ജാക്‌സണ്‍ ഫൈവിലെ ത്രില്ല‍‍ർ കിഡ്; ഓ‍ർമ്മകളുടെ തിരശീ‌ലയിൽ നിന്ന് മറയാത്ത മൂൺ വാക്കർ

പോപ് സം​ഗീത ലോകത്ത് പിന്നെയും നിരവധി ​ഗായകരെത്തി വേദിയിൽ വിസ്മയം തീ‍ർ‌ത്ത് ആടി. പക്ഷെ ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ലഹരിയാക്കിയവർക്ക് ആ മൂണ്‍ വാക്ക‍ർ തന്നെയായിരുന്നു പോപ് രാ​ജാവ്. ആ വിടവ് ഇന്നും അങ്ങനെ തന്നെ...
ജാക്‌സണ്‍ ഫൈവിലെ ത്രില്ല‍‍ർ കിഡ്; ഓ‍ർമ്മകളുടെ തിരശീ‌ലയിൽ നിന്ന് മറയാത്ത മൂൺ വാക്കർ

വ‍ർണ, വർ​ഗ, ജാതിക്കതീതമായി ലോക സം​ഗീത പ്രേമികൾ ഒരുപോലെ നെഞ്ചിലേറ്റിയ, ദ്രുത ചലനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച മൈക്കിൾ. വിവാദങ്ങളുടെയും ​ഗുരുതര ആരോപണങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും 'മൈക്കള്‍ ഐ ആം വിത്ത് യൂ' എന്ന് ലോകത്തെ കൊണ്ട് പറയിപ്പിച്ച 'മൂൺ വാക്ക‍ർ' ഇല്ലാതെ പോപ് സം​ഗീത ലോകം ഒന്നരപതിറ്റാണ്ട് പിന്നിടുകയാണ്.

അഞ്ച് സഹോദരന്മാർക്കൊപ്പം (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍) പിതാവ് ആരംഭിച്ച ജാക്‌സണ്‍ ഫൈവിലെ മിടുക്കനായ ​ഗായകൻ. മറ്റ് നാല് സഹോ​ദരന്മാർക്കുമില്ലാത്ത മറ്റെന്തോ പ്രത്യേകത ഏറ്റവും ഇളയവനായ മൈക്കിളിനുണ്ട് എന്ന് പാടാൻ തുടങ്ങും മുൻപെ അവന്റെ ചലനങ്ങളിലൂടെ അമ്മ കാതറിൻ മനസിലാക്കിയിരുന്നു, പിന്നീട് ട്രൂപ്പിന്റെ പെർഫോമൻസിലൂടെ പ്രേക്ഷകരും. പാട്ട് പാടാൻ മാത്രമല്ല, വ്യത്യസ്തമായ രീതിയിൽ നൃത്തം ചെയ്യുന്ന മൈക്കിളിന്റ ചലനങ്ങളും കണ്ടിരിക്കാൻ നിരവധി പേരാണ് ഒത്തുകൂടിയിരുന്നത്. 1969ൽ അമേരിക്കയിൽ ഇറങ്ങിയ മികച്ച പത്ത് പോപ് ഗാനങ്ങളിൽ നാലും മൈക്കിളിന്റേതായിരുന്നു. അന്ന് മൈക്കിളിന് പ്രായം 11. സംഗീത ലോകത്ത് അന്നാദ്യമായായിരുന്നു ഒരു പതിനൊന്നുകാരൻ ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്.

ജാക്സൺ ഫൈവ് എന്ന ​ഗായക സംഘത്തെ പ്രശസ്തിയിലെത്തിച്ചതിന് പിന്നിൽ മൈക്കിളിന്റെ പങ്ക് വളരെ വലുതായിരുന്നു. അതുകൊണ്ട് തന്നെയാണ് സോളോ പെ‍ർഫോമറാകാനുള്ള മെെക്കിളിന്‍റെ തീരുമാനത്തോട് കുടുംബം അസ്വാരസ്യം കാട്ടിയത്. സോളോ പെ‍ർ‌ഫോമറായുള്ള മൈക്കിളിന്റെ പോപ് ലോകത്തേക്കുള്ള എൻട്രി ശരിക്കും ഒരു ചരിത്രം തന്നെയായിരുന്നു. 'ത്രില്ലര്‍ ' പോപ് സംഗീത ലോകത്തെ ഇളക്കി മറിച്ചു. 'ബീറ്റ് ഇറ്റും', 'ബില്ലി ജീനും' 'ത്രില്ലറു'മൊക്കെ ലോകം ഒന്നുപോലെ ഏറ്റുപാടി. മൈക്കിളിനെ കാണാൻ, കേൾക്കാൻ ജനസാഗരം അയാൾക്ക് പിന്നാലെ ഒഴുകിയെത്തി.

1987ല്‍ ഇറങ്ങിയ 'ബാഡിലെ ' ഡര്‍ട്ടി ഡയാനയും 'ബാഡു'മടക്കം അഞ്ച് ഗാനങ്ങള്‍ തുടരെ തുടരെ ഹിറ്റായപ്പോള്‍ മൈക്കിള്‍ പ്രശസ്തിയുടെ പരകോടിയിലെത്തി. മൈക്കിള്‍ ജാക്സനെന്ന ലഹരി കടലും കരയും അതിർത്തികളും ഭാഷകളും കടന്നു. പോപ് സംഗീതത്തിൽ 'ബീറ്റിൽസ്' എന്ന ലോക പ്രശ്സ്ത സംഗീത ബാൻഡിന്റെ സ്വീകാര്യതയ്ക്ക് പോലും കൊട്ടം തട്ടുന്നതായിരുന്നു മൈക്കിളിന്റെ വൺ മാൻ ഷോ.

ഒരു ഗായകനെന്നതിലുപരി അവൻ മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചവനാണ്, അത് മനസിലാക്കാൻ പലർക്കും സാധിച്ചിരുന്നില്ല എന്ന് 'മൈക്കിള്‍ ജാക്‌സണ്‍: ദ ലൈഫ് ഓഫ് ആന്‍ ഐക്കണ്‍' എന്ന ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ മാതാവ് കാതറിൻ പറയുന്നുണ്ട്. ആരേയും വേദനിപ്പിക്കാനറിയാത്ത മൈക്കിളിന് മേൽ വീണ ആരോപണങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു.

ബാലപീഡകന്‍, മയക്കുമരുന്നിന് അടിമ തുടങ്ങി പല ലേബലും മൈക്കിളിന് മേൽ ചാർത്തപ്പെട്ടു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അവരെ സഹായിച്ചിരുന്ന മൈക്കിളിന് എങ്ങനെയാണ് അതിന് സാധിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയടക്കം ലോകത്തോട് ചോദിച്ചിരുന്നത്. 'അവൻ എല്ലാവരെയും വിശ്വസിക്കും, അങ്ങേയറ്റം സ്‌നേഹിക്കും. അതുതന്നെയാണ് അവന്റെ ദൗര്‍ബല്യവും, എന്നാണ് മൈക്കിൾ ജാക്സന്റെ മാതാവ് പറഞ്ഞത്.

മൈക്കിളിനെതിരായുള്ള പീഡന ആരോപണം പണത്തിനു വേണ്ടിയായിരുന്നുവെന്ന് അമ്മ കാതറീനും മൈക്കിളിന്റെ അടുത്ത കൂട്ടുകാരും വിശ്വസിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്ക് ചെയ്ത ശസ്ത്രക്രിയ ത്വക്‌രോഗത്തിന് കാരണമായ സംഭവവും ദുരന്തമായി കലാശിച്ച രണ്ട് വിവാഹങ്ങളും... എന്നിട്ടും ഈ സംഭവങ്ങളൊന്നും മൈക്കിൾ ജാക്സന്റെ പ്രൗഢിയെ ബാധിച്ചിരുന്നില്ല.

വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ 2009-ൽ ഒരു തിരിച്ചുവരവിനൊരുങ്ങി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. മൈക്കിളുണ്ടാക്കിയെടുത്ത പോപ് സം​ഗീതത്തിന്റെ ഒരു യുഗം അവിടെ അവസാനിച്ചപ്പോൾ ആരാധക‍രെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പോപ് സം​ഗീത ലോകത്ത് പിന്നെയും നിരവധി ​ഗായകർ വേദിയിൽ വിസ്മയം തീ‍ർ‌ത്ത് ആടി. പക്ഷെ ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ലഹരിയാക്കിയവർക്ക് ആ മൂണ്‍ വാക്ക‍ർ തന്നെയായിരുന്നു എന്നും പോപ് രാ​ജാവ്. അയാളുണ്ടാക്കിയ വിടവ് ഇന്നും അങ്ങനെ തന്നെ...

മൈക്കിൾ ജാക്സന്റെ കഥ സിനിമയായും ഡോക്യുമെന്ററിയായും പല ഭാഷകളിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും ജാക്‌സന്റെ സുഹൃത്തും സന്തത സഹചാരിയുമായ ഡേവിഡ് ഗെസ്റ്റ് നിര്‍മ്മിച്ച് ആന്‍ഡ്രൂ ഈസ്റ്റല്‍ സംവിധാനം ചെയ്ത 'മൈക്കിള്‍ ജാക്‌സണ്‍: ദ ലൈഫ് ഓഫ് ആന്‍ ഐക്കണ്‍' എന്ന ഡോക്യുമെന്ററി മൈക്കിളിന്റെ അറിയകഥകൾ പ്രേക്ഷക‍ർക്കു മുന്നിൽ തുറന്ന് കാട്ടുന്നതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com