
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് കനത്ത പിഴ. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. മറ്റ് കളിക്കാർക്ക് ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനം തുകയോ ആണ് പിഴ വിധിച്ചിരിക്കുന്നത്. ഇംപാക്ട് താരത്തിനും കൺകഷൻ സബ്സ്റ്റ്യൂട്ട് ആയി ഇറങ്ങിയ താരത്തിനും പിഴ ബാധകമാണ്.
മത്സരത്തിനിടെ അംപയറുമായി തർക്കിച്ച ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റയ്ക്കും തിരിച്ചടി ലഭിച്ചു. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റുമാണ് വിധിച്ചത്. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഇന്നിങ്സ് 18 ഓവർ പിന്നിട്ടപ്പോഴാണ് ആശിഷ് നെഹ്റ അംപയറുമായി തർക്കിച്ചത്. മഴയ്ക്ക് ശേഷം മത്സരം തുടങ്ങുന്നതിലെ ആശങ്കയാണ് തർക്കത്തിലേക്ക് നീണ്ടത്.
അതിനിടെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസായിരുന്നു വിജയിച്ചത്. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഴയെത്തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.
Content Highlights: Hardik Pandya and his team were handed hefty fines for maintaining a slow over rate