'തെക്കിൻ്റെ' ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ മോദി; കക്ഷത്തിലിരിക്കുന്ന കർണാടകയുടെ ഗതിയെന്ത്?

28 സീറ്റിൽ 25ലും വിജയിച്ച കർണാടകയിൽ ഒരു സീറ്റ് കുറഞ്ഞാൽ അത് ബിജെപിയുടെ തെക്കേ ഇന്ത്യൻ മിഷനെ സംബന്ധിച്ച് ശുഭകരമല്ല
'തെക്കിൻ്റെ' ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ മോദി; കക്ഷത്തിലിരിക്കുന്ന കർണാടകയുടെ ഗതിയെന്ത്?

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 'തെക്ക് പിടിക്കാൻ' പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പും ശേഷവുമായി പലവട്ടമാണ് മോദി കേരളത്തിലും തമിഴ്നാട്ടിലും മാറിമാറിയെത്തിയത്. തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്നും നരേന്ദ്രമോദി മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എൻഡിഎ 400 സീറ്റിന് മുകളിൽ നേടുമെന്നും ബിജെപി തനിച്ച് 370 സീറ്റ് നേടുമെന്നുമാണ് നരേന്ദ്ര മോദി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. തെക്കു നിന്നും 2019ൽ കിട്ടിയതിൽ കൂടുതൽ സീറ്റുകൾ എന്നതാണ് മോദിയുടെയും ബിജെപിയുടെയും ലക്ഷ്യം. നിലവിൽ കർണാടകയിൽ നിന്നും 25, തെലങ്കാനയിൽ നിന്ന് നാല് എന്നിങ്ങനെയാണ് തെക്കേന്ത്യയിൽ നിന്നും ബിജെപിയുടെ കൈവശമുള്ള സിറ്റിങ്ങ് സീറ്റുകൾ. തമിഴ്നാട്ടിൽ ആറ് മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതെത്തിയിരുന്നു. കോയമ്പത്തൂര്‍, കന്യാകുമാരി, രാമനാഥപുരം, ശിവഗംഗ, തഞ്ചാവൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലായിരുന്നു എഐഎഡിഎംകെ സഖ്യത്തിൽ മത്സരിച്ച ബിജെപി രണ്ടാമതെത്തിയത്. കേരളത്തിൽ തിരുവനന്തപുരത്ത് ബിജെപി രണ്ടാമതെത്തിയിരുന്നു. തൃശ്ശൂർ, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ടിങ്ങ് ശതമാനം കുത്തനെ ഉയർത്തി ബിജെപി മൂന്നാമതും എത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നും സീറ്റുകൾ വർദ്ധിപ്പിക്കുക എന്ന മോദി മിഷനിൽ അതിനാൽ തന്നെയാണ് കേരളവും തമിഴ്നാടും സവിശേഷമായ പ്രാധാന്യത്തോടെ ഇടം നേടിയിരിക്കുന്നത്.

ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ ശ്രമിക്കുമ്പോൾ കക്ഷത്തിലിരിക്കുന്നത് പോകുമോയെന്നാണ് നരേന്ദ്രമോദിയുടെയും ബിജെപിയുടെയും തെക്കൻ മിഷൻ പുരോഗമിക്കുമ്പോൾ ഉയർന്നുവരുന്ന ആശങ്ക. കർണാടകയെക്കുറിച്ച് തന്നെയാണ് ഈ ആശങ്ക. 2019ൽ കർണാടകയിലെ ആകെയുള്ള 28 സീറ്റിൽ 25ലും വിജയിച്ചത് ബിജെപിയായിരുന്നു ഒരു സീറ്റിൽ ബിജെപി പിന്തുണയുള്ള സുമലതയും വിജയിച്ചിരുന്നു. സഖ്യത്തിൽ മത്സരിച്ച ജെഡിഎസിനും കോൺഗ്രസിനും ഓരോ സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2024ൽ കർണാടകയിൽ ഒരു സീറ്റ് കുറഞ്ഞാൽ അത് ബിജെപിയുടെ തെക്കേ ഇന്ത്യൻ മിഷനെ സംബന്ധിച്ച് ശുഭകരമല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ ഉലച്ചിട്ടുണ്ട്. യെദ്യൂരിയപ്പയെ പോലെ ക്രൗഡ്പുള്ളറായ ഒരു നേതാവ് നിലവിൽ ബി ജെ പിക്ക് കർണാടകയിൽ ഇല്ല. മുൻമുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അത്ര ജനപ്രിയനല്ല. പ്രതിപക്ഷ നേതാവായ ആർ അശോക് മുതിർന്ന നേതാവാണെങ്കിലും ആ നിലയിൽ യെദ്യൂരിയപ്പയ്ക്ക് പകരം വയ്ക്കാൻ കഴിയുന്ന നേതാവല്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബി വൈ വിജയേന്ദ്ര ചെറുപ്പക്കാരനാണ്. എന്നാൽ പിതാവ് യെദ്യൂരിയപ്പയുടെ നേതൃപാടവം മകനുണ്ടോയെന്ന് കൂടിയാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റുരയ്ക്കുന്നത്. പാർട്ടി അധ്യക്ഷൻ സംസ്ഥാനത്തെ ഏറ്റവും പ്രബല സമുദായങ്ങളിൽ ഒന്നായ ലിംഗായത്ത വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. പ്രതിപക്ഷ നേതാവാകട്ടെ മറ്റൊരു പ്രബല വിഭാഗമായ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള ആളാണ്. ഈയൊരു ചേരുവ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിന്നിങ്ങ് കോമ്പിനേഷൻ ആകുമോ എന്നതാണ് ഇനി അറിയേണ്ടത്.

