'ബുംമ്രയ്ക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സി നല്‍കാത്തത് ഞെട്ടിച്ചു'; പിന്തുണയുമായി സഞ്ജയ് മഞ്ജരേക്കര്‍

സ്റ്റാര്‍ പേസര്‍ക്ക് പകരം മറ്റേതെങ്കിലും ഓപ്ഷന്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് മഞ്ജരേക്കര്‍ ചോദിച്ചു

dot image

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകാന്‍ ജസ്പ്രീത് ബുംമ്രയ്ക്ക് സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിച്ചുവെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയുടെ പിന്‍ഗാമിയാവാന്‍ ബുംമ്ര യോഗ്യനാണെന്ന നിലപാട് വ്യക്തമാക്കി മഞ്ജരേക്കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്റ്റാര്‍ പേസര്‍ക്ക് പകരം മറ്റേതെങ്കിലും ഓപ്ഷന്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് മഞ്ജരേക്കര്‍ ചോദിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 'ടെസ്റ്റ് ക്യാപ്റ്റനായി ബുംമ്രയല്ലാതെ മറ്റേതെങ്കിലും ഓപ്ഷന്‍ നമ്മള്‍ നോക്കുന്നത് എന്നെ ഞെട്ടിച്ചു! അദ്ദേഹത്തിന്റെ പരിക്കുകളെക്കുറിച്ച് ആശങ്കയുണ്ടോ? എങ്കില്‍ നിങ്ങളുടെ വൈസ് ക്യാപ്റ്റനെയെങ്കിലും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക,' മഞ്ജരേക്കര്‍ എഴുതി.

ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ബുംറ നയിച്ചിട്ടുണ്ട്. 2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ബുംമ്രയുടെ ക്യാപ്റ്റന്‍സി ഏറ്റവും മികച്ചുനിന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ടീമിനെ നയിച്ചത് ബുംമ്രയായിരുന്നു.

ഇതിനിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് പേസര്‍ ജസ്പ്രീത് ബുംമ്ര ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോലിഭാരത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് ബുംമ്ര പിന്‍മാറിയതെന്നാണ് സൂചന. അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കുന്നതിനൊപ്പം നായകസ്ഥാനവും ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് ബുംമ്ര ബിസിസിഐയെ അറിയിച്ചത്.

രോഹിത് ശര്‍മ വിരമിച്ചതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് കൂടുതലായി പരിഗണിക്കുന്നത് ശുഭ്മന്‍ ഗില്ലിന്റെ പേരാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ പേര് ഉപനായകസ്ഥാനത്തേയ്ക്കും പരിഗണിക്കപ്പെടുന്നു. എന്നാല്‍ വിദേശമണ്ണിലടക്കം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടുള്ളത് ഗില്ലിനെ മറികടന്ന് റിഷഭ് പന്തിന്റെ പേര് ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ഉയരുവാനിടയായി.

Content Highlights: Sanjay Manjrekar shocked by Test captaincy rumours, strongly backs Jasprit Bumrah

dot image
To advertise here,contact us
dot image