
ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്.
ഫെഡറേഷനുമായുള്ള എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള തീരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ് എസ് ഡി എല്‍) അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിക്കുകയായിരുന്നു.
നേരത്തെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു. വിവിധ പ്രായക്കാർക്കുള്ള ആഭ്യന്തര ടൂർണമെന്‍റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്‌എല്ലിനെ മത്സര കലണ്ടറിൽ ഉൾപ്പെടുത്താതിരുന്നത്.
ഇന്ത്യൻ ഫുട്ബോളിനെ ഉടച്ചു വാർക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് ഐഎസ്എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 11 എഡിഷനുകളാണ് ഇത് വരെ നടന്നത്.
Content Highlights: Broadcast rights dispute; ISL will not take place this year; postponed indefinitely