ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്, ജി സുധാകരനും പാർട്ടിയും പുനരാലോചിക്കുന്നതാണ് നല്ലത്: എം എ ബേബി

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്

ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്, ജി സുധാകരനും പാർട്ടിയും പുനരാലോചിക്കുന്നതാണ് നല്ലത്: എം എ ബേബി
dot image

തിരുവനന്തപുരം: മുതിർന്ന നേതാവ് ജി സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. സുധാകരനും പാർട്ടിയും പുനരാലോചിക്കാൻ തയ്യാറാകണമെന്നാണ് എം എ ബേബിയുടെ വാക്കുകൾ. മാധ്യമങ്ങളോട് വളരെ ഹ്രസ്വമായാണ് ഈ വിഷയത്തിൽ അദ്ദേഹം സംസാരിച്ചത്.

'ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് ഇന്നലെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചതും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതും. അത് അത്യന്തം ദൗർഭാഗ്യകരമാണ്. ആ തീരുമാനം പുനരാലോചിക്കുന്നതാണ് അദ്ദേഹത്തിനും അദ്ദേഹം ഇത്ര കാലം പ്രവർത്തിച്ച പ്രസ്ഥാനത്തിനും നല്ലത്,' എം എ ബേബി പറഞ്ഞു.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ രാത്രിയിൽ ജി സുധാകരനെതിരെ ജന്മനാട്ടിൽ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ ഉയർന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചാണ് ബാനർ. 'കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്.

Content Highlights: M A Baby responds to G Sudhakaran and CPIM issue. He says Party and G Sudhakaran should rethink their decisions

dot image
To advertise here,contact us
dot image