'നോ പ്ലാൻ ടു ചെയ്ഞ്ച്... നോ പ്ലാൻ ടു ഇംപ്രസ്'; മലയാളിയുടെ സ്വന്തം എൽജെപി മാജിക്ക്

അയാൾ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിൽ മുൻനിരയിലെത്തി
'നോ പ്ലാൻ ടു ചെയ്ഞ്ച്... നോ പ്ലാൻ ടു ഇംപ്രസ്'; മലയാളിയുടെ സ്വന്തം എൽജെപി മാജിക്ക്

2011, സന്തോഷ് പണ്ഡിറ്റ് കൃഷ്ണനും രാധയും എന്ന ചിത്രവുമായി എത്തിയ സമയം. ഒരു ടിവി ചാനലിൽ ആ സിനിമയുമായി ബന്ധപ്പെട്ട് ചർച്ച നടക്കുകയായിരുന്നു. മറ്റെല്ലാവരും സന്തോഷ് പണ്ഡിറ്റിനെയും ആ സിനിമയെയും കളിയാക്കിയപ്പോൾ ഒരാൾ മാത്രം പറഞ്ഞത് 'കൃഷ്ണനും രാധയും എന്ന സിനിമയുടെ പോസറ്റീവ് സൈഡ് എന്നത് എന്റെ കയ്യിൽ പതിനായിരം രൂപയുണ്ടെങ്കിൽ ഒരു സിനിമ ചെയ്യാം' എന്നാണ്. രണ്ട് സിനിമകൾ മാത്രം സംവിധാനം ചെയ്ത ആ യുവ ഫിലിം മേക്കർ പിന്നീട് തന്റെ പരീക്ഷണങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചു. 10 വർഷം കൂടി കഴിഞ്ഞപ്പോൾ അയാൾ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിൽ മുൻനിരയിലെത്തി. അയാളുടെ ചിത്രങ്ങളെ നെഞ്ചിലേറ്റിയ മലയാളി അയാളെ സ്നേഹപൂർവ്വം വിളിച്ചു 'LJP'.

'No plans To Change.. No Plans To Impress' എന്ന മോട്ടോ ഒരിക്കൽ പറഞ്ഞ, പിന്നീട് അത് തന്റെ സിനിമകളിലൂടെ തെളിയിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ അഭിനേതാവ് ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോ ഹ്രസ്വ ചിത്രങ്ങൾ ഒരുക്കിയാണ് തന്റെ ഫിലിം മേക്കിങ് ആരംഭിച്ചത്. 2010 ൽ ഇന്ദ്രജിത്ത്, തിലകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ നായകനിലൂടെയാണ് ലിജോ മലയാളം സിനിമയുടെ നെറുകയിലേക്കുള്ള ആദ്യ കാൽവെച്ചത്. തൊട്ടടുത്ത വർഷം പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ ചെയ്തു. മലയാളത്തിൽ ന്യൂ ജനറേഷൻ എന്ന് വിളിച്ചിരുന്ന നവതരംഗ സിനിമകളുടെ തുടക്ക സമയമായിരുന്നു അത്. കൊച്ചി പശ്ചാത്തലത്തിൽ വ്യത്യസ്ത മനുഷ്യരുടെ കഥയാണ് സിനിമ പറഞ്ഞത്. മലയാളി അധികം കണ്ടിട്ടില്ലാത്ത ഹൈപ്പർ ലിങ്ക് സിനിമ ഫോർമാറ്റിൽ കഥ പറഞ്ഞ സിനിമ ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ല.

പിന്നീട് ലിജോയുടേതായി ഒരു സിനിമ പുറത്തിറങ്ങുന്നത് 2013 ലാണ്. സോളമന്റെയും ശോശന്നയുടെയും പ്രണയം സാക്ഷാത്കരിക്കാൻ പുണ്യാളൻ ഇറങ്ങി വന്നപ്പോൾ, അതിന് കുമരംകരി ബാൻഡ് സംഘം സംഗീതം പകർന്നപ്പോൾ മലയാളിക്ക് അത് അത്ഭുതമായിരുന്നു. കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങൾ മുതൽ ക്യാമറ ആംഗിൾസിൽ വരെ അടിമുടി വ്യത്യസ്തതയാണ് ആമേനിൽ ലിജോ ഒരുക്കിവെച്ചത്. മാജിക്കൽ റിയലിസത്തിന്റെ രസകരമായ വശം എന്തെന്ന് ആ ചിത്രത്തിലൂടെ ലിജോ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു. ആ സമയം ആമേൻ പോലൊരു ചിത്രം ഒരുക്കണം എന്ന് ആഗ്രഹിക്കാത്ത സിനിമാപ്രേമി ഉണ്ടാകില്ല.

