
ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീൽ ക്ലബ് പാൽമിറാസിനെ പരാജയപ്പെടുത്തി ഇംഗ്ലീഷ് ചെൽസി സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ഇംഗ്ലീഷ് ക്ലബിനായി കോൾ പാമർ ഒരു ഗോൾ നേടിയപ്പോൾ മറ്റൊന്ന് പാൽമിറാസ് താരം അഗസ്റ്റിൻ ജിയേയുടെ സെൽഫ് ഗോളായിരുന്നു. എസ്റ്റേവോ വില്യനാണ് പാൽമിറാസിന്റെ ആശ്വസ ഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഇരുടീമുകളും താളം കണ്ടെത്തി. 16-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. സുന്ദരമായ ഒരു ഇടംകാൽ ഷോട്ടിലൂടെ കോൾ പാമർ ചെൽസിക്കായി വലകുലുക്കി. പിന്നീട് ആദ്യ പകുതിയിൽ ചെൽസിയുടെ ആധിപത്യമായിരുന്നു കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കാനും ചെൽസിക്ക് സാധിച്ചു.
രണ്ടാം പകുതി തുടങ്ങി അൽപ്പസമയത്തിനുള്ളിൽ പാൽമിറാസ് സമനില ഗോൾ കണ്ടെത്തി. 53-ാം മിനിറ്റിൽ എസ്റ്റേവോ വില്യനാണ് ബ്രസീലിയൻ ക്ലബിനായി വലചലിപ്പിച്ചത്. 83-ാം മിനിറ്റിലാണ് മത്സരത്തിലെ വിജയഗോൾ പിറന്നത്. ചെൽസി താരം മാലോ ഗസ്റ്റോയുടെ ഷോട്ട് പ്രതിരോധിക്കാനുള്ള അഗസ്റ്റിൻ ജിയേയുടെ ശ്രമം പരാജയപ്പെടുകയും ഷോട്ട് ഗോളായി മാറുകയും ചെയ്തു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പാൽമിറാസിന് കഴിഞ്ഞില്ല. വിജയത്തോടെ സെമിയിലേക്ക് മുന്നേറാൻ ചെൽസിക്ക് സാധിക്കുകയും ചെയ്തു.
Content Highlights: Chelsea make Club World Cup semi-final