

ദുബായ്: കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് ശേഷം ദുബായ് മാർക്കറ്റിലും സ്വർണവില തിരിച്ച് വരവിന്‍റെ പാതയില്‍. ചൊവ്വാഴ്ച രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 607ദിർഹം വരെയായി സ്വർണ വില ഉയർന്നു. കഴിഞ്ഞ ദിവസം 24 കാരറ്റിന്‍റെ വില്‍പ്പന വില 602.50ദിർഹമായിരുന്നു. അതേസമയം 22 കാരറ്റ് സ്വർണത്തിന്‍റെ വില കഴിഞ്ഞ ദിവസത്തെ 557.75ദിർഹത്തില്‍ നിന്നും 562 ദിർഹത്തിലേക്ക് ഉയർന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വവും മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ പിരിമുറുക്കവും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും കാരണം സ്വർണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവർ അതീവ ശ്രദ്ധയോടെയാണ് മുന്നോട്ട് പോകുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടമാണ് കാണുന്നത്. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ 24 കാരറ്റ് സ്വർണത്തിന്‍റെ വില 641ദിർഹം വരേയും 22 കാരറ്റിന്റെ വില 594 ദിർഹത്തിന് അടുത്തും എത്തിയിരുന്നു. ഇത് ഈ വർഷത്തെിലെ തന്നെ ഏറ്റവും ഉയർന്ന നിലകളിലൊന്നായിരുന്നു. എന്നാല്‍ പിന്നീട് വില തിരിച്ചിറങ്ങാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് വീണ്ടും അല്‍പമൊന്ന് ഉയർന്നു. ദിവസേനയുള്ള ഈ അസ്ഥിരമായ മാറ്റങ്ങൾ ആഗോളതലത്തിലെ സംഭവവികാസങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്ന മാർക്കറ്റിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ ചെറിയ ഉയർച്ച വില സ്ഥിരതയുടെ ഒരു സൂചനയാണെങ്കിലും, മാസത്തിലെ തുടക്കത്തിലെ ഉയർന്ന നിരക്കില്‍ നിന്നും ഇപ്പോഴും വില താഴ്ന്ന് നില്‍ക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ സ്വർണവില ട്രോയ് ഔണ്‍സിന് 5000 മുതൽ 5020 ഡോളർ വരേയായി തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷവും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണ ആശങ്കകളും ക്രൂഡ് ഓയിൽ വിലയും ഉയർത്തിയിട്ടുണ്ട്. ഇത് പണപ്പെരുപ്പം വർധിപ്പിക്കുകയും യുഎസിലെ പലിശ നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ കുറയ്ക്കുകയും ചെയ്തു.
ഫെഡറൽ റിസർവിന്റെ അടുത്ത മീറ്റിങ്ങിൽ നിരക്ക് കുറയ്ക്കൽ സാധ്യത കുറവാണെങ്കിലും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വവും ആഗോള സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡിമാൻഡ് ശക്തമായി നിലനിർത്തുന്നു. ഈ വർഷത്തിന്‍റെ തുടക്കം മുതൽ സ്വർണവില ഏകദേശം 16 ശതമാനത്തോളം ഉയർന്നത്.

അതേസമയം കേരളത്തിലേയും ദുബായിലേയും വിലകള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ സ്വാഭാവികമായ കുറവ് ദുബായ് വിപണിയില്‍ കാണാന്‍ സാധിക്കും. ഇന്നലെ രാവിലെ സ്വർണ വിലയില്‍ വർധനവ് ഉണ്ടായെങ്കിലും വൈകീട്ട് വീണ്ടും വില കുറഞ്ഞു. നിലവില്‍ ഗ്രാം വില 14,490 രൂപയും പവന്‍ വില 1,15,920 രൂപയുമാണ്. ദുബായ് വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് കേരളത്തില്‍ പവന് ഏകദേശം 3000 രൂപ കൂടുതലാണ്.
എന്തുകൊണ്ട് ദുബായില്‍ വില കുറവ്?
ദുബായ് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഹബ്ബുകളിലൊന്നാണ്. അവിടെ സ്വർണ ഇറക്കുമതിക്ക് കുറഞ്ഞ നികുതി മാത്രമേയുള്ളൂ. ജി എസ് ടി പോലുള്ള സെയിൽസ് ടാക്സും ഇല്ല. അതുകൊണ്ട് തന്നെ ആഗോളവിപണിക്ക് ഏറെ അടുത്ത് നില്‍ക്കുന്ന വിലയ്ക്ക് ദുബായില്‍ ഇടപാട് നടക്കും. എന്നാല്‍ ഇന്ത്യയിൽ ഇറക്കുമതി ഡ്യൂട്ടി (6% വരെ), 3% ജിഎസ്ടി, ജ്വല്ലറികളുടെ മേക്കിങ് ചാർജ് (5-10%) എന്നിവയെല്ലാം കൂട്ടിയാണ് റീട്ടെയിൽ വില നിശ്ചയിക്കുന്നത്.
Content Highlights: Gold prices in Dubai are still around ₹3000 lower per pound compared to Kerala despite recent increases. The price difference is mainly due to lower taxes, minimal import duties, and competitive market conditions in the UAE.