
കോഴിക്കോട്: പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻഫർമേഷൻ കേന്ദ്രം നിർത്തലാക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് വി കെ ശ്രീകണ്ഠൻ എം പി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എം പി കത്ത് നൽകി. ജില്ലയിലെ പതിനായിര കണക്കിന് വിദ്യാർഥികൾക്ക് എതിരായ തീരുമാനമാണിതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
പരീക്ഷ ഫീസും മറ്റും അടയ്ക്കുന്നതിനും യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനും പാലക്കാട്ടെ വിദ്യാർത്ഥികൾ സമീപിക്കുന്നത് ഈ കേന്ദ്രത്തെയാണ്. പാലക്കാട് നിന്നും തേഞ്ഞിപ്പലത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് എത്തുവാൻ മണിക്കൂറുകളോളം യാത്ര ചെയ്യണം. അതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൾപ്പടെ ഏറെ സൗകര്യപ്രദമായ ഈ കേന്ദ്രം നിലനിർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു.