നോമ്പ് ദൈവത്തിന് വേണ്ടി, ഫുട്ബോൾ ജീവിതത്തിനും; ഒഴിഞ്ഞ വയറുമായി ഫുട്ബോൾ കളിച്ച് അമദ് ദിയാലോ

ഇതിഹാസ താരം ലയണൽ മെസ്സിയെ അനുകരിച്ച് ഷർട്ടൂരി ആഘോഷം.
നോമ്പ് ദൈവത്തിന് വേണ്ടി, ഫുട്ബോൾ ജീവിതത്തിനും; ഒഴിഞ്ഞ വയറുമായി ഫുട്ബോൾ കളിച്ച് അമദ് ദിയാലോ

ഇം​ഗ്ലീഷ് എഫ് എ കപ്പിന്റെ ക്വാർട്ടർ ഫൈനൽ കണ്ടവർക്കാർക്കും അമദ് ദിയാലോയെ മറക്കാൻ കഴിയില്ല. നിശ്ചിത സമയവും അധിക സമയവും അവസാനിച്ച ശേഷം ദിയാലോയുടെ ​ഗോൾ പിറന്നു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കിരീടത്തിന് മത്സരിക്കുന്ന ലിവർപൂൾ ആ ഒരൊറ്റ ​ഗോളിൽ കണ്ണീരണിഞ്ഞു. തോൽവി ഭാരത്തോടെ പുറത്തേയ്ക്ക് പോകാനുള്ള യർ​ഗൻ ക്ലോപ്പിന്റെയും സംഘത്തിന്റെയും വിധിയായിരുന്നു ആ ​ഗോൾ. ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതിരുന്ന ശേഷമാണ് ദിയാലോ കളത്തിലിറങ്ങിയത്.

85-ാം മിനിറ്റിൽ പകരക്കാരനായി ദിയാലോ കളത്തിലെത്തി. 121-ാം മിനിറ്റിൽ ലിവർപൂളിന്റെ നെഞ്ച് തകർത്ത ​ഗോൾ പിറന്നു. പിന്നാലെ ഇതിഹാസ താരം ലയണൽ മെസ്സിയെ അനുകരിച്ച് ഷർട്ടൂരി ആഘോഷം. ഇതിന് റഫറി മഞ്ഞ കാർഡ് ദിയാലോയുടെ നേരെ ഉയർത്തി. മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് ലഭിച്ച താരം ​സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് മടങ്ങി. പക്ഷേ അപ്പോഴേയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയം ഉറപ്പിച്ചിരുന്നു. എങ്കിലും ഒഴിഞ്ഞ വയറുമായി ഫുട്ബോൾ തട്ടിയ താരത്തിനെതിരെ ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ ദിയാലോയുടെ മറുപടിയും വന്നിരിക്കുന്നു.

പുണ്യ റമദാനിൽ നോമ്പെടുക്കുന്നതിൽ താൻ ഏറെ സന്തോഷവാനാണ്. അത് ദൈവത്തിന് വേണ്ടി ചെയ്യുന്നതാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നതിൽ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് താരം പ്രതികരിച്ചു. എന്നുവെച്ചാൽ ദിയാലോയുടെ വിശപ്പ് വിജയത്തിനുവേണ്ടിയാണ്. ഫുട്ബോൾ ജീവിതത്തിനും വേണ്ടിയും.

21കാരനായ ദിയാലോ തന്റെ ഫുട്ബോൾ ജീവിതത്തിന് തുടക്കം കുറിച്ചതേയുള്ളു. ഐവറി കോസ്റ്റുകാരനായ താരം 2019ൽ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് അറ്റ്ലാന്റ ബി സിയിൽ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചു. 17-ാം വയസിൽ ഇറ്റാലിയൻ ഫുട്ബോൾ ലീ​ഗിൽ ​ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകൻ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറുടെ ശ്രദ്ധ ലഭിച്ചതോടെ ദിയാലോയുടെ ഫുട്ബോൾ ജീവിത്തിന് വഴിത്തിരിവുണ്ടായി. പിന്നെ 170 കോടി രൂപയ്ക്ക് താരത്തെ യുണൈറ്റഡ് സ്വന്തമാക്കി. സ്കോട്ലാൻഡിൽ റേഞ്ചേഴ്സ് എഫ് സിയിലും പിന്നെ ഇം​ഗ്ലണ്ടിലെ സണ്ടർലാൻഡ് എ എഫ് സിയിലും വിട്ട് കളി പഠിപ്പിച്ചു.

ഒടുവിൽ 2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങിയെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലെ സ്ഥിരസാന്നിധ്യം ആയിട്ടില്ലെങ്കിലും ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടാൻ ഈ യുവതാരത്തിന് ഇതിനോടകം കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com