
1993ൽ ടോം ഹാങ്ക്സ് നായകനായി, 'ഫിലാഡൽഫിയ' എന്ന ഹോളിവുഡ് ചിത്രം റിലീസ് ചെയ്തു. ഒരു ക്വിയർ വ്യക്തി എയ്ഡ്സ് ബാധിതനാകുന്നതും ആ കാരണത്താൽ അയാളുടെ ജോലി നഷ്ടമാകുന്നതും തുടർന്ന് അയാൾ നടത്തുന്ന നിയമ പോരാട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം. അന്നുവരെ ഹോളിവുഡിന്റെ മെയിൻ സ്ട്രീമിൽ അത്ര ചർച്ച വിഷയമല്ലാതിരുന്ന ക്വിയർ ജീവിത സംഘർഷങ്ങളെ ആ ചിത്രം മനോഹരമായി അടയാളപ്പെടുത്തി.
30 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ' എന്ന മലയാള സിനിമയും ക്വിയർ കമ്മ്യൂണിറ്റിയെക്കുറിച്ച് മനോഹരമായി തന്നെ സംസാരിച്ചിരിക്കുകയാണ്. മമ്മൂട്ടി എന്ന താരമൂല്യമുള്ള, മലയാളത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള നായകൻ ഈ സിനിമയിലൂടെ ആ വിഭാഗത്ത് ചേർത്തുപിടിക്കുക മാത്രമല്ല ചെയ്തത്, നേരെ മറിച്ച് ക്വിയർ കമ്മ്യൂണിറ്റിയെക്കുറിച്ചുളള മലയാള സിനിമയുടെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുക കൂടിയാണ്.
ക്വിയർ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആദ്യം പറയേണ്ടത് 'ചാന്തുപൊട്ട്' എന്ന സിനിമയെക്കുറിച്ചാണ്. ഒരു കൊച്ചുമകൾ വേണമെന്ന് ആഗ്രഹിച്ച മുത്തശ്ശി, പെൺകുട്ടിയെപ്പോലെ വളർത്തുന്ന രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞ സിനിമ വളർത്തു ദോഷത്തിന്റെ പ്രശ്നമായാണ് ക്വിയർ ലൈഫിനെ ചിത്രീകരിച്ചത്. ക്വിയർ മനുഷ്യരെക്കുറിച്ച് അശാസ്ത്രീയവും അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമായ സന്ദേശം നൽകിയ സിനിമ ക്വിയർ കമ്മ്യൂണിറ്റിയെ അവഹേളിക്കുക കൂടിയായിരുന്നു. സിനിമ അവസാനിക്കുന്നിടത്ത് തന്റെ കുഞ്ഞിനെ ആണായി വളർത്താൻ, കുഞ്ഞിന്റെ കൈകളിൽ കിടക്കുന്ന വളകൾ രാധാകൃഷ്ണൻ ഊരി കളയുന്നതോടെ ആ തെറ്റായ സന്ദേശം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്തു. ആൾക്കൂട്ടത്തിന് നടുവിൽ 'ചാന്തുപൊട്ട്' എന്ന് വിളി പരിഹാസത്തോടെ ഏറ്റുവാങ്ങേണ്ടി വന്ന അനേകം ക്വിയർ മനുഷ്യർ ആ സിനിമ അവരുടെ ജീവിതത്തിലേൽപിച്ച പോറലുകളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.
