'സോറി, ഇത് വളരെ മോശം കഥയാണ്!'; ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ഷമി

രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും പിന്നാലെ ഷമിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്

dot image

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും പിന്നാലെ ഷമിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിരമിക്കല്‍ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി രംഗത്തെത്തിയിരിക്കുയാണ് ഷമി.

ഒരു മാധ്യമ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചായിരുന്നു ഷമിയുടെ പ്രതികരണം. 'വളരെ നന്നായി മഹാരാജ്, നിങ്ങളുടെ ജോലിയില്‍ ബാക്കിയുള്ള ദിവസങ്ങളും കൂടി എണ്ണുക. ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് നിങ്ങള്‍ കുറച്ചുപേരാണ്. ഇന്ന് കേട്ടതില്‍ വെച്ച് വളരെ മോശം കഥയാണ് ഇത്, സോറി', ഷമി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സുപ്രധാന മാറ്റങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഷമിയുടെ പ്രതികരണം. രോഹിത്തും കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 7 ന് രോഹിത് റെഡ് ബോള്‍ ഫോര്‍മാറ്റ് മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മെയ് 12 ന് വിരാടും ടെസ്റ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ടീമിലെ സീനിയര്‍ താരങ്ങളില്‍ ഒരാളായ ഷമിയും ടെസ്റ്റ് മതിയാക്കുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ഇന്ത്യയുടെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ഷമി. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമായി 462 വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും 200ലധികം വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

അതേസമയം ഫിറ്റ്നസിനെക്കുറിച്ചുള്ള വലിയ ആശങ്കകള്‍ക്ക് ശേഷം ഷമി തന്റെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണി നേരിടുകയാണ്. രണ്ട് വര്‍ഷമായി സ്റ്റാര്‍ പേസര്‍ ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല. 2023 ജൂണില്‍ ഇന്ത്യ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി വൈറ്റ്‌സില്‍ കളിച്ചത്.

2023 ലോകകപ്പിന് ശേഷം പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് വിട്ടുനിന്നു. രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയെങ്കിലും തിരിച്ചുവരവിന് ശേഷം ഒരു റെഡ് ബോള്‍ മത്സരം മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 34 കാരനായ ഷമി ഇന്ത്യയുടെ 2025 ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പക്ഷേ ഇപ്പോള്‍ നടക്കുന്ന 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ ഇത് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Content Highlights: Indian Pacer Mohammed Shami Responds Sharply To Viral Retirement Reports

dot image
To advertise here,contact us
dot image