വിരാട് കോഹ്‌ലി മുതൽ ഉൻമുക്ത് ചന്ദ് വരെ; അണ്ടർ 19 ലോകകപ്പിലെ വിജയപരാജയങ്ങൾ

2004ലെ ലോകകപ്പിൽ 505 റൺസുമായി ശിഖർ ധവാൻ ടോപ് സ്കോററായി.
വിരാട് കോഹ്‌ലി മുതൽ ഉൻമുക്ത് ചന്ദ് വരെ; അണ്ടർ 19 ലോകകപ്പിലെ വിജയപരാജയങ്ങൾ

അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. ഇതുവരെ അഞ്ച് കിരീടങ്ങൾ നേടിയ ഇന്ത്യയാണ് അണ്ടർ 19 ലോകകപ്പ് കൂടുതൽ തവണ നേടിയ ടീം. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ കൗമാര ക്രിക്കറ്റിന്റെ ഫൈനൽ കളിക്കാനൊരുങ്ങുന്നത്. 1988ൽ ആരംഭിച്ച അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകളാണ് നൽകിയത്. എന്നാൽ ചില താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ പരാജയപ്പെട്ടുപോയി.

1988ൽ പ്രഥമ ലോകകപ്പ് യൂത്ത് ലോകകപ്പ് എന്നാണ് അറിയപ്പെട്ടത്. പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയൻ യങ് ക്രിക്കറ്റേഴ്സ് ചാമ്പ്യന്മാരായി. നയൻ മോം​ഗിയ, വെങ്കിടപതി രാജു എന്നിവർ ഇന്ത്യൻ യങ് ക്രിക്കറ്റേഴ്സിന്റെ ഭാ​ഗമായിരുന്നു. എന്നാൽ പിന്നീട് 10 വർഷത്തിന് ശേഷമാണ് അണ്ടർ 19 ലോകകപ്പ് നടന്നത്. 1998 മുതൽ എല്ലാ രണ്ട് വർഷങ്ങിലും കൗമാരപ്പടയുടെ ലോകപോരാട്ടം നടന്നു.

1998ലെ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ചവരാണ് വിരേന്ദർ സേവാ​ഗ്, ഹർഭജൻ സിം​ഗ്, മുഹമ്മദ് കൈഫ് എന്നിവർ. ഒരു ബാറ്ററിനേക്കാൾ ഉപരിയായി ഓഫ് സ്പിന്നറായാണ് സേവാ​ഗ് ലോകകപ്പിൽ തിളങ്ങിയത്. ഏഴ് വിക്കറ്റുകൾ സേവാ​ഗ് വീഴ്ത്തി. അതേ ലോകകപ്പിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിം​ഗിനും ഇന്ത്യൻ ടീമിലേക്ക് വിളി ലഭിച്ചു.

1998ലെ ലോകകപ്പ് കളിച്ച അനുഭവ പരിചയം 2000ത്തിൽ മുഹമ്മദ് കൈഫിന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ലഭിക്കാൻ ഇടയാക്കി. മൂന്ന് അർദ്ധ സെഞ്ച്വറിയടക്കം 251 റൺസാണ് ഈ ലോകകപ്പിൽ കൈഫ് അടിച്ചുകൂട്ടിയത്. ഒപ്പം ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിക്കാനും കൈഫിന് സാധിച്ചു. ഇതേ ടൂർണമെന്റിൽ മാൻ ഓഫ് ദ സീരിസ് ആയത് യുവരാജ് സിംഗായിരുന്നു. 203 റൺസും 12 വിക്കറ്റുമായിരുന്നു യുവി ലോകകപ്പിൽ നേടിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുതാരങ്ങളും ഇന്ത്യൻ ടീമിലേക്ക് കടന്നുവന്നു.

2002ലെ ലോകകപ്പിൽ ന്യൂബോളിൽ ലഭിച്ച ഇൻസ്വി​ഗർ വഴി ഇർഫാൻ പത്താൻ ശ്രദ്ധിക്കപ്പെട്ടു. 2004ലെ ലോകകപ്പിൽ 505 റൺസുമായി ശിഖർ ധവാൻ ടോപ് സ്കോററായി. എന്നാൽ ഒമ്പത് വർഷത്തിന് ശേഷമാണ് ധവാന് ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നത്. പക്ഷേ അതേ ലോകകപ്പിൽ സുരേഷ് റെയ്നെയെന്ന ഇടം കയ്യൻ മധ്യനിര താരം ദേശീയ ടീമിലേക്ക് വഴികൾ തുറന്നു.

