'പണ്ട് ധോണിയില്‍ കണ്ടിരുന്ന ആ 'സ്പാർക്ക്' ഇപ്പോഴില്ല'; വിലയിരുത്തലുമായി മുന്‍ ഓസീസ് താരം

നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ധോണിക്ക് 2025 സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല

dot image

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നിലവിലെ നായകനുമായ എം എസ് ധോണിക്ക് മുന്‍പുള്ളതുപോലെ ഒരു സ്പാര്‍ക്ക് ഇല്ലെന്ന് മുന്‍ ഓസീസ് താരം ടോം മൂഡി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വളരെ മോശം അവസ്ഥയിലൂടെയാണ് ധോണി നയിക്കുന്ന ചെന്നൈ ടീം കടന്നുപോകുന്നത്. ഇതിനോടകം തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ചെന്നൈയുടെ യുവക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ടീമിന്റെ നായകസ്ഥാനം ധോണി ഏറ്റെടുത്തിരുന്നു. എന്നിട്ടുപോലും ടീമിനെ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിലേക്കും ലീഗ് ഘട്ടം കടക്കുന്നതിലേക്കും നയിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. ഇതിനുപിന്നാലെയായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പ്രതികരണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കോച്ചുമായിരുന്ന ടോം മൂഡി രംഗത്തെത്തിയത്.

'ഓരോ ക്രിക്കറ്റ് ടീമും അവരെ നയിക്കുന്ന താരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. എം എസ് ധോണി വളരെക്കാലമായി ശക്തനായ ക്യാപ്റ്റന്‍ തന്നെയാണ്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു തീയുണ്ട്. ചിലപ്പോള്‍ അത് മങ്ങുകയും അപ്രത്യക്ഷമാവുകയും ചെയ്യാം. അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ സ്വയം പിന്മാറണം', ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ ടൈംഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ മൂഡി പറഞ്ഞു.

'ഞാന്‍ കാണുന്നത് തന്നെയാണോ ശരിയെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ധോണിയില്‍ നമ്മള്‍ കാണുന്ന ഒരു സ്പാര്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്', മൂഡി കൂട്ടിച്ചേര്‍ത്തു.

നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ധോണിക്ക് 2025 സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 180 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാന്‍ സാധിച്ചത്. 25.71 ആവറേജും 140.62 സ്ട്രൈക്ക് റേറ്റുമാണ് താരത്തിന് ഈ സീസണിലുള്ളത്. ഒരു അര്‍ധ സെഞ്ച്വറി പോലും പതിനെട്ടാം സീസണില്‍ ധോണിക്ക് നേടാനായിട്ടില്ല.

Content Highlights: “Spark is not there,” Tom Moody shares his assessment of MS Dhoni in IPL 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us