മാഞ്ഞിട്ടും മായാത്ത സൗകുമാര്യ ഭാവങ്ങൾക്ക് 11 വയസ്സ്

അഭിനയിച്ചു മനോഹരമാക്കിയ ഓരോ വേഷവും മനസിന്റെ ആഴങ്ങളിൽ തുന്നിചേർക്കുന്ന ശീലം സുകുമാരിയുടെ കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നു.
മാഞ്ഞിട്ടും മായാത്ത സൗകുമാര്യ ഭാവങ്ങൾക്ക് 11 വയസ്സ്

നിറയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓർമകളെല്ലാം ബാക്കിയാക്കി സുകുമാരിയെന്ന മഹാവിസ്മയം നമ്മിൽ നിന്നും മാഞ്ഞിട്ട് ഇന്നേക്ക് 11 വർഷങ്ങൾ. മലയാള സിനിമയുടെ വളർച്ചയിൽ കൂടെ നടന്ന അഭിനേത്രികളിൽ ഒരാളായിരുന്നു സുകുമാരി. മലയാളത്തിന്റെ അമ്മ എന്ന തൂലികയിലേക്ക് മാത്രമായി ഒരിക്കലും സുകുമാരിയെ ചേർത്തു വെയ്ക്കാൻ കഴിയില്ല. ചിലപ്പോഴൊക്കെ ഒരുപാട് ചിരിപ്പിക്കുന്ന ഡിക്കമ്മായിയായി,സാന്ത്വനത്തോടെ ചേർത്ത് നിർത്തുന്ന മാ​ഗിയാന്റിയായി അല്ലെങ്കിൽ ക്രൂരയായ ഒരു അമ്മായിയമ്മയായി, അതുമല്ലങ്കിൽ കുടുംബ സ്നേഹിയായ അമ്മയായി അങ്ങനെ പറഞ്ഞാൽ തീരാത്ത വേഷഭാവങ്ങളുളള അഭിനയ മോഹിയായിരുന്നു സുകുമാരി എന്ന നടി. ദേഷ്യമോ സന്തോഷമോ സങ്കടമോ ഏതുമായിക്കൊട്ടെ തന്റെ അഭിനയം കൊണ്ട് മികച്ചതാക്കാത്ത സുകുമാരിയുടെ ഭാവങ്ങൾ കുറവാണ്.

ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി 2,500 ലധികം സിനിമകളിൽ സുകുമാരി തൻ്റെ അഭിനയ മികവ് പ്രകടിപ്പിച്ചു. തന്റെ പത്താമത്തെ വയസിലാണ് സുകുമാരി സിനിമ രം​ഗത്തേക്ക് എത്തുന്നത്. ഓർ ഇരവു എന്ന തമിഴ് സിനിമയിൽ അഭിനയം ആരംഭിച്ച സുകുമാരി കാവ്യം ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നിലനിൽക്കുന്നു. തന്റെ പത്താം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന സുകുമാരിക്ക് ആറ് പതിറ്റാണ്ടിന് ഇപ്പുറവും തേടി വന്നത് മൂല്യമുളള കഥാപാത്രങ്ങൾ തന്നെയായിരുന്നു. സിനിമകളിൽ മാത്രമല്ല നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും സുകുമാരി തന്റെ നിറസാന്നിദ്ധ്യം തെളിയിച്ചിരുന്നു. 2003-ലാണ് സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്.

അഭിനയിച്ചു മനോഹരമാക്കിയ ഓരോ വേഷവും മനസിന്റെ ആഴങ്ങളിൽ തുന്നിചേർക്കുന്ന ശീലം സുകുമാരിയുടെ കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നു. ബോയിങ് ബോയിങ് സിനിമയിലെ ഡിക്കി അമ്മായിയെ പ്രേഷകർ അത്ര പെട്ടെന്ന് മറക്കാത്ത തരത്തിലാക്കിയതിൽ സുകുമാരിയുടെ അഭിനയരംഗങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഹാസ്യ രംഗങ്ങൾ കൊണ്ട് മോഹൻലാലും മുകേഷും കയ്യടി വാങ്ങിയെങ്കിലും ഡിക്കി അമ്മായി എന്ന കഥാപാത്രവും പ്രേഷക ഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. വന്ദനത്തിലെ മാഗിയാന്റിയായും മഴത്തുള്ളി കിലുക്കത്തിലെ കിക്കിളി ചേട്ടത്തിയയായും കാക്കകുയിലിലെ നമ്പീശന്റെ ഭാര്യയായും സുകുമാരി എത്തിയപ്പോൾ ഹാസ്യത്തിന്റെ പെരുമഴയാണ് പ്രേക്ഷകർക്ക് ലഭിച്ചത്.

ഈ കഥാപാത്രങ്ങൾക്ക് പകരം വേറൊരു അഭിനേത്രിയെ മനസ്സിൽ കാണാൻ പ്രേഷകർക്ക് കഴിയില്ലെന്ന് തന്നെ പറയാം. കിക്കിളി ചേട്ടത്തി ഒരേ സമയം വെറുപ്പിച്ചപ്പോഴും ചിരിപ്പിച്ചപ്പോഴും അത്ഭുതപെടുത്തിയത് സുകുമാരിയുടെ അഭിനയം തന്നെയാണ്.ഡിക്കി അമ്മായിയും മോഹൻലാലും ചേർന്ന് മനോഹരമാക്കിയ രംഗങ്ങൾ കൊണ്ട് വന്ദനം ഇന്നും പ്രേഷക ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുമ്പോൾ സുകുമാരിയെ മലയാള സിനിമ മറക്കുന്നത് എങ്ങനെയാണ്. മലയാള സിനിമ ചരിത്രത്തിൽ സ്വാഭാവിക അഭിനയത്തിന്റെ മികവുറ്റ നിമിഷങ്ങൾ ബാക്കിവെച്ച് മലയാളികളുടെ സുകുമാരിയമ്മ 2013 മാർച്ച് 26 ന് അന്തരിച്ചു. എന്നാൽ ആ ദിവസം വിടവാങ്ങിയത് സുകുമാരി എന്ന വ്യക്തി മാത്രമാണ്. കാലങ്ങൾ എത്ര കഴിഞ്ഞാലും സുകുമാരി ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേഷകർ സുകുമാരിയമ്മയെ ഓർക്കുക തന്നെ ചെയ്യും

Related Stories

No stories found.
logo
Reporter Live
www.reporterlive.com