നക്ഷത്രക്കണ്ണുള്ള രാജകുമാരൻ; അലെക്സിസ് മാക് അലിസ്റ്ററിന് പിറന്നാൾ

ആദ്യമായി മെസ്സിയെ കണ്ടപ്പോൾ തനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ; അലെക്സിസ് മാക് അലിസ്റ്ററിന് പിറന്നാൾ

അർജന്റീനൻ താരം അലെക്സിസ് മാക് അലിസ്റ്ററുടെ നേരെ ഒരു പന്ത് വന്നാൽ ആ കണ്ണുകൾ തിളങ്ങും. തന്റെ രാജ്യത്തിന്റെയും തനിക്ക് ഏറെ പ്രിയപ്പെട്ട ലയണൽ മെസ്സിയുടെയും ഹീറോ ആവുന്ന നിമിഷമാണിത്. ഖത്തറിലെ ലോകപോരാട്ടത്തിൽ പോളണ്ടിനെതിരെ മാക് അലിസ്റ്ററുടെ കണ്ണുകൾ തിളങ്ങി. മത്സരത്തിൽ അർജന്റീന ലീഡെടുത്തത് ഈ യുവതാരത്തിന്റെ ​ഗോളിലാണ്. അതിനുശേഷം മെസ്സിയുടെ മുഖത്ത് നോക്കി നിൽക്കുന്ന മാക് അലിസ്റ്ററുടെ ചിത്രം അർജന്റീനൻ ആരാധകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുകയാണ്. അർജന്റീനൻ യുവതാരത്തിന് ഇന്ന് 25-ാം പിറന്നാളാണ്.

1993ൽ അർജന്റീനൻ ജഴ്സിയിൽ കളിച്ച കാർലോസ് മാക് അലിസ്റ്ററുടെ മകനാണ് അലക്സിസ്. മറഡോണയ്ക്ക് ഒപ്പം കളിക്കുകയായിരുന്നു കാർലോസിന്റെ സ്വപ്നം. ആ ലക്ഷ്യം പൂർത്തികരിക്കാനും കാർലോസിന് കഴിഞ്ഞു. കാർലോസിന് നാലു മക്കളാണ്. അതിൽ മൂന്ന് പേരും ആൺകുട്ടികൾ ആയിരുന്നു. മൂന്ന് പേരെയും കാർലോസ് ഫുട്ബോൾ താരങ്ങളാക്കാനാണ് ശ്രമിച്ചത്.

2005ലെ യൂത്ത് ചാമ്പ്യൻഷിപ്പ് കാർലോസ് കാണാൻ പോയപ്പോൾ ഇളയ മകൻ അലക്സിസ് മാക് അലിസ്റ്റർ ഒരാ​ഗ്രഹം പ്രകടിപ്പിച്ചു. തനിക്കും മെസ്സിക്കൊപ്പം കളിക്കണം. അന്ന് മെസ്സിക്ക് 18 വയസാണുള്ളത്. അലക്സിസിന് ഏഴ് വയസും. 2019ൽ മാക് അലിസ്റ്റർ തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചു. മെസ്സിയുടെ അർജന്റീനൻ ടീമിൽ അരങ്ങേറി. അലക്സിസിന്റെ ആ​ഗ്രഹം മാത്രമല്ല മെസ്സിയുടെ അന്വേഷണവുമാണ് അന്ന് അവസാനിച്ചത്. അർജന്റീനൻ മധ്യനിരയിൽ വിശ്വസ്ത താരമായി മാക് അലിസ്റ്റർ മാറി.

അർജന്റീനയ്ക്കായി 20-ാം നമ്പർ ജഴ്സിയിലാണ് മാക് അലിസ്റ്റർ കളിക്കുന്നത്. മുമ്പ് ബ്രൈട്ടണിൽ കളിക്കുമ്പോഴും ഇപ്പോൾ ലിവർപൂളിന്റെ താരമായിക്കുമ്പോഴും 10-ാം നമ്പർ ജഴ്സിയിലാണ് മാക് അലിസ്റ്റർ കളിക്കുന്നത്. ആ നമ്പറിലുള്ള ജഴ്സിയിൽ കളിക്കുന്നത് പോലും വലിയ കാര്യമാണെന്ന് മാക് അലിസ്റ്റർ പറഞ്ഞിട്ടുണ്ട്. ആദ്യമായി മെസ്സിയെ കണ്ടപ്പോൾ തനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അത്രമേൽ താൻ ഭയപ്പെട്ടിരുന്നുവെന്നും മാക് അലിസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com