2006ലെ ലോകകപ്പിലാണ് ഇന്ത്യ വീണ്ടുമൊരിക്കൽ കൂടി അണ്ടർ 19 ലോകകപ്പിന്റെ ഫൈനൽ കളിച്ചത്. രോഹിത് ശർമ്മയും ചേത്വേശർ പൂജാരയും ഈ ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. രോഹിതിനേക്കാൾ ആക്രമണ ബാറ്റിം​ഗ് പൂജാരയാണ് പുറത്തെടുത്തത്. 77.35 സ്ട്രൈക്ക് റേറ്റിൽ രോഹിത് ബാറ്റുചെയ്തപ്പോൾ പൂജാരയുടെ സ്ട്രൈക്ക് റേറ്റ് 82.11 ആയിരുന്നു. എന്നാൽ ദേശീയ ടീമിൽ നിരവധി അവസരങ്ങൾ ലഭിച്ച രോഹിത് ഇന്ന് ലോകോത്തര ക്രിക്കറ്റ് താരമായി മാറി. ഒരു ടെസ്റ്റ് താരം മാത്രമായി പൂജാരയുടെ കരിയർ ഒതുങ്ങുകയും ചെയ്തു.

2006ലെ ലോകകപ്പിൽ ഫൈനലിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടു. എന്നാൽ 2008ൽ കിരീടം സ്വന്തമാക്കി കൗമാരപ്പട ആവേശം തീർത്തു. വിരാട് കോഹ്‌ലി നയിച്ച ടീമിൽ നിന്ന് രവീന്ദ്ര ജഡേജയ്ക്കും സൗരഭ് തിവാരിക്കും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചു. എന്നാൽ കോഹ്‌ലിയും ജഡേജയും മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയിച്ചത്.

2010ലെ ലോകകപ്പിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായി. കെ എൽ രാഹുൽ ഈ ലോകകപ്പ് കളിച്ച താരമാണ്. മായങ്ക് അഗർവാൾ, ജയദേവ് ഉനദ്കട്ട് എന്നിവരും ഈ ലോകകപ്പിൽ കളിച്ചവരാണ്. എന്നാൽ അശോക് മനേരിയ, മൻദീപ് സിം​ഗ് എന്നിവർക്ക് ഇന്ത്യൻ ടീമിലേക്ക് എത്താൻ കഴിഞ്ഞില്ല. 2012ൽ ഇന്ത്യ വീണ്ടും അണ്ടർ 19 ലോകകപ്പിലെ ചാമ്പ്യന്മാരായി. അന്നത്തെ നായകൻ ഉൻമുക്ത് ചന്ദ് ഇന്ത്യൻ ടീമിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും പിന്നീട് മുന്നേറാൻ കഴിഞ്ഞില്ല. ഇപ്പോൾ അമേരിക്കൻ ടീമിനായി കളിക്കാനൊരുങ്ങുകയാണ് ചന്ദ്.

2014ലെ ലോകകപ്പ് കളിച്ചവരിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മഹാരാഷ്ട്രക്കാരനായി വിജയ് സോൾ. എന്നാൽ ഇന്ത്യൻ ടീമിലേക്ക് കടന്നുവരാൻ സോളിന് കഴിഞ്ഞില്ല. ഇതേ ലോകകപ്പ് കളിച്ച സഞ്ജു സാംസൺ, കുൽദീപ് യാദവ്, ശ്രേയസ് അയ്യർ എന്നിവർ ഇന്ന് ഇന്ത്യൻ ടീമിന്റെ ഭാ​ഗമാണ്. 2016ലെ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടു. റിഷഭ് പന്ത്, ഇഷാൻ കിഷൻ, വാഷിങ്ങ്ടൺ സുന്ദർ എന്നിവർ ഈ ടീമിൽ നിന്നും ദേശീയ കുപ്പായത്തിലേക്ക് മുന്നേറി.

2018ൽ ഇന്ത്യ അണ്ടർ 19 ലോകചാമ്പ്യന്മാരായപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് നായകൻ പൃഥി ഷായുടെ പേരാണ്. ദേശീയ ടീമിൽ അവസരം ലഭിച്ചെങ്കിലും പ്രകടനം മോശമായി. പക്ഷേ ശുഭ്മാൻ ഗിൽ ഈ ടീമിൽ നിന്നും ഇന്ത്യൻ ടീമിന്റെ ഭാ​ഗമായി തുടരുന്നു. 2020ലെ ലോകകപ്പിലും ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടു. യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, രവി ബിഷ്ണോയ്, അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ധ്രുവ് ജുറേൽ എന്നിവരും അണ്ടർ 19 ടീമിൻ്റെ സംഭാവനയാണ്. 2022ൽ യാഷ് ദൂളിന്റെ ടീം അണ്ടർ 19 ചാമ്പ്യന്മാരായെങ്കിലും ആർക്കും ദേശീയ കുപ്പായം ലഭിച്ചില്ല. 2024ൽ വീണ്ടും ഫൈൽ കളിക്കുമ്പോൾ ഉദയ് സഹാരൺ, സച്ചിൻ ദാസ്, മുഷീർ ഖാൻ എന്നിവരിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com