Top

ലോക കേരളസഭ; ഒമാനിൽ നിന്ന് പ്രവാസി ​ഗാർഹിക തൊഴിലാളിയുൾപ്പെടെ അഞ്ച് പുതുമുഖങ്ങൾ

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ്‌ ലേക കേരള സഭ.

8 Jun 2022 10:28 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോക കേരളസഭ; ഒമാനിൽ നിന്ന് പ്രവാസി ​ഗാർഹിക തൊഴിലാളിയുൾപ്പെടെ അഞ്ച് പുതുമുഖങ്ങൾ
X

മസ്കറ്റ്: ലോക കേരളസഭയിലേക്ക് അം​ഗങ്ങളായി ഒമാനിൽ നിന്ന് പ്രവാസി ​ഗാർഹിക തൊഴിലാളിയുൾപ്പെടെ അഞ്ച് പുതുമുഖങ്ങളെ നോമിനേറ്റ് ചെയ്തു. ഒമാനിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തു വരുന്ന എറണാകുളം ചേരാനല്ലൂർ സ്വദേശിനി എലിസബത്ത് ജോസഫിനേയാണ് തിരഞ്ഞെടുത്തത്. 31വർഷമായി മസ്കത്തിൽ വീട്ടുജോലി ചെയ്തു വരികയാണ് എലിസബത്ത്.

ലോക കേരളാ സഭയിൽ ആദ്യമായിട്ടാണ് ഒരു ഗാർഹിക തൊഴിലാളിക്ക് അംഗത്വം ലഭിക്കുന്നത്. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് മുൻ ചെയർമാൻ വിൽസൺ ജോർജ്, പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, പവിത്രൻ കാരായി (സലാല), ഹേമ ഗംഗാധരൻ (സലാല) എന്നിവരാണ് മറ്റ് അം​ഗങ്ങൾ

മസ്കറ്റിലും സമീപ പ്രദേശങ്ങളിലും ഗാർഹിക തൊഴിലിനായി എത്തിപ്പെട്ട് പ്രതിസന്ധിയിലകപ്പെട്ട ധാരാളം വീട്ടു ജോലിക്കാരുടെ പ്രശ്‍നങ്ങൾ നേരിട്ട് മനസിലാക്കുവാൻ കഴിഞ്ഞിട്ടുള്ള തനിക്ക് ലോക കേരളാ സഭയിലെ അംഗത്വം ലഭിക്കുന്നത് മൂലം ക്രിയാത്മകമായി കൂടുതൽ ഇടപെടലുകൾ ചെയ്യുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഗാർഹിക തൊഴിൽ മേഖലയിൽ നിന്ന് ഒരാളെ ലോക കേരളാ സഭയിലേക്ക് നോമിനേറ്റ് ചെയ്തതിനും അതിന് തനിക്ക് അർഹത ലഭിച്ചതിനും കേരള സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നുവെന്നും എലിസബത്ത് പറഞ്ഞു.

ഇവർക്ക് പുറമെ നോർക വെൽഫെയർ ബോർഡ് ഡയറക്ടറും, മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി എം ജാബിർ, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. രത്‌ന കുമാർ, സാമൂഹ്യ പ്രവർത്തക ബിന്ദു പാറയിൽ എന്നിവരും ഒമാനിൽ നിന്നുമുള്ള ലോക കേരളാ സഭാ അംഗങ്ങളാണ്. ജൂൺ 17 മുതൽ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാമത് ലോക കേരളാ സഭയിൽ ഒമാനിൽ നിന്ന് 8 പേർ പങ്കെടുക്കും.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ്‌ ലേക കേരള സഭ. കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണെന്ന തിരിച്ചറിവാണ്‌ ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണയായത്. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ്‌ ലോക കേരള സഭയുടെ ലക്ഷ്യം.

STORY HIGHLIGHTS: Expatriate Domestic Worker From Oman Nominated to Loka Kerala Sabha


Next Story

Popular Stories