Top

'ദിലീപിനോടോ, അലന്‍സിയറിനോടോ ഈ ചോദ്യം ആവര്‍ത്തിക്കുമോ'? വിനായകന്റെ മീടു പരാമര്‍ശം വിടാതെ സോഷ്യല്‍ മീഡിയ

വിനായകനെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനും അദ്ദേഹത്തിന്റെ ശൈലിയെ കൃത്യമായി അറിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ശ്രമമുണ്ടായെന്ന് താരത്തെ അനുകൂലിക്കുന്നവര്‍ വാദങ്ങള്‍ നിരത്തുന്നു.

24 March 2022 9:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിനോടോ, അലന്‍സിയറിനോടോ ഈ ചോദ്യം ആവര്‍ത്തിക്കുമോ? വിനായകന്റെ മീടു പരാമര്‍ശം വിടാതെ സോഷ്യല്‍ മീഡിയ
X

'ഒരുത്തീ' പ്രമോഷനിടെ വിനായകന്‍ നടത്തിയ 'മീടൂ' പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടേറുന്നു. ആദ്യഘട്ടത്തില്‍ വിനായകനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് വിനായകനെ അനുകൂലിച്ചും ചിലര്‍ രംഗത്തുവന്നതോടെ വാദപ്രതിവാദങ്ങള്‍ക്ക് ശക്തിയേറി. വിനായകനെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനും അദ്ദേഹത്തിന്റെ ശൈലിയെ കൃത്യമായി അറിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ശ്രമമുണ്ടായെന്ന് താരത്തെ അനുകൂലിക്കുന്നവര്‍ വാദങ്ങള്‍ നിരത്തുന്നു. മറുവശത്ത് 'കണ്‍സന്റിനെ'ക്കുറിച്ച് വിനായകനുള്ള അബദ്ധ ധാരണയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്നും വിമര്‍ശനമുണ്ട്.

എന്താണ് വിനായകന്റെ പരാമര്‍ശം

എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല'

'ഞാൻ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ ചില കാര്യങ്ങൾ വിട്ടു കളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനം ആണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും,'

മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കും. അതിന്റെ പേരിൽ സിനിമ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്ന പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. കൊവിഡിന്റെ മരുന്ന് ഏറ്റവും ഡേർട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേർസണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേർട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്'

ഫാൻസുകാരെന്ന മണ്ടന്മാർ വിചാരിച്ചാൽ ഒന്നും നടക്കില്ല. ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കമെന്റ് കണ്ടു. ഒന്നരക്കോടി, പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റർവെൽ ആയപ്പോൾ ഒന്നരയ്ക്ക് ആൾക്കാർ ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിന്റെ പടമാണ്. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാൻ. പിന്നെ ഇവർ വിചാരിച്ചു ഈ പണി നടക്കില്ല. ഈ ഫാൻസ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോന്നില്ല. ഇതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികളാണ്. അത്രയേയുള്ളു.

'ആരാണ് ഈ ഫാൻസിനെ ചുമന്നുകൊണ്ടു നടക്കുന്നത്. ഈ ഞാനല്ലേ, എന്നെ നിങ്ങൾ നിരോധിക്കു. അപ്പോൾ പിന്നെ ഫാൻസ് ഉണ്ടാവില്ലെല്ലോ. അതാണ് ഞാൻ നേരത്തെ പറഞ്ഞതെന്ന്. ഒന്നരക്കോടിയെന്ന്. ഇവിടുത്തെ ഏറ്റവും വലിയ നടനാണ്. പേര് ഞാൻ പറയുന്നില്ലന്നേയുള്ളൂ',

വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലുണ്ടായ ചില പ്രതികരണങ്ങള്‍

1. ഡോ. ഷിംനാ അസീസ്

വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത്‌ നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല.

സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച്‌ മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി.

ആ മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്‌, ഹരാസ്‌മെന്റാണ്‌. ഒരു സ്‌ത്രീയുടെ ജോലിസ്ഥലത്ത്‌ വെച്ച്‌ ഒരാൾ 'ആ സ്‌ത്രീയോട്‌ ഫിസിക്കൽ ഇന്റിമസി വേണമെങ്കിൽ ഞാനവരോടും ചോദിക്കും' എന്ന്‌ പറഞ്ഞത്‌ കേട്ട്‌ ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു.

കൺസെന്റൊക്കെ ആൺ അഹമ്മതിയിൽ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്‌. എന്നിട്ട്‌ അത്‌ വെച്ച്‌ #metoo നേർപ്പിക്കുന്നത് വേറേയും... ഫെറാരിയിൽ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാർഡ് കിട്ടിയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ അമ്മയ്‌ക്ക് ഉമ്മ കൊടുത്ത് ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്സ് പറഞ്ഞ വിനായകനെപ്പോലൊരാൾക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോൾ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്. മ**

2. ശാരദക്കുട്ടി

ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്.

ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് !..

കലാകാരനാണത്രേ..

3. കാവ്യാ കോറോം

വിനായകന്റെ ഇന്റർവ്യൂ, ഒരുത്തി പ്രൊമോഷൻ പ്രസ് മീറ്റ് കണ്ടു.

