വെള്ളിത്തിരയില്‍ മായാത്ത കഥാപാത്രങ്ങളുണ്ട്; ഓര്‍മകളുടെ അമരത്ത് 'ലോഹി'യും; വിട പറഞ്ഞിട്ട് 15 വർഷം

ആ കലാകാരന്‍ എന്തുകൊണ്ട് വ്യത്യസ്തനായി എന്ന് മനസ്സിലാക്കാന്‍ കിരീടം, ചെങ്കോൽ എന്നീ രണ്ടു സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം മതി
വെള്ളിത്തിരയില്‍ മായാത്ത കഥാപാത്രങ്ങളുണ്ട്; ഓര്‍മകളുടെ അമരത്ത് 'ലോഹി'യും; വിട പറഞ്ഞിട്ട് 15 വർഷം

കാലാതിവർത്തിയായ സൃഷ്ടികളിലൂടെയാണ്‌ കലാകാരൻ കാലത്തെ അതിജീവിക്കുന്നത്‌. ലോഹിതദാസെന്ന പ്രതിഭയുടെ ഭാവനയിൽ പിറവിയെടുത്ത കഥയും കഥാപാത്രങ്ങളും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതും ഇതേ കാരണത്താൽ തന്നെ. മനുഷ്യബന്ധങ്ങളുടെ കഥകള്‍ പറഞ്ഞ് മലയാളിയുടെ കരളലിയിപ്പിച്ച എ കെ ലോഹിതദാസ് നിത്യതയിലേക്ക് മടങ്ങിയിട്ട് 15 വർഷം.

രണ്ട് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ എഴുതിയത് 44 തിരക്കഥകൾ, സംവിധാനം ചെയ്തത് 12 ചിത്രങ്ങൾ... സാമൂഹിക ബന്ധങ്ങളുടെ സ്ഥിരം ഭൂമികയിൽ ചവിട്ടി നിന്ന് പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളും സാമൂഹിക വിർമശനങ്ങളും പങ്കുവെച്ച ലെജൻഡ്. ലോഡ്ജ് മുറിയിലെ കണ്ണാടിയിൽ നോക്കി തന്റെ ഉണങ്ങിയ നെറ്റിയിലെ മുറിവിൽ തൊട്ട് മീശ പിരിച്ച് സേതുമാധവൻ ഒരു റൗഡിയായി മാറുന്ന രംഗം. സംഭാഷണമില്ലാതെ തന്നെ ആ കഥാപാത്രത്തിൻ്റെ ആത്മസംഘർഷങ്ങൾ വരച്ചിട്ട രംഗം. എല്ലാം തകർന്ന ദുർബലനായ ഒരു മനുഷ്യന്റെ വികാരവും സംഭാഷണവും സിനിമ കാണുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഭാവനയിൽ വരച്ചിടുകയും സ്ക്രീനിൽ അത് പുനരാവിഷ്കരിക്കപ്പെടുകയും എളുപ്പമല്ല. എന്നാൽ ലോഹിതദാസ് എന്ന എഴുത്തുകാരന് അതിനുള്ള മാജിക് അറിയാമായിരുന്നു. അങ്ങനെയാണ് ആ ജാലവിദ്യക്കാരന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ടവനായത്.

ആ കലാകാരന്‍ എന്തുകൊണ്ട് വ്യത്യസ്തനായി എന്ന് മനസ്സിലാക്കാന്‍ കിരീടം, ചെങ്കോൽ എന്നീ രണ്ടു സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം മതി. ജീവിതമുഹൂര്‍ത്തങ്ങളെ സൂക്ഷ്മമായ ഭാവമാറ്റങ്ങളിലൂടെ പോലും അനായാസമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതായിരുന്നു ആ കഥാപാത്രങ്ങളൊക്കെയും. പൊലീസുകാരനായിരുന്ന തിലകന്റെ അച്യുതൻ എന്ന കഥാപാത്രം അവസാനം ചെന്നെത്തുന്ന ജീവിതം. അതുപോലെ തന്നെ കൊച്ചിൻ ഹനീഫ ചെയ്ത ഹൈദ്രോസ് എന്ന കഥാപാത്രത്തിന് പോലും പറയാനൊരു കഥയുണ്ട്. കിരീടത്തിലെ ഭീരുവായ ഗുണ്ടയായ ഹൈദ്രോസ് ചെങ്കോലിൽ സേതുമാധവന്റെ കൂടെ ധൈര്യവാനായി എന്തിനും കൂടെ നിൽക്കുന്നത് കാണാം. ശേഷം ഹൈദ്രോസ് തന്റെ ഉമ്മയെ കുറിച്ച് പറയുന്ന രംഗം ആ കഥാപാത്രത്തിൻ്റെ മറ്റൊരുഭാവ തലത്തെയാണ് വരച്ചിടുന്നത്.

