
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം. ഇനിമുതല്‍ വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം നല്‍കാന്‍ തീരുമാനമായി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് സര്‍ക്കാര്‍ നല്‍കുക. നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനംവകുപ്പ് തനത് ഫണ്ടില്‍ നിന്നുമായിരിക്കും ലഭ്യമാക്കുക. മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. പുതിയ മാനദണ്ഡപ്രകാരമുളള സഹായത്തിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കും.
പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും ധനസഹായം നല്‍കും. വന്യജീവി ആക്രമണത്തില്‍ നാല്‍പ്പത് ശതമാനം മുതല്‍ അറുപത് ശതമാനം വരെയുളള അംഗവൈകല്യത്തിന് ദുരന്തപ്രതികരണ നിധിയില്‍ നിന്നും 74,000 രൂപയും വനംവകുപ്പില്‍ നിന്നുളള 1,26000 രൂപയും ഉള്‍പ്പെടെ രണ്ടുലക്ഷം രൂപ ലഭിക്കും. കൈ, കാല്‍, കണ്ണ് എന്നിവ നഷ്ടപ്പെട്ടാലും ഈ ധനസഹായം ലഭിക്കും.
ഒരാഴ്ച്ചയില്‍ കൂടുതല്‍ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതരമായ പരിക്കേറ്റാല്‍ ഒരുലക്ഷം രൂപ വരെ ധനസഹായം നല്‍കും. ഒരാഴ്ച്ചയില്‍ കുറവാണെങ്കില്‍ എസ്ഡിആര്‍എഫില്‍ നിന്ന് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ ലഭിക്കും. വന്യജീവി ആക്രമണത്തില്‍ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമായി 2500 രൂപ വീതം ലഭിക്കും.
Content Highlights: Government announces Rs 10 lakh financial assistance to families of those killed in wildlife attacks