ആ നേട്ടത്തിനായി ഇന്ത്യൻ വനിതകൾ കാത്തിരിക്കണം; മൂന്നാം ട്വന്റി 20യിൽ ഇം​ഗ്ലണ്ടിന് അഞ്ച് റൺസ് വിജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യൻ വനിതകൾക്കും മികച്ച തുടക്കമാണ് ലഭിച്ചത്

dot image

ഇം​ഗ്ലണ്ടിനെതിരെ ഒരു ട്വന്റി 20 ക്രിക്കറ്റ് പരമ്പരയെന്ന നേട്ടത്തിനായി ഇന്ത്യൻ വനിതകൾ കാത്തിരിക്കണം. മൂന്നാം ട്വന്റി 20 മത്സരത്തിൽ അഞ്ച് റൺസിന് ഇം​ഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് വനിതകൾ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ വനിതകൾക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനെ സാധിച്ചുള്ളു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

നേരത്തെ ടോസ് നേടിയ ഇം​ഗ്ലണ്ട് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ സോഫിയ ഡങ്ക്ലിയും ഡാനിയേല വയറ്റും ഇം​ഗ്ലണ്ടിന് മികച്ച തുടക്കം നൽകി. 53 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം സോഫിയ 75 റൺസെടുത്തു. 42 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം ഡാനിയേല വൈറ്റ് 66 റൺസും നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 137 റൺസാണ് പിറന്നത്. എന്നാൽ പിന്നീട് വന്നവർക്കാർക്കും തിളങ്ങാൻ കഴിയാതിരുന്നതോടെ ഇം​ഗ്ലണ്ടിന് മികച്ച സ്കോറിലേക്കെത്താൻ സാധിച്ചില്ല. ഇന്ത്യൻ ബൗളിങ് നിരയിൽ അരുന്ദതി റെഡ്ഡി, ദീപ്തി ശർമ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യൻ വനിതകൾക്കും മികച്ച തുടക്കമാണ് ലഭിച്ചത്. 49 പന്തിൽ 10 ഫോറുകളോടെ ഓപണർ സ്മൃതി മന്ദാന 56 റൺസ് നേടി. സഹഓപണിങ് ബാറ്റർ ഷെഫാലി വർമ 25 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം 47 റൺസെടുത്തു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നാലെ ജമീമ റോഡ്രി​ഗ്സ് 15 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 20 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17 പന്തിൽ രണ്ട് ഫോറുകൾ സഹിതം 23 റൺസും നേടി. എങ്കിലും വിജയലക്ഷ്യത്തിന് അഞ്ച് റൺസ് അകലെ എത്താനെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് സാധിച്ചുള്ളൂ.

Content Highlights: ENG Women beat IND Women, ENG Women won by 5 runs

dot image
To advertise here,contact us
dot image