"നിങ്ങളോട് എനിക്ക് സെക്‌സ് ചെയ്യാൻ തോന്നിയാൽ ചോദിക്കും എന്ന് അയാൾ അവിടെ ഉള്ള ഒരു മാധ്യമ പ്രവർത്തകയെ ചൂണ്ടിയാണ് പറഞ്ഞത് എങ്കിൽ, അതിൽ അവർക്ക് പ്രശ്നം തോന്നിയെങ്കിൽ ന്യായമാണ് എന്നത് ഒഴിച്ചാൽ എനിക്ക് വിനായകന്റെ മറുപടികളിൽ ഒരു അപാകതയും തോന്നിയില്ല.

അത് മാത്രമല്ല, വിനായകനോട് അവിടെ ഇടപെട്ട മാധ്യമ പ്രവർത്തകർ കാണിച്ചത് തീർത്തും മര്യാദ ഇല്ലായ്മ ആണ് എന്നാണ് അഭിപ്രായം. നവ്യയും വി കെ പ്രകാശും ഇരുന്നിട്ടും വിനായകനെ ടാർഗറ്റ് ചെയ്ത് വിവാദം ഉണ്ടാക്കാൻ ഉള്ള മനപൂർവ്വ ശ്രമം ആണ് ഉണ്ടായത്. അതിൽ അവർ വിജയിച്ചു എന്നാണ് ഇന്ന് കാണുന്ന രോഷ പ്രകടനങ്ങൾ കണ്ടപ്പോൾ തോന്നിയത്. നവ്യക്ക് ഞാൻ ഇവിടെ ഇരിക്കുന്നുണ്ട് എന്നോടും ചോദ്യങ്ങൾ ചോദിക്കാം എന്ന് പറയേണ്ടി വരെ വന്നു.

രണ്ട് കാര്യങ്ങൾ ആണല്ലോ പ്രശ്നം.

ഒന്ന് ഫാൻസ്,

സിനിമകൾ deegrade ചെയ്യാൻ മനപൂർവ്വം ശ്രമങ്ങൾ നടക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ആണ് അയാൾ ഫാൻസ് വിചാരിച്ചാൽ ഒന്നും നടക്കില്ല എന്നും ജോലി ഇല്ലാത്ത തെണ്ടികൾ ആണ് അതൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞത്. മോഹൻലാലിനെ വല്ലോം പറഞ്ഞാൽ, അങ്കിൾ എന്നു വിളിച്ചാൽ, മമ്മൂട്ടിയെ വിമർശിച്ചാൽ, വിജയ് പടത്തെ കുറ്റം പറഞ്ഞാൽ ഒക്കെ അറപ്പ് തോന്നുന്ന രീതിയിൽ തെറി വിളിക്കുന്ന കൂട്ടത്തയെ വിനായകനും പറഞ്ഞിട്ടുള്ളൂ. അതിൽ സിനിമാ ആസ്വാദകർക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടാകാൻ ആണ്? അല്ലെങ്കിൽ മോഹന്ലാലിനെയോ മമ്മൂട്ടിയെയോ ആരാധിക്കുന്ന, ഈ ടോക്സിക് ഫാൻ വിഭാഗത്തിൽ പെടാത്ത ആർക്കും വിഷമം ഉണ്ടാകേണ്ട കാര്യം ഇല്ല.

രണ്ടാമത് മീ ടൂ,

ഞങ്ങൾ പ്രമോഷൻ ചെയ്യുന്നത് കൊണ്ടാണ് ഒരുത്തി ഒക്കെ വിജയിക്കുന്നത് എന്ന് ഏതോ പത്രക്കാരൻ ഒരു മൂന്നു വട്ടം പറയുന്ന കേട്ടു. എന്ത് അഹങ്കാരം ആണ് നോക്കണേ, അതേ ആളോടാണ് ഞാൻ ഒരുത്തിയുടെ പ്രമോഷന് വന്നത് ആണ് എങ്കിൽ നിങ്ങൾ ആണ് അനാവശ്യ കാര്യങ്ങൾ ചോദിച്ചു ചർച്ച വഴി മാറ്റുന്നത് എന്നും എന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് എന്നും വിനായകൻ ആവർത്തിച്ചു പറയുന്നത്. ഈഗോ hurt ആയത് കൊണ്ടാണോ എന്നറിയില്ല, വിനായകനെ 'നാറ്റിക്കാൻ' അയാൾ കണ്ട വഴി ആകണം മീ ടൂ ചോദ്യങ്ങൾ. എന്താണ് മീ ടൂ എന്നു വിനായകൻ ആവർത്തിച്ചു ചോദിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകന്റെ ഉത്തരം കേട്ടപ്പോൾ മനസ്സിലാവുന്നത് ആ ചങ്ങാതിക്ക് വലിയ ധാരണ ഇല്ല എന്നാണ്.

