
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പിങ്ക് ടി20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ എമറാൾഡും പേൾസും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തിൽ പേൾസിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനക്കാരായാണ് എമറാൾഡ് ഫൈനലിലേക്ക് മുന്നേറിയത്. എമറാൾഡിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി പേൾസും ഫൈനലിലെത്തി.
തങ്ങളുടെ അവസാന മത്സരത്തിൽ സാഫയറിനെ തോല്പിച്ച് ആംബർ പോയിൻ്റ് നിലയിൽ പേൾസിന് ഒപ്പമെത്തിയിരുന്നു. സാഫയറിനെതിരെ നാല് വിക്കറ്റിനായിരുന്നു ആംബർ വിജയം സ്വന്തമാക്കിയത്. എന്നാൽ മികച്ച റൺറേറ്റിൻ്റെ ആനുകൂല്യത്തിൽ പേൾസ് ഫൈനലിന് യോഗ്യത നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സാഫയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. ക്യാപ്റ്റൻ അക്ഷയ സദാനന്ദനും അനന്യ പ്രദീപുമാണ് സാഫയറിന് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത്. അക്ഷയ 51 പന്തുകളിൽ നിന്ന് 58 റൺസും അനന്യ 23 റൺസും അടിച്ചെടുത്തു. ആംബറിന് വേണ്ടി ദർശന മോഹനനും ദേവനന്ദയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ആംബറിന് 44 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സജന സജീവിൻ്റെ ഇന്നിങ്സാണ് വിജയമൊരുക്കിയത്. അൻസു സുനിൽ 24 റൺസും ശീതൾ വി ജെ 20 റൺസും സ്വന്തമാക്കി. സാഫയറിന് വേണ്ടി മാനസ്വി പോറ്റി മൂന്ന് വിക്കറ്റ് വീഴ്ത്തി. സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.
രണ്ടാം മത്സരത്തിൽ എമറാൾഡിനെതിരെ ബാറ്റിങ് തകർച്ച നേരിട്ട പേൾസ് 72 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അനുഷ്ക സി വിയുടെ ബൌളിങ് മികവാണ് പേൾസ് ബാറ്റിങ് നിരയെ തകർത്തത്. 17 റൺസെടുത്ത ദിവ്യ ഗണേഷാണ് പേൾസിൻ്റെ ടോപ് സ്കോറർ. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല നൗഷാദ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 12ആം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല 20 റൺസ് നേടി. സായൂജ്യ സലിലൻ 17ഉം അലീന സുരേന്ദ്രൻ 14ഉം റൺസ് നേടി പുറത്താകാതെ നിന്നു. പേൾസിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ രാവിലെ പത്ത് മണിക്കാണ് എമറാൾഡും പേൾസും തമ്മിലുള്ള ഫൈനൽ.
Content Highlights: KCA Pink Tournament: Emerald and Pearls to clash in the final