്ള സുവർണ്ണാവസരമുണ്ട്. മത്സരത്തിൽ മുംബൈ വിജയിച്ചാൽ, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പാക്കുകയും ചെയ്യും, ഇത് ടൂർണമെന്റിന്റെ ഫൈനലിലേക്ക് കടക്കാൻ അവർക്ക് രണ്ട് അവസരങ്ങൾ നൽകും.

മറുവശത്ത്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ (എൽഎസ്ജി) അവസാന ലീഗ് മത്സരം ജയിച്ചുകൊണ്ട് ആർസിബിക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. അതിനാൽ, ആദ്യ രണ്ട് സ്ഥാനങ്ങൾ നേടാനും മെയ് 29 ന് നടക്കുന്ന ക്വാളിഫയർ 1 ൽ കളിക്കാനും സാധിക്കും. ഇതോടെ
ക്വാളിഫയർ 1 പോരാട്ടം മുംബൈയും ആർസിബിയും ആയിരിക്കും. ഇതിൽ ആര് തോറ്റാലും ക്വാളിഫയർ 2 വിലൂടെ ഫൈനലിലെത്താൻ വീണ്ടും സാധ്യത ലഭിക്കും. ഇതാണ് ചോപ്ര ചൂണ്ടിക്കാട്ടിയത്.

Content Highlights: Aakash Chopra reveals his top 2 teams and finalists of IPL 2025

dot image
To advertise here,contact us
dot image