സച്ചിനെയും കോഹ്‌ലിയെയും പോലൊരു വനിത; ആര്യന സബലേങ്കയ്ക്ക് ഇത് രണ്ടാം ജന്മം

തിരിച്ചടികളിൽ തളരാൻ ആ കായിക താരം തയ്യാറായിരുന്നില്ല.
സച്ചിനെയും കോഹ്‌ലിയെയും പോലൊരു വനിത; ആര്യന സബലേങ്കയ്ക്ക് ഇത് രണ്ടാം ജന്മം

ആര്യന സബലേങ്ക, ബെലാറൂസിൽ നിന്നുള്ള ടെന്നിസ് താരം. ഓസ്ട്രേലിയൻ ഓപ്പണിലും യു എസ് ഓപ്പണിലും ഓരോ തവണ കിരീടം നേടിയിട്ടുണ്ട്. ലോക ഒന്നാം നമ്പർ താരമായിരുന്നു. ഇപ്പോൾ അവർക്ക് 25 വയസ് മാത്രമാണുള്ളത്. കരിയർ ഏറെ നീണ്ടുനിൽക്കുന്നു. പക്ഷേ ഈ കാലയളവിൽ തന്നെ സബലേങ്ക നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളെയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറിനെയും വിരാട് കോഹ്‌ലിയെയും ഓർമ്മിപ്പിക്കുന്നു അവർ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് സബലേങ്കയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടു. അന്ന് സബലേങ്കയ്ക്ക് വയസ് 19. മെനിഞ്ചൈറ്റിസ് രോ​ഗ ബാധയെ തുടർന്നാണ് പിതാവിന്റെ മരണം. ജീവിതത്തിലെ വലിയൊരു നഷ്ടത്തിൽ നിന്ന് അവർ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അതിന് കാരണം കോൺസ്റ്റാന്റീൻ കോൾസോവ് എന്നൊരാളായിരുന്നു.

2021ൽ സബലേങ്ക ഇൻസ്റ്റാ​ഗ്രാം വഴിയാണ് കോൾസോവിനെ പരിചയപ്പെട്ടത്. സബലേങ്കയുടെ പിതാവ് സെർജി സബലേങ്കയെപ്പോലെ ഒരു ഐസ് ഹോക്കി താരമായിരുന്നു കോൾസോവ്. ഇതാവും ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് 42കാരനായ കോൾസോവിനെ മയാമിയിൽ ഒരു ഹോട്ടലിൽ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്നായിരുന്നു മയാമി പൊലീസിന്റെ പ്രാഥമിക നി​ഗമനം. 25 വയസിൽ രണ്ടാമതൊരു വലിയ ദുരന്തത്തെ കൂടെ സബലേങ്ക നേരിടേണ്ടതായി വന്നു. പക്ഷേ തിരിച്ചടികളിൽ തളരാൻ ആ കായിക താരം തയ്യാറായിരുന്നില്ല.

ഏറ്റവും പ്രിയപ്പെട്ടയാൾ മരിച്ചതിന്റെ നാലാം ദിവസം അവർ ടെന്നിസിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. ഇവിടെയാണ് സച്ചിനും കോഹ്‌ലിയും സബലേങ്കയുടെ ജീവിതത്തിന് സമാനതകൾ സൃഷ്ടിക്കുന്നത്. 1999ലെ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനിടെയാണ് സച്ചിന് തന്റെ പിതാവിനെ നഷ്ടമാകുന്നത്. സച്ചിൻ നാട്ടിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യ പരാജയം നേരിട്ടു. തിരിച്ചുവന്നപ്പോൾ വിജയവും സ്വന്തമാക്കി. ക്രിക്കറ്റ് ത്യാ​ഗങ്ങളുടെ കൂടെ വിനോദമാണെന്ന് ഒരു തലമുറയെ പഠിപ്പിച്ച കഥയാണിത്. അത് പിൻതുടർന്നത് വിരാട് കോഹ്‌ലിയും. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കായി കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പിതാവിന്റെ വി​യോ​ഗ വാർത്ത താരത്തെ തേടിയെത്തിയത്. കോഹ്‌ലി ക്രീസിൽ തുടർന്നില്ലായിരുന്നുവെങ്കിൽ ഡൽഹിക്ക് പരാജയം ഉറപ്പായിരുന്നു. ആ കൗമാരക്കാരന്റെ സെഞ്ച്വറി മികവിൽ മത്സരം സമനിലയിലേക്ക് നീക്കാൻ ഡൽഹിക്ക് കഴിഞ്ഞു.

അങ്ങനെ കളിക്കളത്തിലേക്ക് മടങ്ങി വന്ന സബലേങ്ക മയാമി ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ ആദ്യ മത്സരം വിജയിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ അവർ പരാജയപ്പെട്ടു. പക്ഷേ കരിയർ ഇനിയും ബാക്കിയാണ്. 24 വയസിൽ ഒരു ​ഗ്രാൻഡ്സ്ലാം കിരീടം പോലും സബലേങ്ക വിജയിച്ചിരുന്നില്ല. ഒരു വർഷത്തിനുള്ളിൽ ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ രണ്ടായി. ലോക ഒന്നാം നമ്പർ താരമായി. ഇനിയും നേടാൻ ഏറെയുണ്ട്. ജീവിതത്തോട് പോരാട്ടം തുടർന്നാൽ മാത്രം മതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com