പാളയത്തിലെ പട

താരതമ്യേന പുതുമുഖങ്ങളായ ഒരു നേതൃനിരയുമായി പാർലമെൻ്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ കർണാടകയിൽ ബിജെപിയെ അലട്ടുന്ന പ്രധാനം പ്രശ്നം പാളയത്തിലെ പടയാണ്. മുതിർന്ന നേതാകളായ നളിൻ കുമാർ കട്ടീൽ, അനന്ത കുമാർ ഹെഗ്ഡേ, സദാനന്ദ ഗൗഢ, കെ എസ് ഈശ്വരപ്പ എന്നിവർക്ക് നിലവിൽ സീറ്റ് നിഷേധിച്ചിട്ടുണ്ട്. പാർലമെൻ്റിലെ പുക ആക്രമണ കേസിൽ അക്രമികൾക്ക് പാസ് നൽകിയ പ്രതാപ് സിംഹയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെയെ ഉഡുപ്പി ചിക്ക്മംഗ്ലൂരിൽ നിന്ന് സദാനന്ദ ഗൗഡയുടെ ബാംഗ്ലൂർ നോർത്തിലേയ്ക്ക് മാറ്റി മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിജെപി നേതാവ് സി ടി രവിയുടെ എതിർപ്പാണ് ശോഭാ കരന്ത്ലജെയുടെ മണ്ഡലമാറ്റത്തിൻ്റെ പ്രധാന കാരണം.

സീറ്റ് നിഷേധിച്ചതിൻ്റെ പേരിൽ കെ എസ് ഈശ്വരപ്പ ബിജെപിയോട് ഇടഞ്ഞ് നിൽക്കുകയാണ്. ഈശ്വരപ്പ ഷിമോഗയിൽ നിന്ന് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മകൻ കാന്തേഷിനെ ഹാവേരി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയാണ് ഹാവേരി മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. മകനെ ഷിമോഗയിൽ മത്സരിപ്പിക്കണമെന്ന ഈശ്വരപ്പയുടെ ആവശ്യവും നേതൃത്വം പരിഗണിച്ചില്ല. സിറ്റിംഗ് എംപി വൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. യെദ്യൂരിയപ്പയുടെ മകനായ രാഘവേന്ദ്രയ്ക്ക് ഇവിടെ നാലാം അങ്കമാണ്. എന്നാൽ ഈശ്വരപ്പ സ്വതന്ത്രനായി ഷിമോഗയില്‍ നിന്ന് മത്സരിച്ചാല്‍ രാഘവേന്ദ്രയുടെ വിജയസാധ്യതയെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

