കെസിഎ പിങ്ക് ടൂർണമെൻ്റ്; വിജയം തുടർന്ന് സാഫയറും ആംബറും

80 റൺസിന് റൂബിയെ പരാജയപ്പെടുത്തി സാഫയർ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി

dot image

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ വിജയം തുടർന്ന് സാഫയർ. 80 റൺസിന് റൂബിയെ പരാജയപ്പെടുത്തി സാഫയർ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മൽസരത്തിൽ ആംബർ ആറ് വിക്കറ്റിന് പേൾസിനെ തോൽപ്പിച്ചു.

ക്യാപ്റ്റന്മാർ തിളങ്ങിയ ആദ്യ മൽസരത്തിൽ, അനായാസമായിരുന്നു ആംബറിൻ്റെ വിജയം. 40 പന്തുകളിൽ 47 റൺസെടുത്ത ക്യാപ്റ്റൻ ഷാനി തയ്യിലാണ് പേൾസിൻ്റെ ടോപ് സ്കോറർ. ഷാനിക്ക് പുറമെ 21 റൺസെടുത്ത ആര്യനന്ദ മാത്രമാണ് പേൾസ് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ പേൾസിന് തുടക്കത്തിലെ മുൻതൂക്കം നിലനിർത്താനായില്ല. പേൾസിൻ്റെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റിന് 127 റൺസെന്ന നിലയിൽ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 25 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ തുടർന്നെത്തിയ ക്യാപ്റ്റൻ സജന സജീവൻ്റെ തകർപ്പൻ ഇന്നിങ്സ്, 15 പന്തുകൾ ബാക്കി നില്ക്കെ ആംബറിനെ ലക്ഷ്യത്തിലെത്തിച്ചു. 48 പന്തുകളിൽ 84 റൺസുമായി സജന പുറത്താകാതെ നിന്നു. ഏഴ് ഫോറുകളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിങ്സ്. പേൾസിന് വേണ്ടി മൃദുല വിഎസ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം മൽസരത്തിൽ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ്റെ മികച്ച ബാറ്റിങ്ങാണ് സാഫയറിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അക്ഷയ 54 പന്തുകളിൽ 65 റൺസെടുത്തു. അനന്യ പ്രദീപ് 21 റൺസും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസ് വെറും 46 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 11 റൺസെടുത്ത ക്യാപ്റ്റൻ അഖിലയ്ക്ക് പുറമെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. സാഫയറിന് വേണ്ടി പവിത്ര ആർ നായർ രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂർണമെൻ്റിൽ റൂബിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. മറുവശത്ത് കളിച്ച രണ്ട് മല്സരങ്ങളും ജയിച്ച സാഫയർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

Content Highlights: SAPPHIRE and AMBER won again in KCA pink tournament

dot image
To advertise here,contact us
dot image