ഐപിഎല്ലില്‍ ഡല്‍ഹിക്ക് തിരിച്ചടി; ജേക്ക് ഫ്രേസര്‍ മക്ഗര്‍ഗ് കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിച്ച് ടീം

മക്ഗര്‍ഗ് ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ പുനഃരാരംഭിക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓപണര്‍ ജേക്ക് ഫ്രേസര്‍ മക്ഗര്‍ഗ് ഇനി ഈ സീസണില്‍ കളിക്കില്ല. ഓസ്‌ട്രേലിയയുടെ യുവ ബാറ്ററായ മക്ഗര്‍ഗ് ടീമിനൊപ്പം വീണ്ടും ചേരില്ലെന്ന് അറിയിച്ചിരിക്കുകയാണ്. മക്ഗര്‍ഗിന് പകരക്കാരനായി ബംഗ്ലാദേശ് ഫാസ്റ്റ് ബോളര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ടീമിന്‍റെ ഭാഗമായി ചേരുമെന്ന് ക്യാപിറ്റല്‍സ് ഔദ്യോഗികമായി അറിയിച്ചു.

അതേസമയം ഒന്‍പത് കോടി രൂപ നല്‍കി ഡല്‍ഹി ടീമിലെത്തിച്ച മക്ഗര്‍ഗ് ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ആറ് മത്സരങ്ങളില്‍ നിന്ന് 55 റണ്‍സ് മാത്രം നേടിയ താരത്തിന് കഴിഞ്ഞ സീസണിലെ ഫോമിലേക്ക് ഇത്തവണ എത്താന്‍ സാധിച്ചിരുന്നില്ല. ചെന്നൈ ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ട്ടണ് പിന്നാലെ ഈ വര്‍ഷം ഐപിഎലില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെ വിദേശ താരമാണ് ജേക്ക് ഫ്രേസര്‍.

പ്ലേഓഫ് സാധ്യത നിലനിര്‍ത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മക്ഗര്‍ഗിന് പുറമേ മിച്ചല്‍ സ്റ്റാര്‍ക്ക്, ഫാഫ് ഡു പ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരുടെ ലഭ്യതയും ആശങ്കയിലാണ്. ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ അംഗമായ സ്റ്റബ്‌സ് മെയ് 25 ന് ശേഷം ഐപിഎല്ലില്‍ തുടരാന്‍ സാധ്യതയില്ല.

അതേസമയം മെയ് 17ന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പുനഃരാരംഭിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മേയ് 18നാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹിയുളളത്. 11 കളികളില്‍ ആറ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്. പ്ലേഓഫ് ഉറപ്പിക്കാന്‍ ഇനിയുളള മത്സരങ്ങള്‍ അവര്‍ക്ക് ജയിച്ചേ പറ്റൂ. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മത്സരത്തില്‍ നിലവാരം പുലര്‍ത്താന്‍ അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹിക്ക് സാധിച്ചിരുന്നു.

Content Highlights: Delhi Capitals Rule Out Jake Fraser-McGurk From IPL 2025 Remainder

dot image
To advertise here,contact us
dot image