ഈശ്വരപ്പയുടെ നീക്കത്തെ കോൺഗ്രസ് മുതലെടുക്കാൻ തീരുമാനിച്ചാൽ അത് ബിജെപിക്ക് തിരിച്ചടിയാകും. പ്രബല വിഭാഗമായ കുറുബ വിഭാഗത്തിൻ്റെ ഏക ബിജെപി മുഖമാണ് ഈശ്വരപ്പ. രാഷ്ട്രീയമായി ഷിമോഗയിലും പരിസരത്തും മാത്രമാണ് ഈശ്വരപ്പയ്ക്ക് സ്വാധീനമെങ്കിലും കുറുബ വിഭാഗത്തിൽപ്പെട്ട ഒരാളെ തഴഞ്ഞു എന്ന വികാരം ഈശ്വരപ്പയ്ക്ക് സൃഷ്ടിക്കാൻ കഴിയും. കുറുബ വിഭാഗത്തിൽ നിന്നുള്ള കർണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഈശ്വരപ്പയെ ഒപ്പം നിർത്താൻ കരുക്കൾ നീക്കിയാൽ കുറുബ വിഭാഗത്തിൻ്റെ വലിയൊരു ശതമാനം വോട്ടുകൾ കോൺഗ്രസിന് ഒറ്റയ്ക്ക് നേടിയെടുക്കാൻ സാധിക്കും. ഷിമോഗയിൽ നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാറാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ ശിവമോഗയിൽ നിന്ന് ജെഡിഎസ് ടിക്കറ്റിൽ ഗീത മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു പ്രമുഖൻ സദാനന്ദ ഗൗഢയാണ്. ബിജെപി കേന്ദ്ര നേതൃത്വവുമായി രസത്തിലല്ലാതിരുന്ന സദാനന്ദ ഗൗഢയ്ക്ക് ബാംഗ്ലൂർ നോർത്തിൽ നിന്നും ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് നേരത്തെ സദാനന്ദ ഗൗഢ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൈസൂരിൽ മത്സരിക്കാൻ സദാനന്ദ ഗൗഢ ഡി കെ ശിവകുമാറുമായി ചർച്ച നടത്തുന്നതായി വാർത്തകളുണ്ട്. വൊക്കലിംഗ സമുദായത്തിൻ്റെ ഹൃദയഭൂമിയായാണ് മൈസൂർ അറിയപ്പെടുന്നത്. അതാണ് സദാനന്ദ ഗൗഢയെ കോൺഗ്രസ് പരിഗണിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സദാനന്ദ ഗൗഢയ്ക്ക് വൊക്കലിംഗ സമുദായത്തിൻ്റെ പിൻബലം അവകാശപ്പെടാൻ കഴിയില്ലെന്ന വിമർശനം നേരത്തെ മുതൽ ഉള്ളതാണ്. അരബാഷെ ഗൗഢ എന്ന വിഭാഗത്തെയാണ് സദാനന്ദ ഗൗഢ പ്രതിനിധീകരിക്കുന്നത്. വൊക്കലിംഗ സമുദായത്തിൻ്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അരബാഷെ ഗൗഢ വിഭാഗത്തിന് കൂർഗ്, സുള്ള്യ, പുത്തൂർ തുടങ്ങിയ താലൂക്കുകളിൽ മാത്രമാണ് സ്വാധീനമുള്ളത്. അതിനാൽ മൈസൂരിലെ വൊക്കലിംഗ വോട്ടുകളെ ആ നിലയിൽ സ്വാധീനിക്കാൻ സദാനന്ദ ഗൗഢയ്ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. മൈസൂരിൽ കോൺഗ്രസിൻ്റെ പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം ന്യൂനപക്ഷത്തിൻ്റെ പിന്തുണ ഉറപ്പിക്കാൻ സദാനന്ദ ഗൗഢയ്ക്ക് സാധിക്കുമോയെന്നതും കണ്ടറിയണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ അനുഭവം ഓർമ്മയുള്ളതിനാൽ സദാനന്ദ ഗൗഢ കോൺഗ്രസിനൊപ്പം ചേരില്ലെന്നാണ് ബിജെപി വിലയിരുത്തൽ.

