വൈഭവ് സൂര്യവംശി കാലില്‍ തൊട്ടപ്പോള്‍ എന്തുതോന്നി?; രസകരമായി ധോണിയുടെ മറുപടി

വൈഭവ് തന്റെ കാലില്‍ തൊട്ടതിനെകുറിച്ച് സംസാരിക്കുകയാണ് എം എസ് ധോണി

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി ചെന്നൈയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടിയത് വാര്‍ത്തയായിരുന്നു. രാജസ്ഥാന്‍- ചെന്നൈ മത്സരത്തിന് ശേഷമായിരുന്നു സംഭവം. മത്സരത്തിനൊടുവില്‍ കളിക്കാര്‍ പതിവ് ഹസ്തദാനം നടത്തുമ്പോള്‍ ചെന്നൈ നായകന് അരികിലെത്തിയ വൈഭവ് ധോണിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടിയത് വ്യത്യസ്തമായ കാഴ്ചയായി.

ഇപ്പോള്‍ വൈഭവ് തന്റെ കാലില്‍ തൊട്ടതിനെകുറിച്ച് സംസാരിക്കുകയാണ് എം എസ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന ചെന്നൈയുടെ സീസണിലെ അവസാന മത്സരത്തിന് ശേഷം സംസാരിക്കവേയായിരുന്നു ധോണിയുടെ പ്രതികരണം. വൈഭവ് അങ്ങനെ ചെയ്തപ്പോള്‍ തനിക്ക് പ്രായമായതായി തോന്നിയെന്നാണ് ധോണി പറഞ്ഞത്. എന്നാല്‍ തനിക്ക് ലഭിക്കുന്ന സ്‌നേഹത്തില്‍ ധോണി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

'വൈഭവ് കാലില്‍ തൊട്ടപ്പോള്‍ എനിക്ക് പ്രായമായി എന്ന് എന്തായാലും തോന്നുമല്ലോ', ധോണി പറഞ്ഞു. 'ഞാന്‍ ആന്ദ്രേ സിദ്ധാര്‍ത്ഥിനോട് എത്ര വയസ്സായി എന്ന് ചോദിച്ചിരുന്നു. താങ്കളേക്കാള്‍ കൃത്യം 25 വയസ്സ് കുറവാണ് എന്നാണ് അവന്‍ പറഞ്ഞത്', ധോണി കൂട്ടിച്ചേര്‍ത്തു.

സീസണില്‍ ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച വൈഭവ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 206 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സ് നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ റെക്കോര്‍ഡ് സെഞ്ച്വറിയിലാണ് വൈഭവ് സൂര്യവംശി തന്റെ പ്രതിഭ അടയാളപ്പെടുത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും മിന്നും പ്രകടനമാണ് 14കാരന്‍ വൈഭവ് സൂര്യവംശി നടത്തിയത്. 33 പന്തില്‍ നാല് സിക്സും നാല് ഫോറും അടക്കം 57 റണ്‍സ് നേടിയ വൈഭവ് തന്നെയായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. അതേസമയം പതിവില്‍ നിന്ന് വ്യത്യസ്തമായി പവര്‍ പ്ലേയില്‍ കണ്ണും പൂട്ടി അടിക്കാന്‍ ശ്രമിക്കാതെ പക്വതയുള്ള ഷോട്ടുകള്‍ കളിച്ചാണ് വെെഭവ് റണ്‍സ് ഉയര്‍ത്തിയിരുന്നത്.

Content Highlights: How did you feel when Vaibhav Suryavanshi touched your feet?; Dhoni's interesting response

dot image
To advertise here,contact us
dot image