

യുഎഇയിലെ റോഡുകളില്‍ ഇ-സ്‌കൂട്ടറുകളിലും മിനി ബൈക്കുകളിലും സഞ്ചരിക്കുന്ന കുട്ടികള്‍ അപകടസാധ്യത നേരിടുന്നതായി റോഡ് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ചെറിയ വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഗതാഗത നിയമങ്ങളുടെ ലംഘനവും അപകടങ്ങള്‍ക്ക് വഴി വക്കുന്നതായും റോഡ് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഇഫാതാറിന് ശേഷമുള്ള സമയങ്ങളില്‍ ഇ-സ്‌കൂട്ടറുകളിലും മിനി ബൈക്കുകളിലുമായി കുട്ടികള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സുരക്ഷാ വിദഗ്ധര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ റോഡിലേക്ക് നോക്കിയാലും ചെറിയ വാഹനങ്ങളില്‍ വരുന്ന കുട്ടികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ലുക്ക് ബട്ട് ഫെയില്‍ ടു സീ' എന്ന പ്രതിഭാസമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാറുകള്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളെ തിരിച്ചറിയാനാണ് ഡ്രൈവര്‍മാരുടെ മസ്തിഷ്‌കം കാലങ്ങളായി ശീലിച്ചിരിക്കുന്നത്. അതിനാല്‍, അപ്രതീക്ഷിതമായി റോഡിലെത്തുന്ന ചെറിയ ഇ-സ്‌കൂട്ടറുകളോ മിനി ബൈക്കുകളോ പെട്ടെന്ന് അവരുടെ ശ്രദ്ധയില്‍ പതിഞ്ഞെന്ന് വരില്ല. ആ ദിശയിലേക്ക് ഡ്രൈവര്‍ നോക്കുന്നുണ്ടാകുമെങ്കിലും അത്തരമൊരു വാഹനം അവിടെ പ്രതീക്ഷിക്കാത്തതിനാല്‍ തലച്ചോറില്‍ അത് അപകടസൂചനയായി രേഖപ്പെടുത്തില്ലെന്നും റോഡ് സുരക്ഷാ വിദദ്ധര്‍ ചൂണ്ടികാട്ടുന്നു.
ഇ-സൈക്കിളുകളും മിനി ബൈക്കുകളും ഉപയോഗിക്കുമ്പോള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡം പാലിക്കാത്തതും അപകട സാധ്യത വര്‍ദ്ധിപ്പിക്കും. വാഹനത്തിന്റെ വലിപ്പക്കുറവിന് പുറമെ, കൃത്യമായ ലൈറ്റുകളോ റിഫ്‌ലക്ടീവ് ഗിയറുകളോ ഇല്ലാത്തത് റോഡിലെ ദൃശ്യപരത ഗണ്യമായി കുറയ്ക്കുന്നു. ഇതിന് പുറമെ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ വേഗത കുറവാണെങ്കിലും പാര്‍ക്ക് ചെയ്ത കാറുകള്‍ക്കിടയില്‍ നിന്ന് കുട്ടികള്‍ പെട്ടെന്ന് റോഡിലേക്ക് വരുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. സമാമായ മുന്നറിയിപ്പ് ദുബായ് പോലീസും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. കുട്ടികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കണമെന്നും ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പൊലീസ് വ്യക്തമാക്കി.
Content Highlights: