
ഐപിഎല്ലിൽ എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ആറിലും ജയം. പോയിന്റ് ടേബിളിൽ രണ്ടാമതുള്ള ടീം. ഐപിഎൽ കിരീടത്തിനായി അവർ ശക്തമായ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉയർച്ചയ്ക്ക് കാരണമായത് ഒരൊറ്റ പേര്. മുന്നിൽ നിന്ന് നയിക്കുന്ന നായകൻ അക്സർ പട്ടേൽ.
സമ്മർദ്ദ ഘട്ടത്തിൽ പോലും തന്ത്രശാലിയായ ക്യാപ്റ്റൻ. സീസണിലെ ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ ഡൽഹി കളത്തിലെത്തി. ലഖ്നൗ ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം ഡൽഹി ഒരൊറ്റ വിക്കറ്റ് ബാക്കിയാക്കി മറികടന്നു. അശുതോഷ് ശർമയെ സ്വതന്ത്രമായി കളിക്കാൻ വിട്ട അക്സർ കടുത്ത സമ്മർദ്ദത്തെ കൈകാര്യം ചെയ്തു. തോൽവി മുന്നിൽ കണ്ടിടത്ത് നിന്നും ഡൽഹി തിരിച്ചുവന്നു. പിന്നെ വിജയങ്ങൾ തുടർക്കഥയായി. സീസണിൽ ആദ്യ നാല് മത്സരങ്ങളിലും ഡൽഹി ജയിച്ചുകയറി.
രാജസ്ഥാനെതിരെ ഡൽഹി മുൻനിര റൺസെടുക്കാൻ വിഷമിച്ചപ്പോൾ അക്സർ ക്രീസിലെത്തി. 14 പന്തുകളിൽ നാല് ഫോറുകൾ രണ്ട് സിക്സറുകൾ. 34 റൺസെടുത്ത അക്സറിന്റെ ഇന്നിങ്സ് മത്സരത്തിന്റെ മൊമന്റം മാറ്റിമറിച്ചു. ജയ്സ്വാളും സഞ്ജുവും നിധീഷ് റാണയുമെല്ലാം തിരിച്ചടിച്ചിട്ടും രാജസ്ഥാന് വിജയിക്കാനായില്ല. സൂപ്പർ ഓവർ ത്രില്ലറിലേക്ക് നീണ്ട മത്സരം ഡൽഹി പിടിച്ചെടുത്തു.
അവസാന മത്സരത്തിൽ ലഖ്നൗവിനെതിരെ രണ്ടാം റൗണ്ടിലും ജയം. ആദ്യ 10 ഓവറിൽ ലഖ്നൗ വിക്കറ്റ് നഷ്ടമില്ലാതെ 87 റൺസെന്ന ശക്തമായ നിലയിലായിരുന്നു. അവിടെ നിന്നും ആറിന് 159ൽ ലഖ്നൗവിന്റെ ഇന്നിങ്സിന് അവസാനമായി. പിന്നെ അനായാസം ഡൽഹി ലക്ഷ്യത്തിലേക്ക്.
സീസണിൽ ഡു പ്ലെസിയും മക്ഗർഗുമായിരുന്നു ഡൽഹിയുടെ ഓപണർമാർ. മക്ഗർഗിന്റെ മോശം പ്രകടനവും ഡു പ്ലെസിയുടെ പരിക്കും ഡൽഹിയെ തളർത്തിയില്ല. അഭിഷേക് പോറലും കരുൺ നായരും ഇന്നിങ്സ് തുറക്കാൻ ക്രീസിലെത്തി. കുൽദീപിനും അക്സറിനുമൊപ്പം ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിപ്രജ് നിഗമെന്ന സ്പിൻകരുത്ത്. സ്റ്റാർകിന്റെ പേസിന് മുകേഷ് കുമാറിന്റെ പിന്തുണ. ഏത് റോളും കളിക്കുന്ന കെ എൽ രാഹുൽ. സമ്മർദ്ദങ്ങളിലാതെ ട്രിസ്റ്റൻ സ്റ്റമ്പ്സിന് ബാറ്റ് വീശാം. അക്സർ പട്ടേൽ തന്റെ പടയാളികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഡൽഹിക്കായി ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യം.
Content Highlights: Axar Patel: Delhi Capitals' Understated Captain Leading From The Front