ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവർ പിന്നീട് പാർട്ടിയിലേക്ക് തന്നെ തിരിച്ചു വരും; PMA സലാം

ഇന്നലെയും ഇന്നുമായി കാണുന്നത് ചെറിയ വികാരപ്രകടനമാണ് അത് വൈകുന്നേരം ആകുമ്പോഴേക്കും ശമിക്കുമെന്ന് പിഎംഎ സലാം

ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവർ പിന്നീട് പാർട്ടിയിലേക്ക് തന്നെ തിരിച്ചു വരും; PMA സലാം
dot image

മലപ്പുറം: സ്ഥാനാർത്ഥി പട്ടികയിൽ വിമർശനം ഉന്നയിച്ച അബ്ദുറഹിമാൻ രണ്ടത്താണിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ചില മണ്ഡലങ്ങളിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവർ പിന്നീട് പാർട്ടിയിലേക്ക് തന്നെ തിരിച്ചു വരുമെന്ന് പിഎംഎ സലാം പറഞ്ഞു. താല്കാലികമായ വികാരപ്രകടനമായി മാത്രമേ അതിനെയെല്ലാം കാണുന്നുള്ളൂ. ഒരു പ്രശ്‌നവും ഉണ്ടാകില്ല. അവരെല്ലാം പാർട്ടിയുടെ അടിയുറച്ച അണികളാണ്. എപ്പോഴും അവർ ലീഗിനൊപ്പം ഉണ്ടാകും. ലീഗിന്റെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി അവർ കർമരംഗത്തുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയും ഇന്നുമായി കാണുന്നത് ചെറിയ വികാരപ്രകടനമാണ്. അത് വൈകുന്നേരം ആകുമ്പോഴേക്കും ശമിക്കും. പാർട്ടി വിടും എന്നു പറയുന്നതെല്ലാം പ്രചാരവേലകളാണ്. പെട്ടെന്നുള്ള വികാരപ്രകടനത്തിൽ ചിലതൊക്കെ അബദ്ധത്തിൽ പറഞ്ഞു പോയിട്ടുണ്ടാകും. അതൊക്കെ പിൻവലിച്ച് പാർട്ടിയുടെ കർമ്മ രംഗത്ത് പ്രവർത്തിക്കാൻ അവരൊക്കെ ഉണ്ടാകുമെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു.

ഇടതുപക്ഷത്തിന് മത്സരിക്കാൻ ആളെ കിട്ടാത്ത സ്ഥലമാണ് തിരൂരങ്ങാടി. എല്ലാ തെരഞ്ഞെടുപ്പിലും അവർ വാടകയ്ക്ക് ആളെ കൊണ്ടുവരാറാണ് പതിവ്. ലീഗിന് അനായാസം ജയിക്കാൻ കഴിയുന്ന സീറ്റാണ് അത്. അതുകൊണ്ടാണ് തിരൂരങ്ങാടിയെ കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിലേക്ക് ആളുകളെ കൊണ്ടുപോവുകയാണെങ്കിൽ, അത്രയും സ്നേഹമുണ്ടെങ്കിൽ അവർക്ക് ധർമ്മടമോ മട്ടന്നൂരോ കൊടുത്തുകൂടെ, എന്തിന് താനൂരും തിരൂരും കൊടുക്കുന്നുവെന്നും പിഎംഎ സലാം പരിഹസിച്ചു.

തിരൂരങ്ങാടിയിൽ ഇത്രയും സുന്ദരനായ ചെറുപ്പക്കാരനായ സിനിമാനടനെ ആണോ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് ഞങ്ങളോട് ആളുകൾ ചോദിക്കുന്നത്. കർമ്മ കുശലനായ വിദ്യാഭ്യാസമുള്ള സ്ഥാനാർത്ഥിയാണ് പിഎംഎ സമീറെന്നും സലാം പറഞ്ഞു.

ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി വിമർശനവുമായി രംഗത്തുവന്നിരുന്നു. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കിയെന്നാണ് തിരൂരങ്ങാടിയി ലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അബ്ദുറഹിമാൻ രണ്ടത്താണി ആരോപണം ഉന്നയിച്ചത്.

Content Highlights: Muslim League leader PMA Salam reacts on conflict about candidacy in Muslim League

dot image
To advertise here,contact us
dot image