കൊല്‍ക്കത്ത ലോ കോളേജ് ബലാത്സംഗക്കേസ്: സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്

dot image

കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജിലെ കൂട്ട ബലാത്സംഗക്കേസില്‍ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. സൗത്ത് ലോ കോളേജ് ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു.

സംഭവം നടന്ന ദിവസം കോളേജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. 'കുറ്റകൃത്യം നടന്ന ദിവസം വൈകുന്നേരം ഒരു സ്ത്രീയും പ്രതിയുമുള്‍പ്പെടെ എട്ടുപേര്‍ ക്യാംപസിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥി യൂണിയന്‍ മുറിയിലുണ്ടായിരുന്ന മൂന്നുപേരെയും ചോദ്യം ചെയ്തിട്ടുണ്ട്'- പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മുഖ്യപ്രതി മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കോളേജിലെ മുന്‍ സഹപാഠിയും സുഹൃത്തുമായ ടൈറ്റസ് മന്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പഠിക്കുന്ന കാലത്ത് കൊലപാതകശ്രമത്തിന് മോണോജിത് മിശ്രയ്‌ക്കെതിരെ കേസെടുത്തിരുന്നെന്നും സ്വാധീനം ഉപയോഗിച്ച് അതില്‍ നിന്നെല്ലാം ഒഴിവായി വരികയായിരുന്നെന്നും ടൈറ്റസ് പറഞ്ഞു.

ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കോളേജ് ഗേറ്റില്‍ നിന്ന് കോളേജ് മുറ്റത്തേയ്ക്ക് അതിജീവിതയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മോണോജിത്തിന് പുറമേ അതിജീവിതയുടെ സഹപാഠികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് കേസിലെ പ്രതികൾ.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

Content Highlights: Kolkata Law College rape case: CCTV footage and accused's phones sent for forensic examination

dot image
To advertise here,contact us
dot image