Top

'എല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും'; വരുന്ന തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതോടെ അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്കു പിടിച്ച സിപിഐഎമ്മിനും എല്‍ഡിഎഫിനും ജനം കാത്തിരുന്ന് നല്‍കിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ്

10 Nov 2022 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും; വരുന്ന തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതോടെ അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്കു പിടിച്ച സിപിഐഎമ്മിനും എല്‍ഡിഎഫിനും ജനം കാത്തിരുന്ന് നല്‍കിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

'29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കുതിപ്പാണ്. ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 15 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സിപിഐഎമ്മിന്റേയും ബിജെപിയുടേയും കോട്ടകളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന മേഖലകളില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടി. സിപിഐഎമ്മില്‍ നിന്ന് ഏഴും ബിജെപിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യുഡിഎഫ് തിരിച്ചു പിടിച്ചു,' പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ തവണ 363 വോട്ടിന് എല്‍ഡിഎഫ് ജയിച്ച മലപ്പുറം മുനിസിപ്പാലിറ്റിയിലെ കൈനോട് വാര്‍ഡ് ഇത്തവണ യുഡിഎഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകള്‍ക്കാണ്. എല്‍ഡിഎഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂര്‍ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം നല്‍കിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളെയും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിജയങ്ങള്‍ ഇനിയും ആര്‍ത്തിക്കപ്പെടണം,' പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. എല്‍ഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകളും ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി രണ്ട് എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പ് സീറ്റ് ഫലം. രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകള്‍ പിടിച്ചെടുക്കാനായത് എല്‍ഡിഎഫിന് ആശ്വാസമായി. രണ്ട് സിറ്റിങ്ങ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ് ബിജെപിക്ക് എടുത്തുപറയാവുന്ന നേട്ടം. സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് ബുധനാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

STORY HIGHLIGHTS: Udf will demolish every ldf castles says vd satheesan after local body by poll victory

Next Story