

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് സെയ്ഫ് അലി ഖാൻ. പലപ്പോഴും താരത്തിന്റെ ലുക്കും ഫിറ്റ്നെസ്സുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചർമ്മ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാൻ. വിലകൂടിയ ഉൽപ്പന്നങ്ങളേക്കാൾ സന്തുലിതമായ ജീവിതശൈലിക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് സഹോദരി സോഹ അലി ഖാനുമായുള്ള അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
'നല്ല ഉറക്കം, ശരിയായ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് സെയ്ഫ് പറഞ്ഞു. "ഇതൊരു സമഗ്രമായ പ്രക്രിയയാണ്. നന്നായി ഉറങ്ങണം, പോഷകാഹാരം കഴിക്കണം, പ്രത്യേകിച്ച് എന്റെ പ്രായത്തിലുള്ളവർ. നിങ്ങൾ ചെയ്യുന്ന ഓരോ ചെറിയ കാര്യവും നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കും. സുന്ദരനായിരിക്കാൻ നിങ്ങൾ ജീവിതത്തിൽ കൃത്യമായ അച്ചടക്കം പാലിക്കണം', സെയ്‌ഫിന്റെ വാക്കുകൾ. അൻപതുകളിൽ എത്തിയവർക്ക് നൽകാനുള്ള ചർമ്മ സംരക്ഷണത്തെക്കുറിച്ചും നടൻ മനസുതുറന്നു.
'എന്റെ ജീവിതശൈലിയുടെയും ചിന്തകളുടെയും പ്രതിഫലനമാണ് എന്റെ മുഖം. ഇനി എന്ത് ചെയ്താലും അത് ശരീരത്തെ ബാധിക്കില്ല എന്ന് കരുതരുത്. വെറും വ്യായാമം മാത്രമല്ല, 30-കളിൽ ഉള്ളതുപോലെ പുകവലിക്കാനോ മദ്യപിക്കാനോ ശ്രമിക്കുന്നത് അപകടകരമാണ്. നിങ്ങൾക്ക് ഇപ്പോൾ പ്രായം പഴയതുപോലെയല്ല, അത് നിങ്ങളുടെ ശരീരത്തെ വല്ലാതെ ബാധിക്കും. ആ കാലം കഴിഞ്ഞു എന്ന് സമ്മതിക്കാൻ കുറച്ച് സമയമെടുക്കും. അമിതമായി അധ്വാനിക്കുന്നത് മൂലം ഈ പ്രായത്തിൽ ആളുകൾ മരണപ്പെടുന്നതിനെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. അതിനാൽ വളരെ ശ്രദ്ധിക്കണം', നടന്റെ വാക്കുകൾ.
നെറ്റ്ഫ്ലിക്സ് ചിത്രം ജുവൽ തീഫ് ആണ് അവസാനം പുറത്തുവന്ന സെയ്ഫ് അലി ഖാൻ ചിത്രം. കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജുവൽ തീഫ്'. ഒരു ഹീസ്റ്റ് ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ സിനിമ കഴിഞ്ഞ വർഷം ഏപ്രിൽ 25 നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. വളരെ മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ്, കഥ, തിരക്കഥ, പ്രകടനം തുടങ്ങിയവയെല്ലാം വിമർശനത്തിനിരയായി.

മാര്‍ഫ്ലിക്സ് പിക്ചേഴ്സിന്‍റെ ബാനറില്‍ സിദ്ധാര്‍ഥ് ആനന്ദും മംമ്ത ആനന്ദും ചേര്‍ന്നാണ് ജുവൽ തീഫ് നിര്‍മ്മിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാന് ഒപ്പം ജയ്ദീപ് അഹ്‍ലാവത്ത്, നിഖിത ദത്ത, കുണാല്‍ കപൂര്‍, കുല്‍ഭൂഷണ്‍ ഖര്‍ബന്ദ, ഉജ്ജവല്‍ ഗൗരഹ, ഗഗന്‍ അറോറ, ഷാജി ചൗധരി, സുമിത് ഗുലാത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് ലോഗന്‍റേതാണ് തിരക്കഥ. സുമിത് അറോറയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ജിഷ്ണു ഭട്ടാചര്‍ജി, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്. വന്‍ വിജയം നേടിയ പത്താൻ, ബാംഗ് ബാംഗ് അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന സിദ്ധാര്‍ഥ് ആനന്ദ്.
Content Highlights: Bollywood actor Saif Ali khan reveals his skincare routine, fans surprised by his dedication and healthcare