'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍'; പെല്ലിശേരിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ
അതേസമയം ചുരുളി വിവാദത്തില്‍ ലിജോ ഇതുവരെ പ്രതികരിച്ചിട്ടില്ല
21 Nov 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചുരുളിയിലെ തെറി ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പഴയ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. 2020 ജൂണില്‍ പെല്ലിശേരി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ വാക്കുകളാണ് വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നത്.
നേരത്തെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ജോണ്സണ് എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്ന് ജോണ്സണ് അഭിപ്രായപ്പെട്ടു.
സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആവശ്യപ്പെട്ടത്. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ പറയുന്നത്
അതേസമയം ചുരുളി വിവാദത്തില്‍ ലിജോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മമ്മൂട്ടി നായകനാകുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍ ലിജോ. പൂര്‍ണമായും തമിഴ് നാട്ടില്‍ ഷൂട്ട് നടക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടെയാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.