

ട്വന്റി20 ലോകകപ്പ് ഫൈനലിലെ താരമായ ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവിനേക്കുറിച്ച് അറിയാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാകില്ല. എന്നാല്‍ മൈതാനത്തെ പ്രകടനം പോലെ തന്നെ മാസ്മരികമായ ബുംറയുടെ സാമ്പത്തിക വളര്‍ച്ചയേപ്പറ്റി അറിയാവുന്നവര്‍ വിരളമാണ്. കേവലം ബൗളര്‍ എന്നതിലുപരി, ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായി ബുംറ മാറിക്കഴിഞ്ഞു. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറയുടെ ആസ്തി ഏകദേശം 54 മുതല്‍ 63 കോടി രൂപവരെ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

കോടികള്‍ ഒഴുകുന്ന വരുമാന വഴികള്‍
ബുംറയുടെ വരുമാനത്തില്‍ പ്രധാന പങ്കും ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നാണ് ലഭിക്കുന്നത്. 'ഗ്രേഡ് എ' കാറ്റഗറിയിലുള്ള ബുംറയ്ക്ക് വര്‍ഷം തോറും 5 കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. കളത്തിലിറങ്ങുന്ന ഓരോ മത്സരത്തിനും ലക്ഷങ്ങള്‍ മാച്ച് ഫീയായും ലഭിക്കും. ഒരു ടെസ്റ്റ് കളിക്കുന്നതിന് 15 ലക്ഷവും, ഏകദിനത്തിന് 6 ലക്ഷവും, ടി20ക്ക് 3 ലക്ഷവുമാണ് ബുംറ കൈപ്പറ്റുന്നത്. കൂടാതെ, ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായ ബുംറയ്ക്ക് 2026 സീസണില്‍ മാത്രം 16 കോടി രൂപയോളമാണ് പ്രതിഫലമായി ലഭിക്കുന്നത്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരു ദിവസത്തേക്ക് മാത്രം ഏകദേശം 1.80 കോടി രൂപയാണ് താരം ഈടാക്കുന്നത്.
ആഡംബര വീടുകള്‍
ക്രിക്കറ്റ് തിരക്കുകളില്‍നിന്ന് മാറി വിശ്രമിക്കാന്‍ ബുംറയ്ക്ക് സ്വന്തമായി മനോഹരമായ രണ്ട് വീടുകളുണ്ട്. അഹമ്മദാബാദിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബംഗ്ലാവ് ഏകദേശം നാലര കോടി രൂപ വിലമതിക്കുന്നതാണ്. സ്വന്തമായി ജിംനേഷ്യവും വിശാലമായ പൂന്തോട്ടവും ഇവിടെയുണ്ട്. കൂടാതെ മുംബൈയില്‍ തങ്ങാനായി രണ്ട് കോടിയിലധികം രൂപയുടെ ആഡംബര അപാര്‍ട്ട്‌മെന്റും ബുംറ സ്വന്തമാക്കിയിട്ടുണ്ട്. പുണെയിലും അദ്ദേഹത്തിന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
വണ്ടിക്കമ്പവും വാച്ചുകളും
ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തിലും ബുംറ ഒട്ടും പിന്നിലല്ല. മെഴ്സിഡസ് മെയ്ബാക്ക്, നിസാന്‍ ജിടിആര്‍, റേഞ്ച് റോവര്‍ വെലാര്‍ എന്നിങ്ങനെ ലോകപ്രശസ്ത ലക്ഷ്വറി കാറുകള്‍ ബുംറയുടെ ഗരാജിലുണ്ട്. കൂടാതെ നിത്യേനയുള്ള യാത്രകള്‍ക്കായി ടൊയോട്ട ഫോര്‍ച്യൂണറും ഹ്യുണ്ടായ് വെര്‍ണയും അദ്ദേഹം ഉപയോഗിക്കുന്നു. ആഡംബര വാച്ചുകളോട് ഭ്രമമുള്ള വ്യക്തിയാണ് ബുംറ എന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റോളക്‌സ്, ഓഡെമര്‍സ് പിഗുവറ്റ് തുടങ്ങി ലക്ഷങ്ങളും കോടികളും വിലവരുന്ന വാച്ചുകള്‍ ബുംറയുടെ കൈവശമുണ്ട്.
പന്തുകള്‍കൊണ്ട് ബാറ്റമാരെ വട്ടം കറക്കുന്നതുപോലെ ബ്രാന്‍ഡ് മൂല്യംകൊണ്ടും ലോകത്തെ ഞെട്ടിക്കുകയാണ് ഈ ഗുജറാത്തുകാരന്‍. ലോകകപ്പ് നേട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പം തന്നെ ചേര്‍ത്തുവെക്കാവുന്ന പ്രകടനമാണ് ബുംറയും പുറത്തെടുത്തത്. ഫൈനലില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത പ്രകടനമാണ് ബുംറയെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ഫോമില്‍ മൈതാനത്ത് തുടരുന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ താരത്തിന്റെ ആസ്തി ഇനിയും കുതിച്ചുയരുമെന്ന് ഉറപ്പാണ്.
Content Highlights: Jasprit Bumrah Net Worth in 2026: Salary, Cars, Endorsements & Lifestyle