വെള്ളാനകളുടെ നാടിന്റെ ഹിന്ദി റീമേക്ക് കണ്ട് കരച്ചില്‍ വന്നു; കടുത്ത വിമര്‍ശവുമായി ഋഷിരാജ് സിംഗ്

'സത്യന്‍ അന്തിക്കാടിനെ പോലെയുള്ള സംവിധായകരാണ് മലയാളി മനസിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായിച്ചത്'

dot image

മലയാളത്തില്‍ ഹിറ്റായ പല ചിത്രങ്ങളും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അവയുടെ അന്തസത്തയും ആഖ്യാനത്തിലെ ഭംഗിയും പൂര്‍ണമായും നഷ്ടപ്പെടുന്നതായി പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പല ഒറിജിനല്‍ സിനിമകളെയും വളരെ വികലമായ രീതിയില്‍ അവതരിപ്പിക്കുന്നുവെന്ന്, മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികളും അഭിപ്രായപ്പെടാറുണ്ട്.

ഇപ്പോള്‍ മുന്‍ സംസ്ഥാന ജയില്‍ ഡിജിപി ഋഷിരാജ് സിംഗും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തിയ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഘട്ടാ മീട്ടയെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഋഷിരാജ് സിംഗിന്റെ പ്രതികരണം.

'പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ള മലയാള സിനിമകളൊക്കെയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ ആഖ്യാന രീതി മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ഉദാഹരണത്തിന് വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിന്റെ റീമേക്കാണ് ഘട്ടാ മീട്ട. പക്ഷേ ഒറിജിനല്‍ വേര്‍ഷനോട് നീതിപുലര്‍ത്താന്‍ ആ സിനിമയ്ക്ക് ആയിട്ടില്ല. ആ സിനിമയുടെ റീമേക്ക് കണ്ടിട്ട് എനിക്ക് കരച്ചില്‍ വന്നു,' ഋഷിരാജ് സിംഗ് പറയുന്നു.

സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകര്‍ ജീവിതത്തില്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തെ പോലുള്ള സംവിധായകരാണ് മലയാളി മനസ്സിനെ കൂടുതല്‍ അടുത്തറിയാന്‍ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊലീസില്‍ നിന്നും വിരമിച്ച ശേഷം കലാരംഗത്തേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് ഋഷിരാജ് സിംഗ്. നാലോളം തിരക്കഥകള്‍ തന്റെ കയ്യിലുണ്ടെന്നും അവയെല്ലാം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlights: Rishiraj Singh criticises Hindi remake of Vellanakalude Naadu, Khatta Meetha

dot image
To advertise here,contact us
dot image