ലോഹിതദാസിന്റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളെല്ലാം അങ്ങനെയായിരുന്നു. മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നവർ. മനസ്സിലെ സന്തോഷവും സങ്കടവും പ്രണയവും വിരഹവും പകയും സംഘർഷങ്ങളുമെല്ലാം ലോഹിയുടെ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകനും ആ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ലോഹിതദാസ് പ്രേക്ഷകർക്ക് സമ്മാനിച്ചവയെല്ലാം. ജോക്കറിലെ ബിന്ദു പണിക്കർ ചെയ്ത സുശീല എന്ന കഥാപാത്രം ഒരേസമയം രസകരവും കണ്ണ് നനയിപ്പിക്കുന്നതുമായിരുന്നു. സർക്കസ് ടെന്റിലെ പട്ടിണി മാറ്റാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുവന്ന് അവിടെയുള്ളവർക്ക് നൽകുന്ന ഒരു പാവം കഥാപാത്രം. പക്ഷേ കമ്പനി വളരുന്ന സമയത്ത് അവരെ തള്ളിക്കളയുന്നത് പ്രേക്ഷകരുടെ മനസ്സിൽ ഒരു മുറിവ് ഉണ്ടാക്കുന്നു. ബിന്ദു പണിക്കാരുടെ കരിയർ ബെസ്റ്റ് പ്രകടനമായി ഇപ്പോഴും മലയാളികൾ കണക്കാക്കുന്നത് സൂത്രധാരനിലെ ദേവയാനി എന്ന ശക്തമായ വേഷമാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നു. കസ്തൂരിമാനിൽ മീരാ ജാസ്മിൻ അവതരിപ്പിച്ച പ്രിയംവദയാണ് മറ്റൊരു ശക്തമായ കഥാപാത്രം. ചേച്ചിയുടെ ഭർത്താവിനെ കൊന്ന് ജയിലിൽ പോകേണ്ടി വന്ന കഥാപാത്രമാണ് പ്രിയംവദ. മീര ജാസ്മിനും ഈ ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

കന്മദത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രം ഏത് മലയാളിക്കാണ് മറക്കാനാവുക. 'മൂവന്തി താഴ്വരയിൽ വെന്തുരുകുന്ന ഭാനു' എത്രയോ മലയാളിസ്ത്രീകളുടെ പ്രതീകമായിരുന്നു. അത്രയും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ മലയാളസിനിമയിൽ വിരളമാണ്. നോക്കിലും വാക്കിലും ധൈര്യത്തിന്റെ പ്രതീകമാകുമ്പോഴും ഉള്ളിൽ കുന്നോളം സങ്കടവും ആഗ്രഹങ്ങളും ഒളിപ്പിച്ച പെണ്ണ്. ഭാവപ്പകർച്ചയിൽ മഞ്ജു അമ്പരപ്പിച്ചപ്പോൾ പ്രിയനടിക്കൊപ്പം ലോഹിയും മലയാളി മനസുകളിലേക്ക് ആഴ്ന്നിറങ്ങി. വീണ്ടുചില വീട്ടുകാര്യങ്ങളിൽ സംയുക്താ വർമ്മയ്ക്കായി ലോഹിയുടെ തൂലികയിൽ വിരിഞ്ഞ കഥാപാത്രത്തിന് മലയാള സിനിമയിൽ സമാനതകളില്ല.

അങ്ങനെ ജീവിതഗന്ധിയായ എത്രയോ കഥാപാത്രങ്ങൾ. തനിയാവർത്തനത്തിലെ ബാലൻ മാഷ്, അമരത്തിലെ അച്ചൂട്ടി, ദശരഥത്തിലെ രാജീവ് മേനോന്‍ തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങള്‍ ഓര്‍മ്മയിലേക്കെത്തുന്നു. അമരാവതിയിലില്ല എന്നേ ഉള്ളു. ആ സാന്നിധ്യം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളമാകെ നിറഞ്ഞുനിൽക്കുന്നുണ്ട്. തിരക്കഥയുടെ കരുത്തുമായി മലയാള സിനിമ മുന്നേറിയ ആ കാലത്ത്, അതിൽ സംഭാവന ചെയ്ത കലാകാരന്മാരിൽ പ്രധാനിയാണ് ലോഹിതദാസ്. പറഞ്ഞതിലേറെ കഥകൾ ഇനിയും പറയാനുണ്ടെന്ന് ലോഹി പലപ്പോഴും പറഞ്ഞിരുന്നു. ആ കഥകളത്രയും പറയാതെ ബാക്കിവെച്ച് 2009 ജൂൺ 28ന് ലോഹിതദാസ് വിടപറഞ്ഞു. മോഹൻലാലിനെ നായകനാക്കി ഒരുക്കാനിരുന്ന സ്വപ്നപദ്ധതി 'ഭീഷ്മരെ' എഴുതിപ്പൂർത്തിയാക്കാതെ ലോഹി മറഞ്ഞപ്പോൾ നഷ്ടം മലയാളസിനിമാലോകത്തിനും പ്രേക്ഷകർക്കുമാണ്. മലയാളമുള്ളിടത്തോളം, മലയാളി ഉള്ളിടത്തോളം ഓര്‍മ്മകളുടെ അമരത്ത് ലോഹിതദാസ് എന്ന ദ ലജൻഡറി ഫിലിം മേക്കർ ഉണ്ടാവും.....!

Related Stories

No stories found.
logo
Reporter Live
www.reporterlive.com