'ഡഗൗട്ടില്‍ നിന്ന് മത്സരങ്ങള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു'; നിർണായക അപ്ഡേറ്റുമായി സഞ്ജു

സഞ്ജുവിന്റെ പരിക്ക് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നല്‍കിയത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്തരായ പഞ്ചാബ് കിംഗ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. വൈകിട്ട് 3.30ന് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് രാജസ്ഥാനും പഞ്ചാബും ഏറ്റുമുട്ടുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരവും റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ തിരിച്ചെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഐപിഎല്ലിനിടെ പരിക്കേറ്റത് കാരണം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളാണ് സഞ്ജു സാംസണ് നഷ്ടമായത്. ഇപ്പോള്‍ സഞ്ജു തന്നെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. താന്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസായെന്നും റോയല്‍സിന് വേണ്ടി കളത്തില്‍ ഇറങ്ങുമെന്നുമാണ് സഞ്ജു പറയുന്നത്.

'ഞാന്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായിട്ടുണ്ട്. അതുകൊണ്ടുതന്നെ റോയല്‍സിന്റെ അടുത്ത മത്സരം മുതല്‍ ഞാനും ഉണ്ടാകും. ഡഗൗട്ടില്‍ നിന്ന് മത്സരങ്ങള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. നിരവധി നിര്‍ണായക മത്സരങ്ങള്‍ എനിക്ക് നഷ്ടമായി, അത് കാര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കി', മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

'ടീം പരാജയപ്പെടുന്നത് കാണുന്നതും കളിക്കളത്തില്‍ സംഭാവന നല്‍കാന്‍ കഴിയാത്തതും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം ഒരു ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ഇപ്പോള്‍ പോസിറ്റീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്,' സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റെ പരിക്ക് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നല്‍കിയത്. സൂപ്പര്‍ ഓവേറിലേക്ക് വരെ കടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണ് സഞ്ജു സാംസണ്‍ വാരിയെല്ലിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആകുന്നത്. അതിനു ശേഷം വൈഭവ് സൂര്യവംശി എന്ന താരം എത്തി റെക്കോഡുകള്‍ സ്വന്തമാക്കി എങ്കിലും റോയല്‍സിന് തിളങ്ങാന്‍ സാധിച്ചില്ല. പ്ലേ ഓഫില്‍ നിന്ന് ഔദ്യോഗികമായി പുറത്തായെങ്കിലും ഇപ്പോള്‍ സഞ്ജു തിരിച്ചെത്തുന്നതോടെ പത്താം സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിക്കരുത് എന്ന ലക്ഷ്യമായിരിക്കും റോയല്‍സിനുള്ളത്.

Content Highlights: IPL 2025: Sanju Samson on his return

dot image
To advertise here,contact us
dot image