ആര്‍സിബി ആരാധകരേ ശാന്തരാകുവിന്‍! സാള്‍ട്ട് അണ്ണന്‍ ടീമിനൊപ്പം തുടരും, ഇംഗ്ലണ്ടിലേക്കില്ല

മെയ് 17ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനഃരാരംഭിക്കുക

dot image

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 സീസൺ പുനഃരാരംഭിക്കുകയാണ്. മെയ് 17ന് ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനഃരാരംഭിക്കുക.

പ്ലേ ഓഫിലേക്ക് കുതിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകരെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. ടീമിന്റെ സ്റ്റാർ ബാറ്റർ ഫിൽ സാൾട്ട് ഐപിഎല്ലിൽ തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ടീമിൽ ഇടംലഭിക്കാതിരുന്നതോടെയാണ് സാൾട്ട് ഇന്ത്യയിൽ‌ തുടരുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം നേരത്തെ നിശ്ചയിച്ചതില്‍ നിന്നും നീണ്ടുപോയിരുന്നു. ഇതേതുടര്‍ന്ന് പല വിദേശ താരങ്ങളും നാടുകളിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. ചില താരങ്ങളെല്ലാം ഇതിനോടകം തന്നെ ഇന്ത്യ വിടുകയും ചെയ്തു. എന്നാല്‍ ആര്‍സിബിയുടെ പ്രധാന താരമായ ഫില്‍ സാള്‍ട്ട് ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ തുടരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ടീം സെലക്ഷനില്‍ നിന്ന് സാള്‍ട്ടിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ജൂൺ ആറിന് നടക്കുന്ന ടി20 പരമ്പരയിലുള്ള ഇം​ഗ്ലണ്ട് ടീമിലാണ് സാൾട്ട് ഇടംപിടിച്ചത്. ഐപിഎൽ ഫൈനൽ ജൂൺ മൂന്നിന് നടക്കുമെന്നതിനാൽ ഫൈനൽ വരെ ഫിൽ സാൾട്ടിന്റെ സേവനം ആർസിബിക്ക് ലഭ്യമാകും. ഐപിഎല്‍ 2025 സീസണ്‍ പൂര്‍ത്തിയായിട്ടേ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങൂ.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് ഫില്‍ സാള്‍ട്ട്. ഒന്‍പത് മത്സരങ്ങളില്‍ നിന്നായി 26.56 ശരാശരിയിലും 168.30 സ്‌ട്രൈക്ക് റേറ്റിലുമായി 239 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറിയും സാള്‍ട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

Content Highlights: Phil Salt set to be available for RCB in Playoffs as he is not selected for the ODI series Vs West Indies

dot image
To advertise here,contact us
dot image