
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുംമ്ര ഇന്ത്യൻ നിരയിൽ കളിച്ചേക്കുമെന്ന സൂചനയുമായി ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെ. എഡ്ജ്ബാസ്റ്റണിൽ ബുംമ്ര കളിക്കാൻ തയ്യാറാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഡോഷെ പറഞ്ഞു.
'ഇന്ത്യൻ ടീം അടുത്ത നാല് ടെസ്റ്റുകളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബുംമ്രയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. ബുംമ്രയുടെ സാന്നിധ്യം എഡ്ജ്ബാസ്റ്റണിൽ നിർണായകമെന്ന് തോന്നിയാൽ അവസാന നിമിഷം ഇന്ത്യൻ ടീം ആ തീരുമാനം എടുക്കും. ഞാൻ സംസാരിക്കുന്നത് അന്നത്തെ കാലാവസ്ഥയെക്കുറിച്ചാണ്. പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചാണ്. അല്ലെങ്കിൽ മാഞ്ചസ്റ്ററിലോ ഓവലിലോ ആണ് ബുംമ്രയുടെ സാന്നിധ്യം ആവശ്യമെങ്കിൽ രണ്ടാം ടെസ്റ്റിൽ നിന്ന് താരത്തെ ഒഴിവാക്കും. ഇക്കാര്യങ്ങളെല്ലാം ബുംമ്ര കളിക്കുന്ന കാര്യത്തിൽ നിർണായകമാണ്,' ഡോഷെ പറഞ്ഞു.
'കഴിഞ്ഞ ദിവസം ബുംമ്ര പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇന്ന് കുറച്ച് സമയം മാത്രമാണ് ബുംമ്ര പരിശീലനം നടത്തിയത്. അതുകൊണ്ട് അയാൾക്ക് കളിക്കാനുള്ള കായികക്ഷമത ഇല്ലെന്ന് അർത്ഥമില്ല. ഏറ്റവും മികച്ച പ്രകടനം ബുംമ്രയിൽ നിന്നുണ്ടാകുന്നുള്ള ശ്രമമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തുന്നത്,' ഡോഷെ വ്യക്തമാക്കി.
ASSISTANT COACH OF TEAM INDIA:
— Johns. (@CricCrazyJohns) June 30, 2025
"Bumrah is ready to Play". 🔥🚨 pic.twitter.com/HxHsT2bLV1
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ബുംമ്രയെ മൂന്ന് മത്സരങ്ങളിൽ കളിപ്പിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീക്കം. അമിത ജോലിഭാരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിൽ ബുംമ്രയെ മൂന്ന് ടെസ്റ്റുകളിൽ മാത്രമായി കളിപ്പിക്കുന്നത്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ബുംമ്ര കളിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ നേടിയ താരത്തിന്റെ പ്രകടനവും നിർണായകമായിരുന്നു. മറ്റ് ബൗളർമാർ മികവിലേക്ക് ഉയരാതിരുന്നതിനാൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ ബുംമ്ര കളിക്കാതിരുന്നാൽ ഇന്ത്യൻ ബൗളിങ് ദുർബലപ്പെടുമെന്നാണ് വിലയിരുത്തൽ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: India to make the Bumrah call 'at the very last minute'