സീറ്റ് നിഷേധിക്കപ്പെട്ടവരിൽ മറ്റൊരു പ്രധാനനേതാവ് ബിജെപിയുടെ സംഘടനാകാര്യ ജനറൽസെക്രട്ടറി ബി എൽ സന്തോഷിൻ്റെ വിശ്വസ്തനും മുൻ സംസ്ഥാന അധ്യക്ഷനുമായ നളിൻകുമാർ കട്ടീലാണ്. ദക്ഷിണ കന്നഡ സീറ്റാണ് നിഷേധിച്ചത്. യെദ്യൂരിയപ്പ വിരുദ്ധനായി അറിയപ്പെടുന്ന കട്ടീലിനെ മാറ്റി മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനാക്കാൻ യെദ്യൂരിയപ്പയ്ക്ക് കഴിഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായ യെദ്യൂരിയപ്പ ഇതുവഴി കേന്ദ്ര നേതൃത്വത്തിലുള്ള തൻ്റെ പിടിപാട് കൂടിയായിരുന്നു ഒരിക്കൽ കൂടി തെളിയിച്ചത്. എന്തായാലും സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൻ്റെ പേരിൽ പ്രത്യക്ഷമായ വിമത പ്രവർത്തനം കട്ടീൽ നടത്തില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്ഥാനാർത്ഥിത്വം തീരുമാനമാകാത്ത അനന്ത്കുമാർ ഹെഗ്ഡേയാണ് മറ്റൊരു നേതാവ്. ബിജെപിക്ക് മതിയായ ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തിരുത്തുമെന്ന് വീണ്ടും ആവർത്തിച്ച ഹെഗ്ഡേയ്ക്ക് ഇത്തവണ സീറ്റ് കിട്ടാനുള്ള സാധ്യത ഇല്ലായെന്ന് തന്നെ പറയാം. ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് വരുന്ന അനന്ത്കുമാർ ഹെഗ്ഡേക്ക് ആ നിലയിൽ ബിജെപിയെ വെല്ലുവിളിക്കാനുള്ള സാധ്യതയില്ല. പാർലമെൻ്റിലെ പുകയാക്രമണ കേസിലെ പ്രതികൾക്ക് പാസ് അനുവദിച്ച മൈസൂരിൽ നിന്നുള്ള സിറ്റിങ്ങ് എം പി പ്രതാപ സിംഹയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. പ്രതാപ സിംഹയും വിമതനീക്കത്തിന് നേരിട്ടിറങ്ങാൻ വഴിയില്ലെങ്കിലും അദ്ദേഹത്തിൻ്റെ അനുയായികളുടെ നിലപാട് ബിജെപിയെ സംബന്ധിച്ച് നിർണ്ണായകമാണ്. രാജകുടുംബത്തിൽ നിന്നുള്ള യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറെയാണ് ബിജെപി മൈസൂരിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

എന്തു തന്നെയായാലും ബിജെപിയുടെ സമുന്നതരായ ഈ നേതാക്കളുടെയെല്ലാം അതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ 2019ലെ വിജയം ആവർത്തിക്കാനൊരുങ്ങുന്ന ബി ജെ പിക്ക് തിരിച്ചടി ഉറപ്പാണ്.

നിലനിൽപ്പിനായി ബിജെപിയുടെ തോളിലേറി ജെഡിഎസ്

2019ൽ കോൺഗ്രസും ജെഡിഎസും സഖ്യത്തിലായിരുന്നു ബിജെപിയെ നേരിട്ടത്. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. സംസ്ഥാനത്ത് 2023ൽ അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസിനെ ബി ജെപിക്കൊപ്പം ചേർന്ന് എതിർക്കുമെന്ന് ജെഡിഎസ് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൻ സഖ്യമായി മത്സരിക്കാനാണ് ബിജെപി _ ജെഡിഎസ് ധാരണ. മൂന്ന് സീറ്റുകൾ ജെഡിഎസിന് നൽകിയതായാണ് കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഹാസൻ, മാണ്ഡ്യ, കോലാർ സീറ്റുകൾ ബിജെപി അനുവദിച്ചുവെന്നാണ് കുമാരസ്വാമിയുടെ അവകാശവാദം. എന്നാൽ സിറ്റിങ് സീറ്റായ കോലാർ വിട്ടു കൊടുക്കുന്നതിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിക്ബെല്ലാപൂർ കൊടുക്കാമെന്ന നിലപാടിലാണ് ബിജെപി. എന്തായാലും ഈ നാല് സീറ്റിലേയ്ക്കും ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥികളെ പഖ്യാപിച്ചിട്ടില്ല. 2019ൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുമ്പോൾ ജെഡിഎസ് ഏഴ് സീറ്റുകളിൽ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ജെഡിഎസിനെ സംബന്ധിച്ച് നിലനിൽപ്പിൻ്റെ പരീക്ഷണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