ചാന്തുപൊട്ട് മാത്രമല്ല, മലയാള സിനിമ പലപ്പോഴും ക്വിയർ കമ്മ്യൂണിറ്റിയെ ഹാസ്യ കഥാപാത്രങ്ങളായി മാത്രമാണ് സ്റ്റീരിയോടൈപ്പ് ചെയ്തിട്ടുള്ളത്. ക്വിയർ കഥാപാത്രങ്ങളുടെ ശരീര രൂപം, മുടി, വസ്ത്രധാരണം, നടത്തം, സംസാരം എന്നിവയെയെല്ലാം പരിഹാസ്യരൂപേണയാണ് അവതരിപ്പിച്ചിട്ടുള്ളത്. അവരുടെ ലൈംഗികത പോലും തമാശയ്ക്ക് വേണ്ടിയുള്ളതായിരുന്നു. അതല്ലാതെ ആ ജീവിതങ്ങളെ കാണാൻ മുഖ്യധാരാ സിനിമ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. എൽജിബിക്യുടിഐഎ+ എന്നത് സിനിമകളിൽ വെറും 'ചാന്തുപൊട്ടും' 'ധിംതരികിട തോമും' മാത്രമായി. 'മുംബൈ പൊലീസ്' എന്ന സിനിമയിൽ പൃഥ്വിരാജ് ഒരു സ്വവർഗ്ഗ അനുരാഗിയായ കഥാപാത്രമായിരുന്നു. എന്നാൽ അത് വെറും ക്ലൈമാക്സ് ട്വിസ്റ്റിൽ മാത്രം ഒതുങ്ങി പോയി.
അവിടെയാണ് ജിയോ ബേബിയും സംഘവും വേറിട്ട് നിൽക്കുന്നത്. അവർ ക്വിയർ കമ്മ്യൂണിറ്റിയെ ''നോർമലൈസ്'' ചെയ്യുകയാണ്. അതും മലയാള സിനിമയിലെ ഏറ്റവും വലിയ താരത്തെക്കൊണ്ട് തന്നെ. മമ്മൂട്ടി എന്ന 'മലയാളിയുടെ പൗരുഷത്തിന്റെ പ്രതീകം' ക്വിയർ കഥാപാത്രമായി മാറുമ്പോൾ അത് അത്തരം മനുഷ്യർക്ക് നൽകുന്ന ഒരു ധൈര്യമുണ്ട്. തങ്ങളുടെ ഐഡന്റിറ്റി ഏവർക്കും മുന്നിൽ തുറന്നു പറയാനുള്ള ധൈര്യം.
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാകും ഒരു ഇൻഡസ്ട്രയിലെ മുൻനിര നായകൻ ക്വിയർ കഥാപാത്രമാകുന്നത്. സ്വന്തം സ്വത്വം തുറന്നു പറയാൻ മാത്യു ദേവസ്സിക്ക് ആദ്യം കഴിയാതെ വരുന്നതും, അത് അയാളിൽ ഉണ്ടാക്കുന്ന ആത്മസംഘർഷങ്ങളും മമ്മൂട്ടിയിലൂടെ കാണുമ്പോൾ അത് പ്രേക്ഷകർക്കും ഒരു തിരിച്ചറിവാണ്. സമൂഹത്തിൽ ഇത്തരം മാത്യു ദേവസ്സിമാരുണ്ടെന്ന തിരിച്ചറിവ്. മാത്യു ദേവസ്സി അവസാനം 'എന്റെ ദൈവമേ...' എന്ന് വിളിക്കുമ്പോൾ ആ ശബ്ദം മുഴങ്ങി കേൾക്കും. മേരിക്കുട്ടിക്കും, മൂത്തോനിലെ അക്ബറിനും മുകളിൽ തന്നെ...
സ്വയം പരീക്ഷിക്കാൻ തയ്യാറായ മമ്മൂട്ടിയിലെ നടൻ സിനിമകളിലൂടെ ഇതുവരെ നൽകിയത് കലാപരമായ പകർന്നാട്ടമാണെങ്കിൽ കാതലിലൂടെ അത് വലിയൊരു സാമൂഹ്യപ്രവർത്തനം കൂടിയാവുകയാണ്. 'ക്വിയർ ലൈഫ്' എന്നത് എത്ര നോർമൽ ആണെന്ന് മലയാള സിനിമയെ ഓർമ്മപ്പെടുത്തുകയാണ് കാതൽ.