ആമേനിലൂടെ ലഭിച്ച ഹൈപ്പുമായാണ് ലിജോയുടെ അടുത്ത ചിത്രമെത്തുന്നത്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ എന്നിങ്ങനെ വലിയ താരനിര ഭാഗമായ ഡബിൾ ബാരൽ. വെസ്റ്റേൺ സ്‍പൂഫ് സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങും കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ലോജിക് ഫ്രീ ആയ കഥാപാത്രങ്ങളുമായിരുന്നു ആ സിനിമയിൽ. അന്നത്തെ പ്രേക്ഷകർക്ക് പൃഥ്വിയും ഇന്ദ്രജിത്തും വിൻസിയും പാഞ്ചോയുമെന്ന കാർട്ടൂൺ സ്വഭമുള്ള കഥാപാത്രങ്ങളായതും റഷ്യക്കാർ മലയാളത്തിൽ സംസാരിച്ചതുമൊന്നും അത്ര ദഹിച്ചില്ല. സിനിമയ്‌ക്കെതിരെ ഏറെ വിമർശനങ്ങൾ വന്നു. ഡബിൾ ബാരൽ മനസിലായില്ല, ഇഷ്ടമായില്ല എന്നൊക്കെ പറഞ്ഞവർക്ക് മുന്നിലേക്ക് ലിജോ വിശദീകരണവുമായി എത്തിയത് കുറച്ച് കശുവണ്ടികളുമായാണ്. ഒപ്പം തന്റെ മാസ്റ്റർ ഡയലോഗും... 'No plans To Change.. No Plans To Impress'.

രണ്ട് വർഷങ്ങൾക്ക് ശേഷം ലിജോ അങ്കമാലിയിലേക്ക് കുറച്ച് പിള്ളേരെ അങ്ങ് ഇറക്കി വിട്ടു. 'ഞങ്ങൾക്കിങ്ങനെ 2 പോർക്ക്‌ കഷ്ണം വാരി കഴിച്ച്, സ്മാൾ ഒക്കെ അടിച്ചു നൈസ് ആയിട്ട് അങ്ങനെ പോയ മതി' എന്ന് പറയുന്ന പെപ്പെയും സംഘവും ഒരു പ്ലേറ്റ് മുയലിറച്ചിയുടെ പേരിൽ പോലും അടിയുണ്ടാക്കിയപ്പോൾ അവിടെ ലിജോ നമുക്ക് കാണിച്ച് തന്നത് മനുഷ്യന്റെ ഏറ്റവും ബേസിക്ക് ആയ സ്വഭാവ സവിശേഷതകളെയാണ്. 'റോ' ആയ ഫിലിം മേക്കിങ് രീതിയാണ് അങ്കമാലി ഡയറീസിൽ ലിജോ പരീക്ഷിച്ചത്. അത് സംഘട്ടന രംഗങ്ങളായാലും സംഗീതമായാലും സിനിമറ്റോഗ്രഫി ആയാലും ആ 'റോ അറ്റംപ്റ്റ്' നമുക്ക് കാണാൻ കഴിയും. സിനിമയുടെ അവസാന ഭാഗത്തെ 11 മിനിറ്റുള്ള സിംഗിൾ ഷോട്ട് ക്ലൈമാക്സ് അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചയായി. തന്റെ അയൽപക്കം എന്ന് വിളിക്കാവുന്ന അങ്കമാലിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ ആ കഥയിലൂടെ ഇന്ത്യയിലെ തലപൊക്കമുള്ള സംവിധായകർ പോലും അയാളെ അസൂയയോടെ നോക്കി.

അങ്കമാലിയിലെ സംഘത്തിന്റെ സംഘർഷങ്ങൾക്ക് ശേഷം ലിജോ പ്രേക്ഷകരെ ഒരു മരണവീട്ടിലേക്കാണ് കൊണ്ടുപോയത്. മരണം എന്ന റിയാലിറ്റിയിലെങ്കിലും 'ഫസ്റ്റ് ക്ലാസ്സ്' ആയിരിക്കണമെന്ന് വാവച്ചന്റെ ആഗ്രഹവും, അപ്പന്റെ ആഗ്രഹം സഫലമാക്കുവാൻ എന്തിനും തായ്യാറാവുന്ന മകന്‍ ഈശിയുടെ കഥയാണ് ഈ.മ.യൗ പറഞ്ഞത്. ഒരു മരണാനന്തരം അതിന്റെ എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ച് എങ്ങനെ പര്യവസാനിക്കുന്നു എന്ന് ആ ചിത്രം പറഞ്ഞു.