ബിജെപിക്കൊപ്പം ചേർന്നതോടെ ജെഡിഎസിൽ നിന്നും മതേതരവോട്ടുകൾ അകന്നതായി നിരീക്ഷണങ്ങളുണ്ട്. ശക്തികേന്ദ്രങ്ങളിൽ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടത് തന്നെയാണ് ജെഡിഎസിൻ്റ മുന്നിലുള്ള പ്രധാനവെല്ലുവിളി. അതിനാൽ തന്നെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ മാണ്ഡ്യയിലും ഹാസനിലും വിജയിക്കേണ്ടത് ജെഡിഎസിനെ സംബന്ധിച്ച് അനിവാര്യതയാണ്.

മാണ്ഡ്യ പരമ്പരാഗതമായി ജെഡിഎസിനും കോൺഗ്രസിനും സ്വാധീനമുള്ള മണ്ഡലമാണ്. ജെഡിഎസും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ച 2019 ൽ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഢയായിരുന്നു ഇവിടെ ജെഡിഎസ് സ്ഥാനാർത്ഥി. എന്നാൽ ബിജെപി പിന്തുണയിൽ മത്സരിച്ച അഭിനേത്രി സുമലത ഇവിടെ 1,25,876 വോട്ടിന് വിജയിച്ചിരുന്നു. ഇത്തവണ മാണ്ഡ്യ ജെഡിഎസിന് നൽകാൻ ബിജെപി തീരുമാനിച്ചതോടെ സുമലതയുടെ രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്. കോൺഗ്രസ് ഇവിടെ നിന്ന് സ്റ്റാർ ചന്ദ്രുവെന്ന വെങ്കട്ടരാമ ഗൗഢയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും ധനികനായ രണ്ടാമത്തെ എംഎൽഎയായ കെ എസ് പുട്ടുസ്വാമി കെ ഗൗഢയുടെ സഹോദരനാണ് സ്റ്റാർ ചന്ദ്രു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കെ എസ് പുട്ടുസ്വാമി ഗൗഢ ഇപ്പോൾ കോൺഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള കോൺഗ്രസിന്റെ ശക്തനായ നേതാവും മന്ത്രിയുമായ എൻ ചലുവരായ സ്വാമിയുടെ പിന്തുണയും സ്റ്റാർ ചന്ദ്രുവിനുണ്ട്. നേരത്തെ ജെഡിഎസ് നേതാവായിരുന്ന ചലുവരായ സ്വാമി മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നാഗമണ്ഡലയെന്ന ജെഡിഎസ് കോട്ടയിൽ നിന്നുള്ള എംഎൽഎയാണ്. സ്വതന്ത്രയായി മത്സരിച്ചാൽ ജയിക്കാനുള്ള സ്വാധീനശേഷി നിലവിൽ സുമലതക്കില്ലെന്നാണ് വിലയിരുത്തൽ. ബിജെപി-കോൺഗ്രസ് അസംതൃപ്ത വോട്ടുകൾ ലക്ഷ്യമിട്ട് സുമലത ഇവിടെ മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നിഖിൽ ഗൗഢ തന്നെയായിരിക്കും ജെഡിഎസ് സ്ഥാനാർത്ഥി. നിഖിൽ മത്സരിക്കാനില്ലെങ്കിൽ കുമാരസ്വാമിയോ ഭാര്യ അനിതാ കുമാരസ്വാമിയോ മത്സരത്തിന് ഇറങ്ങിയേക്കാം. ഹസനിൽ സിറ്റിങ്ങ് എം പിയും രേവണ്ണയുടെ മകനുമായ പ്രജ്ജ്വൽ രേവണ്ണ തന്നെയാവും മത്സരിക്കുക. പാർട്ടിയിൽ ദേവഗൗഢ കുടുംബാധിപത്യമാണ് എന്ന വിമർശനം മറികടക്കാൻ മാണ്ഡ്യയിൽ 2014ൽ എം പിയായിരുന്ന റ്റി എസ് പുട്ടരാജുവിനെ ജെഡിഎസ് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. നിലവില്‍ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജെഡിഎസിന്റെ കൈവശമുള്ളത്. ആറ് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ്ങ് സീറ്റുകളാണ്. മാണ്ഡ്യ പഴയത് പോലെ സുരക്ഷിതമല്ലാത്തതിനാൽ നിഖിലിനെ രംഗത്തിറക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ശക്തികേന്ദ്രമായ രാമനഗരയിൽ നിന്നും നിഖിൽ പരാജയപ്പെട്ടിരുന്നു.

