റിയാന്‍ പരാഗ് അങ്ങനെ റോയല്‍ പരാഗായി; മാറ്റത്തിന്റെ റിയാന്‍ പരാഗ് 2.0

ഈ മാറ്റത്തിന് പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെ കഥയുണ്ട്. തിരിച്ചുവരവിനായുള്ള ആഗ്രഹമുണ്ട്.
റിയാന്‍ പരാഗ് അങ്ങനെ റോയല്‍ പരാഗായി; മാറ്റത്തിന്റെ റിയാന്‍ പരാഗ് 2.0

ഇത് റിയാന്‍ പരാഗിന്റെ കഥയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ വലം കയ്യന്‍ ബാറ്ററായ അസം സ്വദേശി. 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ പരാഗുമുണ്ടായിരുന്നു. അടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലെത്തി. പക്ഷേ ഏതാനും ചില ഇന്നിംഗ്‌സുകളിലായി അയാളുടെ മികവ് ഒതുങ്ങിപ്പോയി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് തുടക്കമാകുന്നതിന് മുമ്പുള്ള സമയം. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു സംസാരം ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരുമുണ്ട്. പിന്നെ ഒരു റിയാന്‍ പരാഗുമുണ്ട്. മോശം പ്രകടനം നടത്തുന്ന ഒരു കളിക്കാരനുള്ള പരിഹാസമായിരുന്നു അത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കഥ മാറി. ഇന്നയാള്‍ റിയാന്‍ പരാഗല്ല, റോയല്‍ പരാഗാണ്. രണ്ട് മത്സരങ്ങളില്‍ അയാള്‍ ഒറ്റയ്ക്ക് സാഹചര്യങ്ങള്‍ മാറ്റിമറിച്ചു. ഈ ഒരു മാറ്റത്തിന് പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെ കഥയുണ്ട്. തിരിച്ചുവരവിനായുള്ള ആഗ്രഹമുണ്ട്. ഐപിഎല്ലിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പരാഗ് പരിക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. ഐപിഎല്‍ കളിക്കണമെന്ന ആഗ്രഹുമായി പരിക്കിനെ മറികടക്കാന്‍ പരാഗ് പ്രത്യേകം ശ്രദ്ധിച്ചു. ഇതുകണ്ട് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഇത് പുതിയ റിയാന്‍ പരാഗാണ്. അതായത് റിയാന്‍ പരാഗ് 2.0.

ലക്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ പരാഗ് ഭേദപ്പെട്ട സംഭാവന നല്‍കി. 29 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 43 റണ്‍സെടുത്തു. അതിനേക്കാള്‍ വലുതായിരുന്നു മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണിന് നല്‍കിയ പിന്തുണ. ഇരുവരും കൂട്ടിച്ചേര്‍ത്തത് 93 റണ്‍സാണ്. പക്ഷേ ശാരീരികസ്വസ്ഥതകള്‍ കാരണം താരം വീണ്ടും കിടപ്പിലായി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തിരിച്ചെത്തി. തന്റെ ടീം തകര്‍ന്നപ്പോള്‍ തകര്‍പ്പന്‍ ഒരു ഇന്നിംഗ്‌സിലൂടെ പരാഗ് കളം പിടിച്ചു. 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 84 റണ്‍സുമായി പരാഗ് പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനെതിരെയും പരാഗായിരുന്നു രാജസ്ഥാന്റെ താരം. പുറത്താകാതെ 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമായി 54 റണ്‍സെടുത്ത് യുവതാരം മുംബൈയെ തകര്‍ത്തെറിഞ്ഞു.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി പരാഗ് പ്രതിസന്ധിയുടെ നടുക്കടലിലായിരുന്നു. മോശം ഫോം അയാളെ അലട്ടിയ കാലഘട്ടമായിരുന്നു അത്. പക്ഷേ പരാഗിന് പിന്തുണയുമായി അയാളുടെ മാതാവ് ഉണ്ടായിരുന്നു. തന്റെ മകന്റെ കഴിവില്‍ ആ മാതാവ് വിശ്വസിച്ചു. മകന്റെ പ്രകടനം കാണാന്‍ സ്റ്റേഡിയങ്ങളിലെത്തി. പരാഗ് നിരാശപ്പെടുത്തിയില്ല. രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര, നായകന്‍ സഞ്ജു സാംസണ്‍ ഇവരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ചു. ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇന്നിംഗ്‌സ് കെട്ടിപ്പൊക്കി. ഇപ്പോള്‍ ഓറഞ്ച് ക്യാപുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി നില്‍ക്കുന്നു. 22കാരന്‍ താരം ഇപ്പോഴൊരു യാത്രയിലാണ്. അത് ഇന്ത്യന്‍ ദേശീയ ടീമിലേക്കാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com