നിങ്ങൾക്ക് ഒരാളോട് സെക്‌സ് വേണമെങ്കിൽ എങ്ങനെ ആണ് ചോദിക്കുക എന്ന് വിനായകൻ പിന്നെയും പിന്നെയും ചോദിക്കുന്നു. പരമ സാത്വികരും മാന്യരുമായ ആർക്കും മറുപടി ഇല്ല. തൊഴിലിടത്തിൽ ആരെങ്കിലും ആണോ മീ ടൂ ആരോപിച്ചത് എന്നയാൾ ചോദിക്കുന്നുണ്ട്_ 2 തവണ. ആർക്കും മറുപടി ഇല്ല. അപ്പോൾ എവിടെ ആണ് അതിരു വെക്കേണ്ടത് എന്നു വിനായകനു അറിയാം എന്നാണ് ഞാൻ മനസിലാക്കുന്നത്. എടുത്തു പറഞ്ഞില്ല എങ്കിലും അടുപ്പമുള്ള ആളോട് സമ്മതം ചോദിച്ചു രണ്ടു പേർക്കും സമ്മതം ആണെങ്കിൽ ആണ് താൻ ഇത് വരെ ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടത് എന്നാണ് അയാൾ പറയുന്നത്. അതാണോ നിങടെ മീ ടൂ എന്നാണ് അടുത്ത ചോദ്യം. ഇത് വരെ തനിക്കെതിരെ വന്ന ആരോപണം എന്താണ് എന്നും എന്താണ് മീ ടൂ എന്നും മറുപടി പറയാത്തവരോടാണ് അയാൾ അങ്ങനെയേ ഞാൻ ചെയ്തിട്ടുള്ളൂ, അതാണ് മീ ടൂ എങ്കിൽ ഇനിയും ഉണ്ടാകും എന്ന് പറഞ്ഞത്.

വിനായകന്റെ ഒക്കെ വാക്കുകൾ പിടിച്ച്, അയാളുടെ ശരീര ഭാഷ വച്ചു 'ആണ് അഹന്തയുടെ' പുളിച്ചു തികട്ടൽ എന്നൊക്കെ പറഞ്ഞാൽ സമ്മതിച്ചു തരാൻ ബുദ്ധിമുട്ടാണ്. ജെൻഡർ പൊളിറ്റിക്സ്, വാക്കിലെ പൊളിറ്റിക്കൽ correctness ഒക്കെ വച്ചു മാത്രമല്ല മനുഷ്യനെ അളക്കേണ്ടത് എന്ന് ബോധ്യമുണ്ട്. അതിനേക്കാൾ പരിഗണന വിനായകൻ അർഹിക്കുന്നുണ്ട്. അയാൾക്കെതിരെ വന്ന മീ ടൂ എന്തായി എന്നു ചോദിക്കുന്നില്ല. എല്ലാരും മറന്നു കാണും. എന്താണ് നടന്നത് എന്നു. പൊതുവിൽ മീ ടൂ വിനെ കുറിച്ചും വലിയ വിയോജിപ്പുകൾ ഉണ്ട്. മുന്നേ പറഞ്ഞതും ആണ്.

ഇനി മാ.പ്രവത്തകരോടാണ്

1. വിനായകന്റെ ഇന്റർവ്യൂവിൽ നിങ്ങളിൽ പലരും കാണിച്ച ബഹുമാനം ഇല്ലായ്‌മ, അരോഗൻസ് ഒക്കെ ഏതേലും സൂപ്പർ താരത്തോടൊ, "നല്ല കുടുംബത്തിൽ പിറന്ന" മറ്റാരോടെങ്കിലും നിങ്ങൾ കാണിക്കുമോ?

2. ഞങ്ങൾ പ്രമോഷൻ ചെയ്താണ് തന്റെ സിനിമ വിജയിക്കുന്നത് എന്നു വേറെ ഏതേലും സിനിമാ പ്രമോഷനിൽ ഒരു നായകനോട് നിങ്ങൾ പറയുമോ?

3. മീ ടൂ ആരോപണം വന്ന അലൻസിയറോ എന്തിന് ദിലീപിനോട് നിങ്ങൾ എന്നേലും ഇത്ര ആവേശത്തിൽ വ്യക്തിപരമായ അറ്റാക്ക് നടത്തുമോ?

വിനായകന് പല പ്രശ്നങ്ങൾ ഉണ്ട്. അയാൾക്ക് അരഗന്റ് ആണ്, ശരീര ഭാഷ ഒരു സിനിമാ തരത്തിന്റേത് അല്ല. പക്ഷേ കമ്മടിപ്പാടത്ത് നിന്ന് സ്റ്റേറ്റ് അവാർഡിലേക്ക് അയാൾ നടന്ന വഴി, അതിൽ അയാൾ അനുഭവിച്ച പലതും അയാൾക്ക് ഒരുപാട് ഇളവുകൾ കൊടുക്കാൻ എനിക്ക് പര്യാപ്തമായ കാര്യങ്ങൾ ആണ്.

ആര് സമ്മതിച്ചാലും ഇല്ലേലും!

നവ്യയുടെ പ്രതികരണം


Story highlights: VINAYAKAN ME TOO CONTRAVERSIAL STATEMENT SOCIAL MEDIA REACTION

Next Story