ഹാസനും ജെഡിഎസ് ശക്തികേന്ദ്രമാണ്. 1991 മുതൽ 2014വരെയുള്ള കാലയളവിൽ 6 തവണ ദേവഗൗഢ പ്രതിനിധീകരിച്ച മണ്ഡലമാണ് ഹാസൻ. 1999ൽ മാത്രമാണ് ദേവഗൗഢയ്ക്കും ജെഡിഎസിനും ഇവിടെ കാലിടറിയത്. 2019ൽ ദേവഗൗഢയുടെ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം ജെഡിഎസിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. രണ്ടുവീതം മണ്ഡലങ്ങള്‍ ബിജെപിയുയെയും കോണ്‍ഗ്രസിന്റെയും കൈവശമാണ്. 2019ൽ ദേവഗൗഢയുടെ പൗത്രന്‍ പ്രജ്ജ്വൽ രേവണയാണ് ഇവിടെ വിജയിച്ചത്. ഇത്തവണയും സിറ്റിങ്ങ് സീറ്റിൽ അദ്ദേഹം തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. ബിജെപിയുടെ പിന്തുണകൂടി ലഭിക്കുന്നതോടെ ഹാസൻ നിലനിർത്താമെന്ന് തന്നെയാണ് ജെഡിഎസ് കണക്ക് കൂട്ടുന്നത്.

ജെഡിഎസിന് വാഗ്ദാനം ചെയ്തതായി കുമാരസ്വാമി പറയുന്ന കോലാറില്‍ ആകെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണം ജെഡിഎസിന്റെ കൈവശമാണ്. അഞ്ചെണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. ബിജെപിയുടെ പിന്തുണ കൂടിയുണ്ടെങ്കിൽ കോലാറിൽ വിജയിക്കാൻ കഴിയുമെന്നാണ് ജെഡിഎസ് കണക്കാക്കുന്നത്. 2019ൽ എസ് മുനിസ്വാമി 2,10,021 വോട്ടിന് വിജയിച്ച കോലാർ വിട്ടുകൊടുക്കുന്നതിൽ ബിജെപിക്കുള്ളിൽ കടുത്ത എതിർപ്പുണ്ട്. ചിക്ബെല്ലാപ്പൂരാണ് കോലാറിന് പകരം ബിജെപി ജെഡിഎസിന് വാഗ്ദാനം ചെയ്യുന്നത്. ചിക്ബെല്ലാപൂർ ആ നിലയിൽ ജെഡിഎസിൻ്റെ സ്വാധീനകേന്ദ്രമല്ല. 2014ൽ ഇവിടെ നിന്നും മത്സരിച്ച കുമാരസ്വാമി മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരുന്നു. 2019ൽ ബിജെപി ഇവിടെ 1,82,110 വോട്ടിന് വിജയിച്ചിരുന്നു. ജെഡിഎസ് മത്സരിക്കുന്നില്ലെങ്കിൽ മാണ്ഡ്യയിലെ സിറ്റിങ്ങ് എംപി സുമലതയെ ബിജെപി ഇവിടെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എച്ച്‌ഡി ദേവഗൗഡയുടെ മരുമകനും പ്രമുഖ കാർഡിയാക് സർജനുമായ ഡോ സി എൻ മഞ്ജുനാഥിനെ ബാഗ്ലൂർ റൂറൽ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും യാദൃശ്ചികമല്ല. നിലവിൽ ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ ചന്നപട്ടണ നിമയസഭാ മണ്ഡലം ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ സിറ്റിങ്ങ് സീറ്റാണ്. രാമനഗരയും കനകപുരയും ഉൾപ്പെടെയുള്ള ജെഡിഎസ് ശക്തികേന്ദ്രങ്ങളും ബാംഗ്ലൂർ റൂറലിൻ്റെ ഭാഗമാണ്. കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിൻ്റെ സഹോദരനും സിറ്റിങ്ങ് എംപിയുമായ ഡികെ സുരേഷാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com