
May 19, 2025
10:29 PM
ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർ വിരമിച്ചതോടെ ഇനി വരാനിരിക്കുന്നത് ഗൗതം ഗംഭീർ യുഗമെന്ന് സൂചന നൽകി ബിസിസിഐ. 'ഇന്ത്യൻ ക്രിക്കറ്റിൽ ഗൗതം ഗംഭീർ യുഗത്തിന് തുടക്കമാകുകയാണ്. അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഗംഭീറിനാണ്. ഇന്ത്യൻ ടീമിൽ പുതുമുഖ താരങ്ങളെ കളിപ്പിക്കാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്,' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഒരു ബിസിസിഐ പ്രതിനിധി പിടിഐയോട് പ്രതികരിച്ചു.
'ടെസ്റ്റ് ക്രിക്കറ്റിൽ സീനിയർ താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തിൽ ഗംഭീറിന്റെ നിലപാട് എന്താണെന്ന് ബിസിസിഐക്ക് അറിയാമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടർ അജിത് അഗാർക്കർ ഗംഭീറിന്റെ തീരുമാനത്തെ പിന്തുണച്ചു,' ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
എക്കാലത്തും ഇന്ത്യൻ ക്രിക്കറ്റിന്റെ അവസാന വാക്ക് ടീം ക്യാപ്റ്റനായിരുന്നു. സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശർമ തുടങ്ങിയവർ നായകരായിരുന്നപ്പോൾ ടീമിലെ തീരുമാനങ്ങൾ എടുത്തിരുന്നത് ഇവർ വഴിയാണ്. നായകരുമായി ഇടഞ്ഞ ബിഷൻ സിങ് ബേദി, ഗ്രെഗ് ചാപ്പൽ, അനിൽ കുംബ്ലെ തുടങ്ങിയവർക്ക് ഇന്ത്യൻ പരിശീലക സ്ഥാനത്ത് പിടിച്ചുനിൽക്കാനായില്ല. ടീമിലെ ക്യാപ്റ്റന്മാരുമായി നല്ല ബന്ധം പുലർത്തിയ ജോൺ റൈറ്റ്, ഗാരി കിർസ്റ്റൻ, രവി ശാസ്ത്രി, രാഹുൽ ദ്രാവിഡ് തുടങ്ങിയവർ വിജയകരമായി പരിശീലന കാലയളവ് പൂർത്തിയാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീർ കുടുതൽ കരുത്തനാകുമ്പോൾ ടീമിന്റെ മുന്നേറ്റം തന്നെയാണ് ആരാധകരുടെ ആശങ്ക. ടീമിലെ സൂപ്പർതാര സംസ്കാരം ഇല്ലാതാക്കുമെന്നാണ് ഗംഭീർ നേരത്തെ തന്നെ തീരുമാനം എടുത്തിരിക്കുന്നത്. രോഹിത്, കോഹ്‍ലി എന്നിവരുടെ അപ്രതീക്ഷിത വിരമിക്കൽ ഇതിന്റെ ഭാഗമെന്ന് വേണം കരുതാൻ. ബോർഡർ-ഗവാസ്കർ ട്രോഫിയിലെയും സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനെതിരെയും ടെസ്റ്റ് പരമ്പര തോറ്റതാണ് ഗംഭീറിന്റെ പരിശീലക സമയത്ത് ഏറ്റവും വലിയ തിരിച്ചടിയായത്. ചാംപ്യൻസ് ട്രോഫി നേട്ടവും ട്വന്റി 20യിലെ തുടർച്ചയായ പരമ്പര വിജയങ്ങളും ഗംഭീറിന് ഗുണം ചെയ്യും.
Content Highlights: Gautam Gambhir To Enjoy 'Rare' Power After Virat Kohli Exit