Top

'ഒരു തരത്തിലും ആ പദം ഉപയോഗിക്കാന്‍ പാടില്ല'; പാലാ ബിഷപ്പിനെതിരെ വീണ്ടും കടുപ്പിച്ച് മുഖ്യമന്ത്രി

ഊഹാപോഹങ്ങളുടെ പേരില്‍ തെറ്റിദ്ധാരണയുണ്ടായാല്‍ സമൂഹത്തെ ബാധിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് കടക്കരുത്. തെറ്റിദ്ധാരണ പരത്താന്‍ ഈ നാടിനെ ഉപയോഗിക്കരുത്.

21 Sep 2021 4:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു തരത്തിലും ആ പദം ഉപയോഗിക്കാന്‍ പാടില്ല; പാലാ ബിഷപ്പിനെതിരെ വീണ്ടും കടുപ്പിച്ച് മുഖ്യമന്ത്രി
X

നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും ആ പദം ഉപയോഗിക്കാന്‍ പാടില്ലെന്ന് പിണറായി വ്യക്തമാക്കി. വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അടുത്ത നാളില്‍ ചില തെറ്റായ നീക്കങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ നീക്കം ആര്‍ക്ക് ഗുണം ചെയ്യുന്നതെന്ന് മത നിരപേക്ഷ ചിന്താഗതിക്കാര്‍ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഊഹാപോഹങ്ങളുടെ പേരില്‍ തെറ്റിദ്ധാരണയുണ്ടായാല്‍ സമൂഹത്തെ ബാധിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് കടക്കരുത്. തെറ്റിദ്ധാരണ പരത്താന്‍ ഈ നാടിനെ ഉപയോഗിക്കരുത്. ചില തെറ്റിദ്ധാരണകള്‍ കൃത്യമായി വിലയിരുത്തുമ്പോഴാണ് ശരിയായ ധാരണയിലെത്തുക. ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളം. മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരു സന്ദേശം നെഞ്ചിലേറ്റിയവരാണ് കേരളീയരെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. നാര്‍ക്കോട്ടിക് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കും, എന്നാല്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഉന്നത സ്ഥാനത്തുള്ളവര്‍ നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ്. നാടിനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഗ്ഗീയ ചിന്താഗതിക്കാര്‍ നടത്തിയിട്ടുണ്ട്. വര്‍ഗ്ഗീയ സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. നാടിനെ വര്‍ഗ്ഗീയമായി ചേരിതിരിക്കാന്‍ പുറപ്പെടുന്നവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നേരത്തെയും വിഷയത്തില്‍ സമാന പ്രതികരണം പിണറായി നടത്തിയിരുന്നു, സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണമെന്നാണ് സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കും. സ്‌നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയൂ. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുത്. അന്ധകാരത്തെ അന്ധകാരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. അന്ധകാരത്തെ ഇല്ലാതാക്കാന്‍ വെളിച്ചത്തിനെ കഴിയു. ഇത് പൊതുസമൂഹം മനസിലുറപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Popular Stories

    Next Story