ഗ്രൗണ്ടിലെ ചിന്നത്തല, സുരേഷ് റെയ്‌ന ഇനി സിനിമ നടൻ, പുതിയ ചിത്രം പ്രഖ്യാപിച്ചു

തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് സുരേഷ് റെയ്‌ന

dot image

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രിയതാരവുമായ ചിന്നത്തല സുരേഷ് റെയ്‌ന അഭിനയത്തിലേക്ക് കടക്കുന്നു. സംവിധായകൻ ലോഗൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് സുരേഷ് റെയ്‌ന. ക്രിക്കറ്റിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമ ഇദ്ദേഹത്തിന്റെ ബയോപിക് ആകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

സിനിമയുടെ പേരോ അഭിനേതാക്കളുടെ വിവരമോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. താൽക്കാലികമായി പ്രൊഡക്ഷൻ നമ്പർ വൺ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിർമ്മാതാവ് ശരവണ കുമാറാണ്. വെള്ളിയാഴ്ച ചെന്നൈയിൽ വെച്ച് സിനിമയുടെ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ നിർമ്മാണമാണ് ചിത്രം. സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ടി മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനർ, സുപ്രീം സുന്ദർ സ്റ്റണ്ട് കൊറിയോഗ്രാഫർ. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 15 വർഷത്തോളം നീണ്ട കരിയറുള്ള താരമാണ് സുരേഷ് റെയ്ന. 2005 ൽ ഏകദിനത്തിലും 2006 ൽ ടി20 യിലും 2010 ൽ ടെസ്റ്റ് ക്രിക്കറ്റിലും സുരേഷ് റെയ്‌ന അരങ്ങേറ്റം കുറിച്ചു. മധ്യനിര ബാറ്റ്‌സ്മാനും വലം കൈയ്യൻ ഓഫ് സ്പിൻ ബൗളറുമായിരുന്നു അദ്ദേഹം. 2011ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സുരേഷ് റെയ്‌ന. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായും ഗുജറാത്ത് ലയൺസിനായും റെയ്ന കളിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് 15 ന് സഹതാരം മഹേന്ദ്ര സിങ് ധോണിക്കൊപ്പമാണ് സുരേഷ് റെയ്‌ന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

Content Highlights: Cricketer Suresh Raina to make acting debut, film announced

dot image
To advertise here,contact us
dot image