Top

'സന്തോഷവും അഭിമാനവും'; കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പഠനത്തിനായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വേദിയാകുന്നതില്‍ ചെന്നിത്തല

കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം നേതാക്കളെയും പ്രവര്‍ത്തകരേയും കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുന്നതിന് വേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വേദിയാകുന്നതില്‍ വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രമേശ് ചെന്നിത്തല

16 May 2022 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്തോഷവും അഭിമാനവും; കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പഠനത്തിനായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വേദിയാകുന്നതില്‍ ചെന്നിത്തല
X

ആലപ്പുഴ: കോണ്‍ഗ്രസ് ദേശീയ പരിശീലന കേന്ദ്രമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് തെരഞ്ഞെടുത്ത ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തെ സ്വാഗതം ചെയ്ത് ചെന്നിത്തല. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം നേതാക്കളെയും പ്രവര്‍ത്തകരേയും കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുന്നതിന് വേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വേദിയാകുന്നതില്‍ വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് താന്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയതിനേക്കുറിച്ചും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളേക്കുറിച്ചും കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



രമേശ് ചെന്നിത്തലയുടെ കുറിപ്പ്

ഇന്ത്യയെക്കുറിച്ച് രാജീവ് ഗാന്ധി കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഞാന്‍ കെപിസിസി പ്രസിഡന്റ് ആയിരിക്കവെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് തുടങ്ങാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി 2010-ല്‍ നെയ്യാര്‍ ഡാമിനു സമീപം അഞ്ചേക്കര്‍ സ്ഥലം വാങ്ങി. ആ വര്‍ഷം തന്നെ എ കെ ആന്റണി പഠനകേന്ദ്രത്തിന്റെ തറക്കല്ലിട്ടു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് റൂമുകളും സെമിനാര്‍ ഹാളുമടക്കം അന്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം 2013-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെക്കുറിച്ച് പഠിക്കുക, ചര്‍ച്ച ചെയ്യുക, ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു തുടക്കം. മുന്‍ ഡയറക്ടര്‍മാരായ പ്രൊഫ. ജി ബാലചന്ദ്രന്‍, ഹിദുര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഫലപ്രദമായി ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായി കേരളം എങ്ങനെയാവണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 'പ്രതീക്ഷ-2030' എന്ന പേരില്‍ ഒരു വികസന സമ്മിറ്റ് നടത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ പങ്കെടുത്തു. അതില്‍ കേരളത്തിന്റെ അടുത്ത 30 വര്‍ഷത്തെ വികസനം എങ്ങനെയാവണം എന്നതിനെക്കുറിച്ച് ഒരു വികസനരേഖയും അവതരിപ്പിക്കാന്‍ കഴിഞ്ഞു.കൂടാതെ നിരവധി കേന്ദ്ര-സംസ്ഥാന പ്രൊജക്റ്റുകള്‍ ഏറ്റെടുത്ത് നടപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.


മുന്‍കാലങ്ങളില്‍ കേരളം പ്രതിസന്ധിയിലാണ്ട് പോയ പ്രളയ, കോവിഡ് കാലങ്ങളിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഫലപ്രദമായി ഇടപെട്ടു. പ്രളയത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഒരു കോണ്‍ക്ലേവ് നടത്തുകയും തുടര്‍ന്ന് ഒരു പദ്ധതിയുണ്ടാക്കി അത് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമുണ്ടായ കോവിഡ് മഹാമാരിയുടെ പ്രതിഫലനം കേരളത്തില്‍ എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി ഒരു പഠനം നടത്തുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. കൂടാതെ കോവിഡ് സെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് നൂറുകണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കാനും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന് കഴിഞ്ഞു.

ഇങ്ങനെ കേരളത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വികസനത്തെക്കുറിച്ച് ഗവേഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി രൂപീകരിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന് ലഭിച്ച അംഗീകാരമായി ഈ തീരുമാനത്തെ കാണുന്നു. ഇപ്പോഴത്തെ ഡയറക്ടര്‍ ബി.എസ് ഷിജുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്.

Next Story