ലിജോയിൽ നിന്ന് അടുത്തത് എന്തെന്ന് നോക്കിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് അയാൾ ഒരു പോത്തിനെ അഴിച്ചുവിട്ടു. ആ പോത്തിന് പുറകെയുള്ള കഥാപാത്രങ്ങളുടെ ഓട്ടവും പിന്നീടുള്ള സംഭവങ്ങളും പ്രേക്ഷകരെ കാണിച്ചത് 'മനുഷ്യൻ എന്ന മൃഗത്തെയാണ്'. ജല്ലിക്കെട്ട് ഗുരുവിനും ആദാമിന്റെ മകൻ അബുവിനും ശേഷം മലയാളത്തിൽ നിന്നുള്ള ഓസ്കർ എൻട്രിയായി. ജല്ലിക്കെട്ട് കണ്ട് കോരിത്തരിച്ച പ്രേക്ഷകർ ലിജോയെ 'MASTER OF CHAOS' എന്ന് വിളിച്ചു.

ഈമയൗവും ജല്ലിക്കെട്ടും ഒരു ട്രിലജിയുടെ ഭാഗമാണെന്ന് ലിജോ പറഞ്ഞിട്ടുണ്ട്. ആ ട്രിലജിയുടെ അവസാനമായി പ്രേക്ഷകർക്ക് അയാൾ ഒരു ട്രിപ്പാണ് ഒരുക്കിവെച്ചത്... 'ചുരുളി'യിലേക്ക്. ഒരു പാലത്തിനപ്പുറമുള്ള ചുരുളി എന്ന സ്ഥലത്തേക്ക് കടന്നു കഴിഞ്ഞാൽ അവിടെ സദാചാര ബോധങ്ങളും കാപട്യങ്ങളും എല്ലാം അവസാനിക്കുകയാണ്. പ്രേക്ഷകർക്ക് പൂർണ്ണമായി വിട്ടുകൊടുക്കുന്ന... എന്നാൽ പറഞ്ഞു കൊടുക്കാത്ത ആ സിനിമയുടെ അർത്ഥതലങ്ങൾക്കായുള്ള ചർച്ചകൾ ഇന്നും സിനിമാ ഗ്രൂപ്പുകളിൽ സജീവമാണ്.

ഒരു സൂപ്പർതാരത്തിന്റെ ഡേറ്റ് ലഭിച്ചാൽ ഏത് വലിയ സംവിധായകനും തന്റെ പരീക്ഷണ സ്വഭാവം ഉപേക്ഷിക്കും എന്നാണല്ലോ പറയാറുള്ളത്. എന്നാൽ ലിജോ അങ്ങനെ ചെയ്യില്ല എന്ന് പ്രേക്ഷകർ വിശ്വസിച്ചു. ആ വിശ്വാസമാണ് മമ്മൂട്ടിക്കൊപ്പം അയാൾ ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമ കാണാൻ ഐഎഫ്എഫ്കെ വേദിയിൽ തിരക്ക് കൂടിയ പ്രേക്ഷകരിലൂടെ നമ്മൾ കണ്ടത്. പ്രേക്ഷകരുടെ ആ വിശ്വാസം ലിജോ തെറ്റിച്ചതുമില്ല. ഒരു സെൻ കഥ പോലെ, ഒരു സ്വപ്നം പോലെ കഥ പറഞ്ഞ ആ സിനിമയിലൂടെ മമ്മൂട്ടിക്ക് തന്റെ ആറാമത് സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

'So what inspires to make a film?' ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ലിജോയ്ക്ക് നേരെ വന്നൊരു ചോദ്യമാണിത്. 'അത് നിങ്ങളുടെ മനസ്സിൽ സ്പാർക്ക് നൽകുന്ന ഒന്നാണ്. ഒരു സംഭാഷണത്തിനിടയിലെ വരിയാകാം, ഒരു ട്രെൻഡ് ആകാം, വായിച്ച പുസ്തകത്തിലെ എന്തെങ്കിലുമാകാം, ഒരു സിനിമയിലെ രംഗമാകാം... ആ നിമിഷത്തിൽ സിനിമയാക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എന്തുമാകാം. അത് നിങ്ങൾക്ക് ചുറ്റുമുണ്ട്. നിങ്ങൾ അത് കണ്ടത്തുകയേ വേണ്ടൂ,' എന്നായിരുന്നു ലിജോയുടെ മറുപടി.

'പ്രേക്ഷകനെ അനുസരിക്കുന്നവനല്ല നയിക്കുന്നവനാകണം ചലച്ചിത്രകാരൻ' എന്ന് പറഞ്ഞ എൽജെപിയുടെ അടുത്ത ചിത്രം മോഹൻലാലിനൊപ്പമാണ്. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് മേൽ സിനിമാപ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. 'ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയേറ്റർ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ', എന്നാണ് ലിജോയുടെ ശിഷ്യനായ സംവിധായകൻ ടിനു പാപ്പച്ചൻ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞതും. കാത്തിരിക്കാം എൽജെപി അടുത്ത ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്ന വിസ്മയങ്ങൾ എന്തൊക്കെയെന്ന് കാണാൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com