'പ്രകടനത്തിനേക്കാൾ മുഖ്യം പെരുമാറ്റമാണ്'; ക്യാപ്റ്റൻ ഗില്ലിന് ഉപദേശവുമായി ഗാവസ്കർ

അടുത്ത മാസം നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ​ഗിൽ നയിക്കുക.

dot image

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ ഇന്ത്യൻ നായകൻ സുനിൽ ​ഗാവസ്കർ. ഇന്ത്യൻ ടീമിൽ അംഗമാകുന്നത് പോലെയോ പ്രകടനം കാഴ്ച്ച വെക്കുന്നത് പോലെയോ എളുപ്പമല്ല ക്യാപ്റ്റൻ ജോലിയെന്നും അതിന് അതിന്റെതായ സമ്മർദ്ദമുണ്ടെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി.

'നിങ്ങളൊരു ഇന്ത്യന്‍ ടീം താരമാണെങ്കില്‍ സഹതാരങ്ങളുമായി ഒരുപാട് ഇടപെടാനുണ്ടാകും. ഒരു നായകനെന്ന നിലയില്‍ നിങ്ങളുടെ സമീപനം ഏറെ പ്രധാനപ്പെട്ടതായിരിക്കും. പ്രകടനത്തേക്കാള്‍ പ്രധാന്യം ക്യപ്റ്റനെന്ന നിലയിലുള്ള പെരുമാറ്റത്തിനാണ്. സഹ താരങ്ങളുടെ ബഹുമാനം നേടാന്‍ തക്ക വിധത്തിലുള്ള തീരുമാനങ്ങളും നടപടികളും ക്യാപ്റ്റനെന്ന നിലയില്‍ സ്വീകരിക്കുന്നിടത്താണ് സ്ഥാനം വിജയിക്കുന്നത്', ഗാവസ്‌കര്‍ പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനാണ് ​ഗിൽ. 25 വർഷവും 285 ദിവസവും പ്രായമുള്ളപ്പോഴാണ് ​ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് നായകനാകുന്നത്. അടുത്ത മാസം നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ​ഗിൽ നയിക്കുക. വിദേശമണ്ണിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ​ഗില്ലിനും ഇന്ത്യയ്ക്കും നിർണായകമാണ്. സമീപകാലത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരാജയവും വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവവുമാണ് ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയെ അലട്ടുന്ന കാര്യങ്ങൾ.

Content Highlights: Sunil Gavaskar's message to captain Shubman Gill

dot image
To advertise here,contact us
dot image