Top

അനുനയത്തിന് നേരിട്ടെത്തി വി ഡി സതീശന്‍; അതൃപ്തി വ്യക്തമാക്കി സുധീരന്‍: ചര്‍ച്ചകള്‍ക്ക് കെപിസിസി

26 Sep 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുനയത്തിന് നേരിട്ടെത്തി വി ഡി സതീശന്‍;  അതൃപ്തി വ്യക്തമാക്കി സുധീരന്‍: ചര്‍ച്ചകള്‍ക്ക് കെപിസിസി
X

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ അനുനയ നീക്കങ്ങളുമായെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനോടാണ് വിഎം സുധീരന്‍ നടപടികളിലുള്ള അതൃപ്തി വ്യക്തമാക്കിയത്. പുനഃസംഘടനയില്‍ മതിയായ ചര്‍ച്ച ഉണ്ടായില്ലെന്ന നിലപാട് തന്നെയാണ് സുധീരന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജി വച്ച തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിഡി സതീശന്‍ സുധീരനെ വീട്ടിലെത്തി കണ്ടത്. കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.

രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു. വിഎം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ വിശദീകരിച്ചു.

'പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരു പട്ടികയും ആരുടേയും കെയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. യോഗ്യതക്കനുസരിച്ച് അധ്യക്ഷന്മാരെ നിയമിക്കും. പ്രശ്‌നങ്ങളോര്‍ത്ത് നിങ്ങള്‍ ബേജാറാവണ്ട. ഞങ്ങള്‍ തീര്‍ത്തോളും. എന്ത് പ്രശ്‌നമുണ്ടെന്നും പരിഹരിച്ച് തീര്‍ത്തും. ശക്തമായി ഒരുമിച്ച് മുന്നോട്ട് പോകും.' എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

എന്നാല്‍ സുധീരനെ എത്രയും വേഗം അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സുധീരനുമായി ആശയം വിനിമയം നടത്തും.

Next Story

Popular Stories