

കാനറിപ്പടയുടെ സുൽത്താൻ നെയ്മര്‍ ജൂനിയറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ മങ്ങുന്നു. ഈ മാസം ഫ്രാന്‍സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിൽ നിന്ന് താരം പുറത്ത്. ഇതോടെ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിയായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടാനുള്ള നെയ്മറിന്റെ പരിശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ലോകകപ്പിന് മുന്‍പ് നടക്കുന്ന നിര്‍ണായക പോരാട്ടങ്ങൾക്കുള്ള ടീമിലും പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി നെയ്മറെ ടീമിൽ ഉള്‍പ്പെടുത്തിയില്ല.
ബ്രസീല്‍ ഈ മാസം 26-ന് ഫ്രാന്‍സിനെയും 31-ന് ക്രോയേഷ്യയെയുമാണ് നേരിടാൻ ഒരുങ്ങുന്നത്. 2026 ലോകകപ്പിൽ മൊറോക്കോയാണ് ബ്രസീലിന്റെ ആദ്യ എതിരാളികൾ. ജൂണ്‍ പതിനാലിന് അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വച്ചാണ് പോരാട്ടം. മൊറോക്കയെ നേരിടും മുന്‍പ് ഈജിപ്റ്റിനെതിരെയുള്ള സന്നാഹമത്സരം മാത്രമേ കാനറിപ്പടയ്ക്ക് ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്ക് തിരിച്ചെത്തുക എന്നത് നെയ്മറിന് വലിയ ഒരു പരീക്ഷ തന്നെയായിരിക്കും. 2023 ഒക്ടോബറിന് ശേഷം നിരന്തരം പരിക്കിന്റെ പിടിയിലായ നെയ്മറെ പുതിയ പരിശീലകൻ ആഞ്ചലോട്ടി ഒരിക്കല്‍പോലും ടീമിലേക്ക് പരിഗണിച്ചില്ല.
കഴിഞ്ഞ ദിവസം ബ്രസീല്‍ ക്ലബ്ബായ സാന്റോസിനായി മുഴുവന്‍ സമയവും നെയ്മർ കളിച്ചെങ്കിലും, താരം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് ആഞ്ചലോട്ടിയുടെ നിലവിലെ വിലയിരുത്തല്‍. 'നെയ്മറിന്റെ പ്രതിഭാ ശേഷിയിലോ കളി മികവിലോ സംശയമില്ല, പക്ഷെ 100% ഫിറ്റ്‌നസുള്ള താരങ്ങളെ മാത്രമേ ദേശീയ ടീമിലേക്ക് പരിഗണിക്കൂ'; ആഞ്ചലോട്ടി വ്യക്തമാക്കി. ആ മഞ്ഞക്കുപ്പായത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായ നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇതുവരെ 79 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്.
Content highlight: Carlo Ancelotti drop Neymar Jr from Brazil squad for France and Croatia friendlies