ചിന്നസ്വാമി വെള്ളക്കടലാകുമെന്ന് ഉറപ്പ്; കിങ് കോഹ്‌ലിക്ക് ആദരം അര്‍പ്പിക്കാന്‍ ആര്‍സിബി ആരാധകര്‍

ചിന്നസ്വാമിയില്‍ ആര്‍സിബി ആരാധകര്‍ ഇന്ന് വെള്ള ജേഴ്സി അണിഞ്ഞെത്തും

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ ഇന്ന് പുനഃരാരംഭിക്കുകയാണ്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് ആദരമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് ആരാധകര്‍. ശനിയാഴ്ച നടക്കുന്ന മത്സരത്തിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ കോഹ്‌ലിയുടെ 18-ാം നമ്പര്‍ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞാണ് എത്തുക.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വിരാട് കോഹ്‌ലി ആദ്യമായി കളത്തിലിറങ്ങുകയാണ്. കോലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിന് വേണ്ടിയാണ് വെള്ള ജേഴ്‌സി ധരിക്കുന്നത്. ഇതോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ പരിസരത്ത് കോഹ്‌ലിയുടെ ടെസ്റ്റ് ജേഴ്‌സികളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്.

വെള്ളിയാഴ്ച മുതലേ സ്റ്റേഡിയത്തിന് പുറത്ത് നിരവധി തെരുവുകച്ചവടക്കാര്‍ കോഹ്‌ലിയുടെ ടെസ്റ്റ് ജേഴ്‌സി വില്‍പ്പന നടത്തുകയാണ്. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ജേഴ്‌സി വാങ്ങാനെത്തുന്നതും. ഇതോടെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചിന്നസ്വാമി സ്‌റ്റേഡിയം വെള്ളക്കടലാകുമെന്ന് ഉറപ്പിക്കാം.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനായി സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ടെസ്റ്റ് ജേഴ്‌സിയോ പൂര്‍ണമായും വെള്ള നിറത്തിലുള്ള വസ്ത്രമോ ധരിച്ചുവരാന്‍ ഒരുകൂട്ടം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരുന്നു. ബെംഗളൂരു ആരാധകരുടെ ഈ നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയും ശ്രദ്ധയും ലഭിച്ചിരുന്നു.

Content Highlights: Virat Kohli’s Test Jersey Hits Streets As RCB Fans Plan Tribute At Chinnaswamy

dot image
To advertise here,contact us
dot image